ഇന്ന് പുലർച്ചെ അന്തരിച്ച മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എംകെ അർജുനനെ അനുസ്മരിച്ച് ബിജിബാൽ. “വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂർവ്വമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാൾ. അത്ര തന്നെ മൃദു ആയൊരാൾ. ചമ്പകത്തെകൾ പൂത്ത പോലെ സുന്ദരമായൊരാൾ. പ്രിയപ്പെട്ട അർജ്ജുനൻ മാസ്റ്റർ,” ബിജി ബാൽ കുറിക്കുന്നു.
ഇന്ന് പുലർച്ചെ 3.30ന് കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ ആയിരുന്നു അർജുനൻ മാഷിന്റെ അന്ത്യം.
നിത്യഹരിതമായ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അർജുനൻ മാസ്റ്റർ 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ മേഖലയിൽ തന്റെ സ്ഥാനമുറപ്പിക്കുന്നത്. നാടക ഗാനങ്ങളിലൂടെയായിരുന്നു സിനിമ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ഇരുന്നൂറോളം സിനിമകളിലായി അറുന്നൂറിലധികം പാട്ടുകൾ അദ്ദേഹം ചിട്ടപ്പെടുത്തി.
2017 ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘എന്നെ നോക്കി’ എന്ന ഗാനത്തിനായിരുന്നു സംസ്ഥാന പുരസ്കാരം.
ഓസ്കർ വേദിയിൽ വരെ തിളങ്ങിയ എആർ റഹ്മാന്റെ തുടക്കവും അർജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് കീബോർഡ് വായിച്ചുകൊണ്ടായിരുന്നു എആർ റഹ്മാൻ സിനിമ സംഗീതത്തിലേക്ക് എത്തുന്നത്. ശ്രീകുമാരൻ തമ്പിക്കൊപ്പം ചേർന്ന് അർജുനൻ മാസ്റ്റർ ഒരുക്കിയ ഗാനങ്ങൾ മലയാളി മനസുകളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നതാണ്. വയലാർ, പി.ഭാസ്കരൻ, ഒഎൻവി എന്നിവരുടെ വരികൾക്കും അദ്ദേഹം ഈണം നൽകിയിട്ടുണ്ട്.