/indian-express-malayalam/media/media_files/uploads/2020/03/mammootty-mohanlal-manju-warrier.jpg)
എല്ലാ അടിയന്തിര അവസ്ഥകളിലും ഇൻഫർമേഷൻ ബ്യൂറോകളായി മാറുന്ന ഇടമാണ് നമ്മുടെ സെലബ്രിറ്റികളുടെ സോഷ്യൽ മീഡിയ പേജുകൾ. നിപ്പക്കാലത്തും പ്രളയകാലത്തുമെല്ലാം ശരിയായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനും ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമാവാനും താരങ്ങളെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. കൊറോണകാലത്തും സ്ഥിതി മറ്റൊന്നല്ല, സർക്കാരിനൊപ്പം ചേർന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ,മഞ്ജുവാര്യർ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ കൊറോണ പ്രതിരോധശ്രമങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നത്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സർക്കാർ തുടക്കം കുറിച്ച കാമ്പയിനാണ് ബ്രേക്ക് ദ ചെയിന്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. മികച്ച പിന്തുണയാണ് ഈ കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയവയാണ് വൈറസ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. ഫലപ്രദമായി കൈ കഴുകുക എന്നതാണ് ഇതിൽ പ്രധാനം. ഇക്കാര്യം ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. #breakthechain എന്ന ഹാഷ് ടാഗോടു കൂടിയാണ് പ്രതിരോധ മാർഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.