ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒരുങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ലീന ആന്റണി. പിന്നീട് അനവധി ചിത്രങ്ങളിൽ അമ്മച്ചി വേഷങ്ങളിലെത്തിയിട്ടുണ്ട് ലീന. 73-ാം വയസ്സിൽ ലീന പത്താം ക്ലാസ്സ് പരീക്ഷ വിജയിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.
ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്.സാക്ഷരതാ മിഷന്റെ ഭാഗമായാണ് വീണ്ടും പഠനത്തിന്റെ ലോകത്തെത്താൻ ലീന തീരുമാനിച്ചത്. ആദ്യ ശ്രമത്തിൽ കണക്ക്, രസതന്ത്രം എന്നീ വിഷയങ്ങളിൽ വിജയം നേടാൻ ലീന ബുദ്ധിമുട്ടി. പിന്നീട് നടന്ന സേ പരീക്ഷയിൽ ഇവ രണ്ടിലും വിജയിച്ചതോടെ പത്താം ക്ലാസ്സ് യോഗ്യത ലീന സ്വന്തമാക്കി.
ലീന എല്ലാവർക്കും മാതൃകയാണെന്നും അവർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഭർത്താവ് ആന്റണിയുടെ മരണത്തിനു ശേഷമാണ് ലീന പഠനത്തിലോട്ട് കാലെടുത്തു വച്ചത്. തൈക്കാട്ടുശ്ശേരിയിലെ വീടുനടുത്തു തന്നെയായിരുന്നു ലീനയുടെ പഠനകേന്ദ്രം. മകനും മരുമകളും പൂർണ പിന്തുണ നൽകി ലീനയ്ക്കൊപ്പമുണ്ട്.