/indian-express-malayalam/media/media_files/uploads/2018/07/Tabu-Featured.jpg)
Bollywood Actor Tabu
രാജ്യത്തെ മികച്ച നടിമാരില്‍ ഒരാളാണ് തബസ്സും ഹഷ്‌മി എന്ന തബു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള ഈ അഭിനേത്രി ആറു ഫിലിംഫെയര്‍ അവാര്‍ഡുകളും മറ്റനേകം ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
2011ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഈ നടിയുടെ ചിത്രങ്ങളുടെ റിട്രോസ്‌പെക്റ്റിവ് ഡല്‍ഹിയില്‍ നടക്കുന്ന ജാഗരണ്‍ ചലച്ചിത്രോത്സവത്തില്‍ നടക്കുകയാണ്. അതുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയിലാണ് തന്റെ സിനിമാ-സ്വകാര്യ ജീവിതങ്ങളെക്കുറിച്ച് തബു മനസ്സു തുറന്നത്.
റിട്രോസ്‌പെക്റ്റിവിലെ ഉദ്ഘാടന ചിത്രമായിരുന്നു മീരാ നായര്‍ സംവിധാനം ചെയ്‌ത 'ദി നെയിംസേക്ക്'. ജുംപ ലഹിരിയുടെ പുസ്‌തകത്തിന്റെ സിനിമാ പകര്‍പ്പില്‍ ഇര്‍ഫാന്‍ ഖാനും തബുവുമാണ് നായികാ നായകന്മാര്‍. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന ഒരു ബംഗാളി കുടുംബത്തിന്റെ രണ്ടു തലമുറകളിലൂടെയാണ് കഥ വികസിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി 'ദി നെയിംസേക്കി'നെ വിശേഷിപ്പിച്ചു കൊണ്ട് തബു പറഞ്ഞതിങ്ങനെ.
"ഞാന്‍ ആ പുസ്‌തകം നേരത്തെ വായിച്ചിട്ടുണ്ട്. അതുകൊണ്ട് മീരാ നായര്‍ വിളിച്ചപ്പോള്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ആര്‍ക്കും എളുപ്പം മനസ്സിലാവുന്ന, ഐഡന്‍ടിഫൈ ചെയ്യാന്‍ സാധിക്കുന്ന ഒരു കഥാപാത്രമാണ് ഇതിലെ ആഷിമ. വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് ഇതെനിക്ക്. എന്റെ കരിയര്‍ തന്നെ 'ദി നെയിംസേക്കി'ന് മുന്‍പും അതിനു ശേഷവും എന്ന് പകുത്ത് കാണാവുന്നതാണ്.", 46 വയസ്സുള്ള തബു പറഞ്ഞു.
'മക്ബൂല്‍', 'ചാന്ദ്നി ബാര്‍', 'ചീനി കം', 'ഹൈദര്‍' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള തബു അഭിനയ ജീവിതത്തിന്റെ തിരക്കുകളിലാണ് എന്നും. "വിവാഹത്തെക്കുറിച്ച് മറന്നു പോയോ?" എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് തബു രസകരമായി രീതിയിലാണ് മറുപടി പറഞ്ഞത്.
"സിംഗിള്‍ ആണോ താങ്കള്‍?" എന്ന ചോദ്യത്തിന് "അതെ"യെന്നും "സിംഗിള്‍ ആവാനുള്ള ആ തീരുമാനത്തില്‍ ഓരോ നിമിഷവും സന്തോഷിക്കുന്നു" എന്നും തബു വെളിപ്പെടുത്തി.
"ഇതിന്റെ മറ്റേ വശം എനിക്കറിയില്ലല്ലോ. അതറിയാതെ എങ്ങനെ പറയും?, ഒറ്റയ്‌ക്ക് ജീവിക്കുന്നതാണോ വിവാഹം കഴിച്ചു ജീവിക്കുന്നതാണോ നല്ലത് എന്ന്. ഞാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് അത് നല്ലതാണോ മോശമാണോ എന്ന് പറയാന്‍ എനിക്കാവില്ല.", തബു കൂട്ടിച്ചേര്‍ത്തു.
"വിവാഹം കഴിക്കാത്തതില്‍ പാശ്ചാത്താപമുണ്ടോ?" എന്ന ചോദ്യത്തിന് ഒരു ചെറിയ മൗനത്തിനു ശേഷം ചിരിച്ചു കൊണ്ട് തബു പറഞ്ഞു, "ഈ നിമിഷം വരെ ഇല്ല".
"ഇനി എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ?" എന്ന ചോദ്യത്തിന്, "ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കും 'ഇല്ല' എന്ന് എനിക്കുത്തരം പറയാന്‍ സാധിക്കുകയുള്ളൂ", എന്നും അവര്‍ പറഞ്ഞു.
1982 ല്‍ 'ബസാര്‍' എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തബു പ്രിയദര്‍ശന്റെ 'കാലാപാനി' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായിട്ടാണ് മലയാളത്തില്‍ എത്തുന്നത്. പിന്നീട് ജി എസ്‌വിജയന്‍ സംവിധാനം ചെയ്‌ത 'കവര്‍ സ്റ്റോറി' എന്ന ചിത്രത്തിലും പ്രിയദര്‍ശന്റെ 'രാക്കിളിപ്പാട്ട്', സന്തോഷ് ശിവന്റെ 'ഉറുമി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ 'ഇരുവര്‍', രാജീവ് മേനോന്റെ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍', കതിര്‍ സംവിധാനം ചെയ്‌ത 'കാതല്‍ ദേശം' എന്നിവയാണ് തമിഴിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Read More: മലയാളത്തിലേക്ക് ഡോള്‍ബി എത്തിച്ച 'കാലാപാനി'
1998ല്‍ 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ രാജസ്ഥാനിലെ കണ്‍കാണി എന്ന ഗ്രാമത്തില്‍ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍, സെയ്‌ഫ് അലി ഖാന്‍, സോണാലി ബെന്ദ്രേ, നീലം കോത്താരി എന്നിവര്‍ക്കൊപ്പം കുറ്റം ചുമത്തപ്പെട്ടവരായിരുന്നു തബുവും. പത്തു വര്‍ഷത്തിന് ശേഷം സല്‍മാന്‍ ഖാന്‍ ഒഴികെ ബാക്കി എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. കൃഷ്‌ണ മൃഗത്തെ ദൈവമായി കണക്കാക്കുന്ന ബിശ്‌നോയ് വംശജരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.