scorecardresearch

ആ കണ്ണിൽ നിറഞ്ഞു കണ്ട ഒരു തുള്ളി കണ്ണീരാണ് എന്നിലെ കലാകാരിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം: ശോഭന

'നൃത്തം ചെയ്തു ഞാൻ താഴേക്ക് ഇറങ്ങി വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് എന്റെ മൂർദ്ധാവിൽ ചുംബിച്ചു...' കലാജീവിതം സാർത്ഥകമായ നിമിഷത്തെക്കുറിച്ച് ശോഭന

'നൃത്തം ചെയ്തു ഞാൻ താഴേക്ക് ഇറങ്ങി വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് എന്റെ മൂർദ്ധാവിൽ ചുംബിച്ചു...' കലാജീവിതം സാർത്ഥകമായ നിമിഷത്തെക്കുറിച്ച് ശോഭന

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sobhana, Sobhana dance, Sobhana daughter, shobhana news, shobhana dance video, mrinalini sarabhai

താഴെ നിന്ന് നോക്കിയാൽ ഗാലറികൾ പോലെ തോന്നാവുന്ന പടികളുണ്ട്. പിൻകർട്ടനു പകരം സബർമതീ നദി ഒഴുകുന്നു എന്ന് പറയാവുന്ന തരത്തിൽ താഴെയാണ് രംഗവേദി.

അനേകം നൃത്ത വേദികളെ ധന്യമാക്കിയ കലാകാരിയാണ് ശോഭന. മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിയും കൂടിയായ ശോഭന അഭിനയത്തെ രണ്ടാം പ്രയോറിറ്റി ആക്കി നൃത്തത്തിലേക്ക് സ്വയം സമർപ്പിച്ചിട്ട് വര്ഷങ്ങളായി. ചെന്നൈയിൽ 'കലർപ്പണ' എന്ന നൃത്തവിദ്യാലയം നടത്തി വരുന്ന ശോഭന, ലോകമെമ്പാടും യാത്ര ചെയ്ത് നൃത്തപരിപാടികളും അവതരിപ്പിച്ചു വരുന്നു.

Advertisment

തന്റെ 'കലാജീവിതം സാർത്ഥകമായ നിമിഷം' എന്ന് ശോഭന വിശേഷിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് 'സ്‌മൃതി' എന്ന പംക്തിയിൽ മണ്മറഞ്ഞ തിരക്കഥാകൃത്ത് ജോൺ പോൾ സംസാരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ മണ്ണിൽ, സബർമതിയുടെ തീരത്ത്, വിഖ്യാത നർത്തകി മൃണാളിനി സാരാഭായുടെ സാന്നിധ്യത്തിൽ നൃത്തം ചെയ്തതിനെ കുറിച്ചാണ് ശോഭന പറഞ്ഞത്. ശോഭനയുടെ അനുഭവത്തെ വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് ജോൺ പോൾ വിവരിക്കുന്നത് ഇങ്ങനെ.

'ദർപ്പണയിലെ (മൃണാളിനി സാരാഭായ് അഹമ്മദാബാദിൽ തൂടങ്ങിയ നൃത്തവിദ്യാലയം) പെർഫോമിംഗ് സ്റ്റേജ്, രംഗാവിഷ്കാരങ്ങൾ നടക്കുന്ന സ്റ്റേജ് എന്ന് പറയുന്നത്, ഒരു പ്രത്യേക രീതിയിലാണ്. കാരണം, നമ്മൾ റോഡ് നിരപ്പിൽ നിന്നും ഇറങ്ങി വന്ന്, ഒരു തട്ടിലും ഓരോ രീതിയിൽ ഉള്ള അധ്യയനങ്ങൾ നടക്കുന്നത് കണ്ട്, ആ തട്ടിൽ മുഴുവൻ ഇരിപ്പിടങ്ങൾ പോലെ… താഴെ നിന്ന് നോക്കിയാൽ ഗാലറികൾ പോലെ തോന്നാവുന്ന പടികളുണ്ട്. എല്ലാം കഴിഞ്ഞു സബർമതിയുടെ തീരത്തിൽ, പിൻകർട്ടനു പകരം സബർമതീ നദി ഒഴുകുന്നു എന്ന് പറയാവുന്ന തരത്തിൽ താഴെയാണ് രംഗവേദി.'

'എന്നോട് നമ്മുടെ പ്രിയപ്പെട്ട അഭിനേത്രി ശോഭന പറഞ്ഞു… എന്റെ ജീവിതത്തിൽ നർത്തകി എന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ ആഹ്ലാദപൂർണ്ണമായ സായൂജ്യമായി ഞാൻ കരുതുന്നത് ഞാൻ നൃത്തം ചവിട്ടുമ്പോൾ പുറകിൽ, എന്റെ മുന്നിലുള്ള ചേങ്ങിലക്കിലുക്കത്തിന്റെ താളതുടിയിൽ സബർമതി നദി ഒഴുകി. മഹാത്മാ ഗാന്ധിയ്ക്കും മൃണാളിനി സാരാഭായ്ക്കും താരാട്ടു പാടിയ സബർമതി നദി ഒഴുകുമ്പോൾ അതിന്റെ മുന്നിൽ ചുവടു വച്ച് കാലിൽ ചിലങ്ക അണിഞ്ഞു നൃത്തം ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. നൃത്തം ചെയ്തു ഞാൻ താഴേക്ക് ഇറങ്ങി വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് എന്റെ മൂർദ്ധാവിൽ ചുംബിച്ച മൃണാളിനിയുടെ കണ്ണിൽ നിറഞ്ഞു കണ്ട ഒരു തുള്ളി കണ്ണീരാണ് എന്നിലെ കലാകാരിക്ക് ലഭിച്ച ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം എന്ന് ശോഭന പറഞ്ഞതായും ഞാനീ കൂട്ടത്തിൽ ഓർക്കുന്നു.' മൃണാളിനി സാരാഭായെ ഓർമ്മിക്കുന്ന എപ്പിസോഡിൽ ആണ് ജോൺ പോൾ പറയുന്നു.

Advertisment

കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശോഭന ഇന്ന് ഇന്ത്യയിലെ ക്ലാസിക്കൽ നർത്തകിമാരിൽ മുൻനിരയിലാണ്. ചിത്രാ വിശ്വേശരൻ ആണ് നൃത്തത്തിൽ ശോഭനയുടെ ഗുരു. നർത്തകിമാരും അഭിനേത്രികളുമായ തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത-പദ്മിനി-രാഗിണി എന്നിവരുടെ അനന്തിരവളാണ് ശോഭന. മലയാളം കൂടാതെ ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. 2006ൽ പദ്മശ്രീ ലഭിച്ചു.

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: