scorecardresearch

ഓസ്‌കാര്‍ വേദിയോളമെത്തിയ ആ സംഗീതം തുടങ്ങിയത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴീല്‍

പതിനൊന്നാം വയസ്സിലാണ് റഹ്മാൻ അർജുനൻ മാസ്റ്റർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്

പതിനൊന്നാം വയസ്സിലാണ് റഹ്മാൻ അർജുനൻ മാസ്റ്റർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്

author-image
WebDesk
New Update
ഓസ്‌കാര്‍ വേദിയോളമെത്തിയ ആ സംഗീതം തുടങ്ങിയത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴീല്‍

കസ്തൂരി മണമുള്ള പാട്ടുകൾ മലയാളത്തിനു സമ്മാനിച്ച സംഗീത കുലപതി അർജുനൻ മാസ്റ്ററുടെ വിയോഗവാർത്തയാണ് ഇന്ന് കേരളക്കരയെ വിളിച്ചുണർത്തിയത്. പാടാത്ത വീണയെ വരെ പാടാൻ മോഹിപ്പിക്കുന്ന മധുര ഗാനങ്ങളാണ് അർജുനൻ മാസ്റ്റർ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. ഒപ്പം, ഇന്ത്യയുടെ തന്നെ അഭിമാനമായ, ലോകം 'മൊസാര്‍ട്ട് ഓഫ് മദ്രാസ്‌' എന്ന് വിളിച്ചാദരിക്കുന്ന എ ആര്‍ റഹ്മാനെ തുടക്കക്കാലത്ത് കൈപിടിച്ചു നടത്തുക എന്ന നിയോഗവും കാലം അർജുനൻ മാസ്റ്ററെ ഏൽപ്പിച്ചിരുന്നു.

Advertisment

റഹ്മാന്റെ സംഗീത സപര്യ ആരംഭിക്കുന്നത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴിലാണ്. റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖര്‍ അർജുനൻ മാസ്റ്ററുടെ അടുത്ത സുഹൃത്തായിരുന്നു. അർജുനൻ മാസ്റ്ററും ആർ കെ ശേഖറും തമ്മിലുണ്ടായിരുന്ന ആ സൗഹൃദം തന്നെയാണ് പിതാവിന്റെ മരണശേഷം റഹ്മാനെ മാസ്റ്റർക്ക് അരികിൽ എത്തിച്ചതും. പതിനൊന്നാം വയസ്സിലാണ് റഹ്മാൻ മാസ്റ്റർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് റഹ്മാൻ ആയിട്ടില്ല, എ എസ് ദിലീപ് കുമാർ എന്നായിരുന്നു ആ ബാലന്റെ പേര്.

1968-ല്‍ സിനിമയിലെത്തിയതിനു ശേഷമാണ് മാസ്റ്റര്‍, റഹ്മാന്റെ പിതാവ് ശേഖറിനെ പരിചയപ്പെടുന്നത്. സിനിമാ പാട്ടുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്താന്‍ മാസ്റ്റർ ശേഖറിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവിടെ വച്ച് കുട്ടിയായിരുന്ന എ ആര്‍ റഹ്മാനെ കാണുമായിരുന്നെന്നും തങ്ങൾ സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ അത് ശ്രദ്ധിച്ചു കൊണ്ട് റഹ്മാന്‍ അവിടെ വന്നിരിക്കാറുണ്ടായിരുന്നത് ഓർക്കുന്നുവെന്നും ഒരു അഭിമുഖത്തില്‍ അർജുനൻ മാസ്റ്റർ പറഞ്ഞിരുന്നു. ശേഖറിന്റെ മരണശേഷം റഹ്മാന്റെ അമ്മ മാസ്റ്ററിനെ വിളിച്ച് ഇയാളെ സ്റ്റുഡിയോയില്‍ കൊണ്ടുപോയി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റഹ്മാൻ മാസ്റ്റർക്ക് അരികിലെത്തിയത്.

മാസ്റ്റര്‍ക്കൊപ്പം ധാരാളം സിനിമകളില്‍ റഹ്മാന്‍ കീ ബോര്‍ഡ് വായിച്ചിട്ടുണ്ട്. 1981-ല്‍ അർജുനൻ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അടിമച്ചങ്ങല' എന്ന ചിത്രത്തിലാണ് റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിക്കുന്നത്. കൊച്ചിന്‍ ഹനീഫ തിരക്കഥ എഴുതി എ ബി രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേംനസീറും ഷീലയുമായിരുന്നു നായികാനായകന്മാർ. ആര്‍ കെ ദാമോദരൻ എഴുതിയ വരികള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നപ്പോൾ കെ ജെ യേശുദാസും എസ് ജാനകിയും തങ്ങളുടെ അനുഗ്രഹീതശബ്ദത്താൽ ആ പാട്ടുകൾക്ക് ജീവൻ പകർന്നു.

Advertisment

Read Also: അനുഗ്രഹപൂർവ്വമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്; അർജുനൻ മാഷിനെ ഓർത്ത് ബിജിബാൽ

ദിലീപ് കുമാറെന്ന ആ യുവാവ് ചെയ്ത ഒരു ജിംഗിള്‍ കേട്ടാണ് മണിരത്‌നം 'റോജാ' എന്ന ചിത്രത്തിന്റെ സംഗീതം ചെയ്യാൻ വിളിക്കുന്നത്. എ എസ് ദിലീപ് കുമാർ പിന്നീട് എ ആര്‍ റഹ്മാൻ എന്ന പേരിൽ ഖ്യാതി നേടി. അർജുനൻ മാസ്റ്ററുടെ കീഴില്‍ നിന്നും തുടങ്ങിയ റഹ്മാന്റെ സംഗീതസപര്യ പിന്നിട്  ഓസ്‌കാര്‍ വേദിയോളം ചെന്നെത്തി.

എ ആര്‍ റഹ്മാന്റെ വളര്‍ച്ചയ്ക്ക് കാരണം അദ്ദേഹത്തിന്റെ പ്രയത്‌നം തന്നെയാണെന്നാണ് അര്‍ജുനന്‍ മാസ്റ്റര്‍ അടുത്തിടെ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. "റഹ്മാന്‍ രണ്ടോ മൂന്നോ ആഴ്ച കൊണ്ട് ഒരു പാട്ടിന് സംഗീതം നല്‍കാറില്ല. ഒരു പാട്ടെടുത്താല്‍ അദ്ദേഹത്തിനു തൃപ്തി വരുന്നതു വരെ ചെയ്യും. ചിലപ്പോൾ അത് വര്‍ഷങ്ങളെടുക്കും. ഇന്‍സ്ട്രുമെന്റില്‍ ചെയ്യുന്ന സൗണ്ട്‌സ് പ്രത്യേകമാണ്. ആ പ്രത്യേകത തന്നെയാണ് റഹ്മാന്റെ വിജയം."

ശേഖറിന്റെ മരണശേഷവും റഹ്മാന്റെ കുടുംബവുമായുള്ള അടുപ്പം അർജുനൻ മാസ്റ്റർ തുടർന്നു. മദ്രാസ് യാത്രകളിൽ പലപ്പോഴും റഹ്മാന്റെ വീട്ടിലെ അതിഥിയാവാൻ അർജുനൻ മാസ്റ്റർ സമയം കണ്ടെത്തിയിരുന്നു. അതേ സ്നേഹം തിരിച്ച് അർജുനൻ മാസ്റ്ററുടെ കുടുംബത്തോട് റഹ്മാനും ഉണ്ടായിരുന്നു. മാസ്റ്ററുടെ മകൻ തിരുവനന്തപുരത്ത് സ്റ്റുഡിയോ ആരംഭിച്ചപ്പോൾ പൂർണപിന്തുണയും സഹായഹസ്തവുമായി റഹ്മാനും കൂടെയുണ്ടായിരുന്നു.

ഒരു ഏപ്രിൽ പകലിന്റെ നഷ്ടമായി മാസ്റ്റർ അരങ്ങൊഴിയുമ്പോൾ അദ്ദേഹം ബാക്കിവച്ച അറുന്നൂറിലേറെ മധുരഗാനങ്ങൾക്കൊപ്പം തന്നെ സംഗീതലോകം അർജുനൻ മാസ്റ്ററെന്ന ഗുരുവിനും നന്ദി പറയും. കാരണം, ഒമ്പതാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട, കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ഒരു കുട്ടിയ്ക്ക് ദിശാബോധം കാണിക്കാനും സിനിമയുടെയും സംഗീതത്തിന്റെയും വലിയ ലോകം കാണിച്ചുകൊടുക്കാനും കൈപ്പിടിച്ചു നടത്താനുമൊക്കെ അർജുനൻ മാസ്റ്റർ ഒട്ടും മടിച്ചില്ല. മാസ്റ്റർ അന്ന് കാണിച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും കൂടെ ആകെത്തുകയാണ് ഇന്ന് ലോകം കാണുന്ന എ ആർ റഹ്മാൻ എന്ന സംഗീതപ്രതിഭ.

Music A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: