scorecardresearch

ആരാധന അതിരു കടക്കരുത്, പ്രൈവറ്റ് സ്പേസ് എന്നൊന്നുണ്ട്

'ആരാധന അതിരു കടക്കാമോ? പ്രൈവറ്റ് സ്പേസ് എന്നൊന്നില്ലേ?' ലോ കോളേജിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടിമാരായ അനുശ്രീ, മഞ്ജുപിള്ള, മാല പാർവതി എന്നിവർ പ്രതികരിക്കുന്നു

'ആരാധന അതിരു കടക്കാമോ? പ്രൈവറ്റ് സ്പേസ് എന്നൊന്നില്ലേ?' ലോ കോളേജിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടിമാരായ അനുശ്രീ, മഞ്ജുപിള്ള, മാല പാർവതി എന്നിവർ പ്രതികരിക്കുന്നു

author-image
Nandana Satheesh
New Update
Mala Parvathi, Aparna, Anusree

ബുധനാഴ്ച 'തങ്കം' എന്ന ചിത്രത്തിന്റെ പ്രൊമോഷനായി എറണാകുളം ലോ കോളേജിലെത്തിയതായിരുന്നു നടി അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ അണിയറപ്രവർത്തകരും. എന്നാൽ, ചില അനിഷ്ട സംഭവങ്ങൾക്കും ആ വേദി സാക്ഷ്യം വഹിച്ചു. അപർണയെ സ്വീകരിക്കാനായി വേദിയിലെത്തിയ വിദ്യാർത്ഥികളിൽ ഒരാൾ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽഅപർണയുടെ തോളിൽ കയ്യിടാൻ ശ്രമിച്ചു. യുവാവിന്റെ പൊടുന്നനെയുള്ള പെരുമാറ്റത്തിൽ അസ്വസ്ഥതയായ അപർണ ഒഴിഞ്ഞു മാറി.

Advertisment

'ആരാധന എന്ന പേരിൽ ഒരാളുടെ പ്രൈവറ്റ് സ്പേസിലേക്ക് ഇടിച്ചു കയറാൻ മറ്റൊരാൾക്ക് എന്താണ് അവകാശം?' 'അനുവാദമില്ലാതെ ഒരു വ്യക്തിയെ, അത് ഏത് ജെൻഡറുമായിക്കോട്ടെ സ്‌പർശിക്കാനുള്ള അവകാശം ആരാണ് നൽകിയത്?' എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യല്‍ മിഡിയയില്‍ ചർച്ച ചെയ്യപ്പെടുന്നത്. വേദിയിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ആ സംഭവത്തിനുശേഷം, പരിപാടിയിലുടനീളം അപർണ അസ്വസ്ഥയാണെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും മാപ്പ് പറയാൻ വേദിയിലെത്തിയ അതേ വ്യക്തി തന്നെ വീണ്ടും അപർണയുടെ കൈയിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. അവിടെ അപർണ ചോദിച്ച ഒരു കാര്യമുണ്ട്. "എന്താടോ, ഇതൊരു ലോ കോളേജ് അല്ലേ?" എന്ന്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് കോഴിക്കോട്ടെ ഒരു മാളിൽ വച്ച് രണ്ടു നടിമാർക്കു നേരെ അതിക്രമമുണ്ടായത്. സമാനമായതല്ല ലോ കോളജിൽ സംഭവിച്ചതെങ്കിലും പ്രൈവറ്റ് സ്പേസിലേക്ക് ഇടിച്ചു കയറുകയെന്നതാണ് ഇവിടെയുമുണ്ടായതെന്ന വിമർശം സമൂഹമാധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു.

'ആരാധന അതിരു കടക്കാമോ? പ്രൈവറ്റ് സ്പേസ് എന്നൊന്നില്ലേ?' ലോ കോളേജിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടിമാരായ അനുശ്രീ, മഞ്ജുപിള്ള, മാല പാർവതി എന്നിവർ പ്രതികരിക്കുന്നു.

Advertisment

കൂടെനിന്ന് ഫൊട്ടൊയെടുക്കാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കുന്ന നിരവധി ആരാധകരെ യാത്രകൾക്കിടയിൽ കണ്ടുമുട്ടാറുണ്ടെന്നും എന്നാൽ അനുവാദമില്ലാതെ ഇടിച്ചുകയറി വരുന്നവരുമുണ്ടെന്നാണ് നടി അനുശ്രീ പറയുന്നത്.

"ഫൊട്ടൊയെടുക്കാനും മറ്റും വരുമ്പോൾ ചിലർ തോളിൽ കൈയിടാനും ഷേക്ക് ഹാൻഡ് തരാനുമൊക്കെ വരാറുണ്ട്. അവർ വരുമ്പോൾ അത് ഏതു രീതിയിലാണെന്ന് നമുക്ക് വ്യക്തമാവില്ലല്ലോ. അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ പ്രതികരിക്കാറുമുണ്ട്. ഇന്നലത്തെ സംഭവം തന്നെയെടുക്കാം, ആ പെരുമാറ്റത്തിനു ശേഷം അപർണയുടെ മുഖം മാറുന്നതും ഒഴിഞ്ഞു മാറുന്നതും കാണാം. നിങ്ങൾ നിൽക്കുന്നത് ഒരു വലിയ ക്രൗഡിന് മുൻപിലാണെങ്കിലും പ്രതികരിക്കണമെന്നത് തന്നെയാണ് എന്റെ അഭിപ്രായം," അനുശ്രീ പറയുന്നു.

അതിരുകടക്കുന്ന ഈ ആരാധനയ്ക്ക് പിന്നിൽ ചില മനഃശാസ്ത്രപരമായ വശങ്ങൾ കൂടിയുണ്ടെന്ന് പറയുകയാണ് നടി മാല പാർവതി.

"താരങ്ങളെയൊക്കെ ചിലരെങ്കിലും അവരുടെ സ്വപ്നങ്ങളിൽ കാമുകിയോ ഭാര്യയോ അമ്മയോ ഒക്കെയായി സങ്കൽപ്പിച്ചിട്ടുള്ളവരാകും. സ്വപ്നത്തിൽ കണ്ടയാളുകളെ നേരിൽ കാണുമ്പോഴുള്ള ആവേശമാണ് പലപ്പോഴും ആൾക്കൂട്ടത്തിൽ നിന്നും ഇത്തരത്തിൽ പ്രകടമാകുന്നത്. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ആരാധന പ്രകടിപ്പിക്കുക. ചിലർ അച്ചടക്കത്തോടെ പെരുമാറുമ്പോൾ മറ്റുചിലർ അതിരുവിടും. ആനയെ ഒക്കെ തൊട്ടുനോക്കുന്നതു പോലെ, മൃഗശാലയിലെ മൃഗങ്ങളെ കല്ലെറിയുന്നതുപോലെയോ കുട കൊണ്ട് കുത്തിനോക്കുന്നതു പോലെയോ ഒക്കെ പെരുമാറും. നടിമാരെയും മറ്റും മാസ്റ്റർബേഷൻ ഫാന്റസിയായി വരെ കാണുന്നവരുണ്ട്. ഇതൊക്കെ മനഃശാസ്ത്രപരമായ കാര്യങ്ങളാണ്. ഇത്തരം അനുഭവങ്ങൾ പല താരങ്ങൾക്കും കാലാകാലങ്ങളായി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ, പലരും ഇന്ന് ബൗൺസേഴ്സിനെയും കൊണ്ടു നടക്കുന്നത്," മാല പാർവതി പറയുന്നു.

ഇത്തരം സംഭവങ്ങൾ കൊണ്ട് ആരാധകരെ അടച്ചാക്ഷേപിക്കുന്നതും ശരിയല്ലെന്നാണ് നടി മഞ്ജു പിള്ളയുടെ അഭിപ്രായം.

"എല്ലാവരും ഇങ്ങനെയല്ല, ഈ പ്രവൃത്തിയെ ആരാധന എന്ന് തന്നെ വിശേഷിപ്പിക്കാനാകുമോ എന്നതാണ് സംശയം. തങ്ങളുടെ ഇഷ്ട താരങ്ങളുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുള്ള നാടാണ് കേരളം."

നല്ലവണ്ണം പെരുമാറുന്ന ഒരുപാട് ആരാധകർ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെയുള്ളവർ ചിലപ്പോൾ അവർക്കു കൂടി അപമാനമായി മാറാം. ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്ത രീതിയിലായിരിക്കും. പക്ഷെ ഒരാളുടെ തോളിൽ കൈയിടാനോ ഷെയ്ക്ക് ഹാൻഡ് കൊടുക്കാനോ പോകുമ്പോൾ അത് അവരോട് ചോദിച്ചിട്ട് മാത്രം ചെയ്യുക. അവർക്ക് താത്പര്യമില്ലെങ്കിൽ അതു ചെയ്യാതിരിക്കുക. താരങ്ങളും മനുഷ്യരാണെന്ന് മനസ്സിലാക്കണം. എനിക്കും സമാന രീതിയിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. മദ്യപിച്ചൊരാൾ വന്ന് ഫൊട്ടൊയെടുത്തോട്ടെയെന്ന് ചോദിച്ചു, ഞാൻ സമ്മതിച്ചതിന്റെ പിന്നാലെ തോളിൽ കൈയിട്ടോട്ടെയെന്നായി അടുത്ത ചോദ്യം. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോൾ തന്നെ ഫൊട്ടൊ മാത്രമെടുത്ത് അയാൾ മടങ്ങുകയും ചെയ്‌തു. അതാണ് നേരത്തെ പറഞ്ഞത് ഒരാളോട് അനുവാദം ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം," അനുഭവം പങ്കുവച്ച് മഞ്ജു പിള്ള പറഞ്ഞു.

ആരാധന അതിരുകടന്ന സംഭവങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇതിനു മുൻപ് നടൻ ടൊവിനോ തോമസും, ശ്വേത മേനോനും സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായതോടെ താരങ്ങളെ കുറച്ചുകൂടി അടുത്തറിയാൻ പ്രേക്ഷകർക്ക് സാധിക്കുന്നുണ്ട്. സ്ക്രീനിലും സോഷ്യൽ മീഡിയയിലുമൊക്കെ നിത്യേനയെന്ന രീതിയിൽ കാണുന്ന ആളുകളോട് ചിരപരിചിതത്വം തോന്നുന്നതും സ്വാഭാവികമാണ്. എന്നാൽ അതൊന്നും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ലൈസൻസ് അല്ല.

Aparna Balamurali Anusree

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: