/indian-express-malayalam/media/media_files/uploads/2023/01/aparna-balamurali.jpg)
ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടു നടി അപർണ ബാലമുരളി നേരിട്ട ഒരു ദുരനുഭവമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'തങ്ക'ത്തിന്റെ പ്രമോഷനു വേണ്ടി എറണാകുളം ലോ കോളേജിൽ എത്തിയ താരത്തിന്റെ ഒരു വീഡിയോ ആണ് ചർച്ചയുടെ അടിസ്ഥാനം. കോളേജിൽ എത്തിയ താരത്തിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെത്തിയ വിദ്യാർത്ഥി അവരുടെ തോളിൽ കൈയ്യിടാൻ ശ്രമിക്കുന്നതും അപർണ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
വിദ്യാർത്ഥി കൈയുയർത്തി വരുമ്പോൾ മാറി നിൽക്കുന്നുണ്ട് അപർണ. താരം വിദ്യാർത്ഥിയുടെ പ്രവർത്തിയിൽ അസ്വസ്ഥയാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
പിന്നീട് അപർണയോട് മാപ്പ് പറയാനായി വീണ്ടും അതേ വിദ്യാർത്ഥി വേദിയിലെത്തുന്നുണ്ട്. അപർണയോട് കൈ നൽകാനായി ആവശ്യപ്പെട്ടപ്പോൾ താരം വിസമ്മതിച്ചു. 'വേറെയൊന്നും വിചാരിച്ച് ചെയ്‌തതല്ല. ആരാധന കൊണ്ട് ചെയ്തതാണെന്നാണ്,' വിദ്യാർത്ഥി പറയുന്നത്. അനുവാദമില്ലാതെ താരത്തിനെ സ്‌പർശിക്കാൻ നോക്കിയ വിദ്യാർത്ഥിയ്ക്ക് നേരെ ഉയരുന്നത് കടുത്ത വിമർശനങ്ങളാണ്.
എഴുത്തുക്കാരി സൗമ്യ രാധ വിദ്യാധർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ വിഷയത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനു താഴെ നടി അപർണയും കമന്റു ചെയ്‌തിട്ടുണ്ട്. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്‌പർശിച്ചത് അന്യായമാണെന്നും വീണ്ടും മാപ്പ് പറയൽ എന്ന രീതിയിൽ കൈയിൽ സ്‌പർശിക്കാൻ ശ്രമിക്കുന്നത് അതിനും വലിയ തെറ്റാണെന്ന് സൗമ്യ കുറിക്കുന്നു.
/indian-express-malayalam/media/media_files/uploads/2023/01/Aparna.jpeg)
'ലോ കോളേജിൽ ഇത് സംഭവിച്ചു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്, എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു പോയി' എന്നാണ് അപർണ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ നിന്ന് കുറിച്ചത്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്‌തു.
അപർണയ്‌ക്കൊപ്പം വേദിയിൽ നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുണ്ടായിരുന്നു. ജനുവരി 30 നാണ് 'തങ്കം' തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാര ജേതാവാണ് അപർണ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.