ചിത്രങ്ങള്‍ വെറും ചിത്രങ്ങളല്ല, ചില ഓര്‍മപ്പെടുത്തലുകളാണ്. കാലത്തെ അടയാളപ്പെടുത്തലാണ്. അങ്ങനെയൊരു ചിത്രമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ സന്തോഷ് ശിവന് കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററില്‍ പങ്കു വച്ചത്. ‘കാലാപാനി’ എന്ന സിനിമയുടെ ചിത്രീകരണ ദിവസങ്ങളിലൊന്നില്‍ സംവിധായകന് പ്രിയദര്‍ശനും ചിത്രത്തിലെ താരങ്ങളായ മോഹന്‍ലാല്‍, പ്രഭു എന്നിവര്‍ക്കുമൊപ്പമുള്ള ഒരു പഴയ കാല ചിത്രം.
Read More: മോഹന്‍ലാലും തബുവും പിന്നെ കുറച്ചു നൊസ്റ്റാള്‍ജിയും: ‘കാലാപാനി’യിലെ ഡിലീറ്റ് ചെയ്ത ഗാനരംഗം
പ്രിയദര്ശന് കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘കാലാപാനി’ക്ക് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ‘കാലാപാനി’ എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
വലിയ പ്രതീക്ഷയോടെ എത്തിയ ബിഗ് ബജറ്റ് ചിത്രം. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ട് തന്നെയായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. ഈ ചിത്രത്തിനു പുറകില്‍ പ്രിയദര്‍ശന്റെ രണ്ടു വര്‍ഷത്തെ പ്രയത്നമായിരുന്നു. അണിയറയില്‍ അമിതാഭ് ബച്ചന് (വിതരണം), ഇളയരാജ (സംഗീതം), സന്തോഷ് ശിവന് (ഛായാഗ്രഹണം), പ്രണവം ആര്‍ട്സ് (നിര്‍മാണം) അങ്ങനെ വലിയ പേരുകള്‍.
ബോക്സ് ഓഫീസില്‍ ചിത്രം അര്‍ഹിച്ച വിജയം നേടിയില്ലെങ്കിലും മികച്ച ഛായാഗ്രഹണം (സന്തോഷ് ശിവന്), കലാസംവിധാനം(സാബു സിറിള്‍), സ്പെഷ്യല്‍ ഇഫക്ട്സ് (എസ്.ടി വെങ്കിടി) എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. കൂടാതെ മികച്ച രണ്ടാമത്തെചലച്ചിത്രം മോഹന്‍ലാല്‍ (നിര്‍മ്മാണം), പ്രിയദര്ശന് (സംവിധാനം)], മികച്ച അഭിനേതാവ് (മോഹന്‍ലാല്‍), മികച്ച കലാസംവിധാനം (സാബു സിറിള്‍), മികച്ച സംഗീത സംവിധായകന് (ഇളയരാജ), മികച്ച പ്രോസസിങ്ങ് ലാബ് – (ജെമിനി കളര്‍ ലാബ്), മികച്ച വസ്ത്രാലങ്കാരം (സജിന്‍ രാഘവന്) എന്നിങ്ങനെ ആറ് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങളും സ്വന്തമാക്കി.
ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അംരീഷ് പുരി, ശ്രീനിാസന്, തബു, നെടുമുടി വേണു, വിനീത് എന്നിവരാണ്. അക്കാലത്ത് ചിത്രത്തിന്റെ പോസ്റ്ററുകളില്‍ പ്രധാനമായി പ്രത്യക്ഷപ്പെട്ടിരുന്നത് മോഹന്‍ലാല്‍ അംരീഷ് പുരിയുടെ ഷൂസ് തന്റെ നാവുകൊണ്ട് തുടച്ചു കൊടുക്കുന്ന രംഗമായിരുന്നു.
സിഎന്‍എന്‍ ഐബിഎന്‍ മോഹന്‍ലാലുമായി നടത്തിയ ഒരഭിമുഖത്തില്‍ ഈ രംഗത്തെക്കുറിച്ച് എടുത്തു ചോദിച്ചു, “അത് നിങ്ങള്‍ ശരിക്കും ചെയ്തതാണോ?” എന്ന്. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
“അതെ, ഞാന്‍ ശരിക്കും ചെയ്തതാണ്. ചിത്രീകരണ സമയത്ത് ‘സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍’ എന്ന് കേള്‍ക്കുന്ന നിമിഷം ഒരു അദൃശ്യ ശക്തി എന്നില്‍ പ്രവേശിക്കും. പിന്നീട് നടക്കുന്നതൊക്കെ ചെയ്യുന്നത് ഞാനല്ലാത്ത മറ്റാരോ ആണ്.”
തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്രയെന്ന് മോഹന്‍ലാല്‍ വിശേഷിപ്പിച്ചതും ‘കാലാപാനി’ക്കായി ആന്ഡമാനിലേക്കു നടത്തിയ യാത്രയെക്കുറിച്ചായിരുന്നു.
“ഏഴു മണിക്കൂറോളം കടലിലൂടെയും പിന്നീട് പത്തു കിലോമീറ്റര്‍ കരയിലൂടെയും നടത്തിയ യാത്ര. ലോകത്തിലെ ഏറ്റവും ചെറിയ ഗോത്ര വര്‍ഗത്തെ കാണാനായിരുന്നു അത്. ആദിമരായ 253 ഗോത്രവര്ഗത്തിനൊപ്പം സമയം ചെലവഴിക്കുക എന്നത് എത്ര ആവേശകരവും കൗതുകകരവുമാണെന്നോ… അവര്‍ക്കൊപ്പം അഭിനയിക്കുക… ഈ കൂട്ടത്തിലെ ഒരു സ്ത്രീയായ കാക എന്റെ മുഖത്ത് ഇടിക്കുന്ന ഒരു രംഗം ചിത്രീകരിക്കണമായിരുന്നു. മുമ്പ് അഭിനയിച്ച് പരിചയമൊന്നുമില്ല കാകയ്ക്ക്. വളരെ ശക്തമായാണ് അവരെന്നെ ഇടിച്ചത്,” മോഹന്‍ലാല്‍ വെളിപ്പെടുത്തി.
ചിത്രത്തിലുടനീളം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ സ്വന്തം ഭാഷയാണ് സംസാരിച്ചതെന്ന് ഒരിക്കല്‍ പ്രിയദര്ശന് പറയുകയുണ്ടായി.
“ആന്‍ഡമാനിലെ ഗോത്ര ഭാഷയായി ഓങി ഉള്‍പ്പെടെ ഏഴില്‍ അധികം ഭാഷകള്‍ ഈ ചിത്രത്തിലുള്ളവര്‍ സംസാരിക്കുന്നുണ്ട്. വോയ്സ് ഓവറുകളും സബ്ടൈറ്റില്‍സും ഇതോടൊപ്പം ഉണ്ട്,”ചിത്രത്തിന്റെ റിലീസ് സമയത്ത് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയദര്ശന് പറഞ്ഞതു ഇങ്ങനെ.
ഹോളിവുഡ്, ഫ്രഞ്ച് ക്ലാസിക് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചപ്പോഴും ചിത്രം രണ്ടരക്കോടി രൂപ ബഡ്ജറ്റില്‍ ഒതുക്കാന്‍ പ്രിയദര്ശന് സാധിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളം, മദ്രാസ് എന്നിവിടങ്ങളിലായി 72 ദിവസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നാലു മാസത്തിലധികം സമയമെടുത്തു, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കാന്‍.
16 ദിവസംകൊണ്ടാണ് ഇളയരാജ കാലാപാനിക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. സൗണ്ട് ഡിസൈനിങിനും മിക്സിങ്ങിനുമായി 90 ദിവസത്തെ സമയമാണ് ദീപന് ചാറ്റര്‍ജി എടുത്തത്. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ ചിത്രമാണ് ‘കാലാപാനി’. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബെംഗാളി, ജെര്‍മന്‍ ഭാഷകളെല്ലാം ‘കാലാപാനി’യില്‍ ഉപയോഗിച്ചിരുന്നു.
22 വര്‍ഷങ്ങള്‍ക്കു ശേഷം ‘കാലാപാനി’ ടീം വീണ്ടും ഒന്നിക്കുകയാണ് ‘മരക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ. കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നാലാം മരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. നൂറു കോടി ബഡ്ജറ്റിലാണ് ‘കുഞ്ഞാലി മരയ്ക്കാര്‍’ ഒരുങ്ങുന്നത്. ഒന്നാം മരയ്ക്കാരാകുന്നത് മധുവാണ്. പ്രഭുവും പ്രധാന വേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങള്‍ക്കു ശേഷം ‘കാലാപാനി’ ടീം ഒന്നിക്കുമ്പോള്‍ സന്തോഷ് ശിവന് ഈ കൂട്ടത്തില്‍ ഉണ്ടാകില്ല എന്നതാണ് മറ്റൊരു കാര്യം. കാരണം സന്തോഷ് ശിവന് തന്റെ സ്വന്തം മരക്കാരുമായി തിരക്കിലാണ്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതം പറയുന്ന മറ്റൊരു ചിത്രമാണ് സന്തോഷ് ശിവന് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.