scorecardresearch
Latest News

ശരീരത്തോട് പാലിക്കേണ്ട ചില ജനാധിപത്യ മര്യാദകൾ

രാഷ്ട്രീയ ശരികൾ വളരെ പ്രത്യക്ഷമായി പല വിഷയത്തിലും ചർച്ചയാവുമ്പോഴും, ‘കണ്സന്റ്’ എന്ന വാക്ക് മുൻപത്തേക്കാൾ ഉറക്കെ മുഴങ്ങി കേൾക്കുമ്പോഴും ശരീരത്തോട് പാലിക്കേണ്ട വളരെ ജനാധിപത്യപരമായ അകലം ചർച്ചയാവാറില്ല

aparna balamurali, aparna balamurali law college, aparna balamurali student misbehaves, aparna balamurali thankam film promotions, thankam release date, aparna balamurali in thankam

ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുൻപാണ്, മലയാളത്തിൽ അക്കാലത്ത് വളരെയധികം പ്രേക്ഷക പ്രീതി നേടിയ ഒരു നടി പ്രശസ്തമായ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തുന്നു… വലിയൊരു ആൾക്കൂട്ടം ഹർഷാരാവത്തോടെ അവരെ സ്വീകരിച്ചാനയിച്ചു… പെട്ടന്ന് പലരും അവരുടെ നീണ്ട മുടിയിൽ കയറിപ്പിടിക്കാനും അരയിൽ കൈവക്കാനും തുടങ്ങി… നടി സ്വാഭാവികമായും വളരെയധികം ആസ്വസ്ഥയാവുകയും ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങൾ ബുദ്ധിമുട്ടാണ് എന്ന് മൈക്കിലൂടെ വിളിച്ചു പറയുകയും ചെയ്തു.

അന്നവിടെ കൂടി നിന്ന പലരുടെയും പ്രതികരണം ‘ ഇവളെന്ത് അഹങ്കാരിയാണ്, സിനിമയിൽ മേക്കപ്പ് ചെയ്യുന്നവൻ തൊടുന്നില്ലേ, പല നായകന്മാരും കെട്ടിപ്പിടിക്കുന്നില്ലേ എന്നൊക്കെയായിരുന്നു… ദൂരെ നിന്നു കണ്ട് നിന്ന ആളെന്ന നിലയിൽ വളരെ വിഷമം തോന്നി… പക്ഷേ കാലം പോകും തോറും മനസിലായി, ഇതിൽ സ്ഥല-കാലങ്ങളും അനുഭവിക്കുന്നവരും മാറുമെങ്കിലും ഉറച്ച് നിൽക്കുന്ന മൂല്യബോധം ഇത്തരം വളരെ പൊതുവായ, ക്രൂരമായ കടന്നു പിടിക്കലുകളെ ഇങ്ങനെ നിസാരവത്കരിച്ചും ന്യായീകരിച്ചുമിരിക്കുമെന്ന്…

കഴിഞ്ഞ ദിവസം ഒരു കോളേജ് വിദ്യാർഥിയിൽ നിന്ന് സിനിമാ പ്രൊമോഷന് വന്ന നടി അപർണ ബാലമുരളി നേരിട്ട കടന്നു കയറ്റമാണ് ഈ കൂട്ടത്തിൽ ഏറ്റവും പുതിയത്. ‘പേർസണൽ സ്പേസ്’ എന്ന വാക്ക് വളരെയധികം ചർച്ചയായി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മളുള്ളത്. ‘പേർസണൽ സ്പേസി’ന്റെ പല അടരുകളും സാംസ്‌കാരിക പഠനത്തിന്റെ പ്രധാന പഠന മേഖലകളിലൊന്നായി ഉയർന്നു വന്നിട്ടുമുണ്ട്. വെള്ളം പോലെ, ശ്വാസവായു പോലെ ഒരു വ്യക്തിയുടെ അനിവാര്യതകളിൽ ഒന്നാണ് മറ്റു വ്യക്തികൾ അവരിൽ നിന്ന് ശാരീരികമായി പാലിക്കേണ്ട ദൂരവും എന്ന് നമ്മൾ നിത്യവും പഠിക്കുന്നു. രാഷ്ട്രീയ ശരികൾ വളരെ പ്രത്യക്ഷമായി പല വിഷയത്തിലും ചർച്ചയാവുമ്പോഴും, ‘കണ്സന്റ്’ എന്ന വാക്ക് മുൻപതത്തേക്കാൾ ഉറക്കെ മുഴങ്ങി കേൾക്കുമ്പോഴും ശരീരത്തോട് പാലിക്കേണ്ട വളരെ ജനാധിപത്യപരമായ അകലം ചർച്ചയാവാറില്ല. ഇത്തരം ‘കണ്സെന്റു’കളെ കുറിച്ചു പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവർ തന്നെ സ്ത്രീകളെ അനുവാദമില്ലാതെ കയറിപ്പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത വാർത്തകൾ വരെ നിരന്തരം കേരളത്തിൽ കേൾക്കാറുണ്ട്.

സിനിമയിൽ അഭിനയിക്കുന്ന നടിമാർ ചെയ്യുന്നത് അവരുടെ തൊഴിലാണെന്ന പ്രാഥമികമായ കാര്യത്തെ തന്നെ മനസിലാക്കിയവർ ഇന്ത്യയിൽ ന്യൂനപക്ഷമാവും. വളരെ കൃത്യമായി ‘ പൊതുമുതൽ’ എന്ന കണ്ണിലൂടെയാണ് അവരെ കാണുകയും വ്യക്തിപരമായ ഇടങ്ങളെ ബഹുമാനിക്കാതിരിക്കുകയും അങ്ങോട്ട് കടന്നു കയറാൻ ശ്രമിക്കുകയും ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ അവർ പങ്ക് വെക്കുന്ന ഫോട്ടോകൾക്ക് താഴെ ‘എത്ര പേർക്ക് അവസരങ്ങൾക്ക് വേണ്ടി കിടന്നു കൊടുത്തു, ഈ വസ്ത്രത്തിന്റെ അളവ് കുറഞ്ഞത് ചാൻസ് കൂട്ടാനല്ലേ’ എന്നൊക്കെയുള്ള ചോദ്യങ്ങൾ വളരെ സ്വാഭാവികമായി കടന്നു വരാറുണ്ട്. പൊതു ഇടങ്ങളിലൂടെ കടന്നു പോകുമ്പോൾ, പൊതു വേദികളിൽ വരുമ്പോൾ ഒക്കെ അവരുടെ ദേഹത്ത് അസ്വസ്ഥതയുണ്ടാക്കും വിധത്തിൽ തൊടാനും അവരുടെ ശരീരവും വസ്ത്രവും സംബന്ധിച്ച ദ്വായാർത്ഥം നിറഞ്ഞ കമന്റുകൾ പറയാനും ആൾക്കൂട്ടം മത്സരിക്കുന്നത് കാണാം. ഇതിനോടൊക്കെയുള്ള അവരുടെ നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ വാക്ക് കൊണ്ടോ ഒക്കെയുള്ള പ്രതിഷേധങ്ങൾ ജാഡക്കാരി, അഹങ്കാരി, കുലീനർ, എന്നൊക്കെയുള്ള പട്ടങ്ങൾ ചാർത്തി കൊടുക്കുന്നു.

കോഴിക്കോട് ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ സ്വന്തം സിനിമയുടെ പ്രമോഷന് വന്ന സാനിയ ഇയ്യപ്പനെ നടന്നു പോകുന്ന വഴി ഒരാൾ കയറിപ്പിടിക്കുന്നതും അവർ കൈ വീശി അടിക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ വൈറൽ ആയിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളു. അവരെ കടന്നു പിടിച്ചയാളും അത് വീഡിയോ എടുക്കാൻ ശ്രമിച്ചയാളും പേറുന്ന മനോഭാവം ഒന്നാണ്. നടി ഗ്രേസ് ആന്റണി ഇതേ ദിവസം ഇതേയിടത്തു വച്ച് തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു. അവർ ആ കുറിപ്പ് അവസാനിപ്പിക്കുന്നത് ‘തീർന്നോ നിന്റെയൊക്കെ അസുഖം?’ എന്ന് ചോദിച്ചാണ്. ഒരു വലിയ ടീം കൂടെയുണ്ടായിട്ടും ഇങ്ങനെ സംഭവിച്ചത്തിലുള്ള ഞെട്ടൽ അവർ ഉറക്കെ തന്നെ പറയുന്നുണ്ട്.

ഇതിലും ഒരു പടി കടന്ന സംഭവമാണ് മുൻ എം പി പീതാംബര കുറുപ്പ് ശ്വേത മേനോനെ ഒരു പൊതുവേദിയിൽ വച്ചു കയറിപ്പിടിച്ചത്. പാർലമെന്റ് അംഗമായിരുന്ന, വളരെ കാലത്തെ അനുഭവ പരിചയമുള്ള ജനപ്രതിനിധി പൊതു ഇടത്തിൽ വച്ച് അവരെ അസ്വസ്ഥതയാക്കുന്ന വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തു. മലയാളി പൊതു മണ്ഡലത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു അത്. കുറുപ്പ് ആരോപണം നിഷേധിച്ചെങ്കിലും വളരെ ആഭാസകരമായ രീതിയിൽ ശ്വേതയെ അയാൾ നിരന്തരം സ്പർശിക്കുന്നതും അവർ അതിൽ അസ്വസ്ഥയാവുന്നതുമായ ദൃശ്യങ്ങൾ വൻ തോതിൽ പ്രചരിച്ചു. പരസ്യമായും അല്ലാതെയും മാപ്പ് പറയാം എന്ന പീതംബരകുറുപ്പിന്റെ ഉറപ്പിൽ ശ്വേത പോലീസിൽ നൽകിയ പരാതി പിൻവലിച്ചതോടെ ആ വിഷയം ചർച്ചകളിൽ നിന്ന് അപ്രത്യക്ഷമായി.

മറ്റൊരു പ്രമുഖ നടി ഷോപ്പിങ്ങിനായി അതിപ്രശസ്തമായ മാളിൽ പോയപ്പോഴാണ് പുറകിൽ നിന്ന് ആരോ കേറിപ്പിടിച്ചത്. പല നടിമാരും ആൾക്കൂട്ടത്തിൽ സെൽഫി എടുക്കാനും കയറിപ്പിടിക്കാനും ശ്രമിച്ചതിനെക്കുറിച്ച് അഭിമുഖങ്ങളിൽ നിരന്തരം പറയാറുണ്ട്. സത്യത്തിൽ ഇതിന്റെയൊക്കെ ക്രൂരമായ തുടർച്ചയാണ് അപർണ ബാലമുരളിക്ക് എറണാകുളം ലോ കോളേജിൽ വച്ച് നേരിട്ടത്.

സിനിമാഭിനയം ‘മോശപ്പെട്ട’ സ്ത്രീകൾ ചെയ്യുന്ന തൊഴിലാണ് എന്ന ഉറച്ച ബോധ്യമാണ് എല്ലാ സിദ്ധാന്ത വ്യഖാനങ്ങൾക്കുമപ്പുറം ഇതിന്റെ മൂല കാരണം. പലർക്കുമൊപ്പം പ്രണയവും കാമവുമൊക്കെ അഭിനയിക്കുന്നവർ ഇതൊക്കെ കുറച്ച് സഹിക്കാൻ ബാധ്യസ്ഥരാണ് എന്ന് ഇവിടെ പലരും ഉറച്ചു വിശ്വസിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രശനങ്ങൾ ചർച്ചയാവുമ്പോൾ നിരന്തരം വരാറുള്ള പ്രതികരണങ്ങൾ അത് വ്യക്തമായി എടുത്ത് കാണിക്കുന്നുമുണ്ട്. ‘ഇവൾക്ക് പൃഥിരാജിനൊപ്പം കെട്ടിപ്പിടിച്ചഭിനയിക്കാം, സൂര്യയുടെ കൂടെ കിടന്നഭിനയിക്കാം, പാവപ്പെട്ടവൻ തൊടാൻ പാടില്ല എന്ന മട്ടിലുള്ള കമന്റുകൾ അപർണ ബാലമുരളിയേ കടന്നു പിടിക്കാൻ ശ്രമിച്ച വീഡിയോക്ക് താഴെ പലയാവർത്തി വരുന്നുണ്ട്.

സിനിമാ തൊഴിലാളിയായ സ്ത്രീയുടെ പ്രിവിലേജ് അവർക്കു കിട്ടുന്ന പ്രശസ്തി ആണെന്ന് ഉറച്ച് വിശ്വസിക്കുന്നവർ ഇവിടെയുണ്ട്. അവർക്കു നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മാധ്യമങ്ങളെ പോലും ഓഡിറ്റ് ചെയ്യാറുണ്ട്… പ്രശസ്തരായ സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ വാർത്തയാക്കുന്ന മാധ്യമങ്ങളെ ആൾക്കൂട്ടം താരതമ്യപഠനത്തിനു വിധേയരാക്കുന്നു. ‘അമിത വാർത്താ പ്രാധാന്യം ‘ എന്ന കുറ്റകൃത്യത്തിൽ എം പി മുതൽ സാധാരക്കാരൻ വരെയുള്ള അക്രമികൾ രക്ഷപ്പെട്ടു പോകുന്നു.

‘ഒരാൾ ചുമലിൽ അമർത്തിയാൽ പോകുന്ന ഒന്നും മനുഷ്യ ശരീരത്തിൽ ഇല്ല’ എന്ന പോസ്റ്റ്‌ മോഡേൺ വാദം മറ്റൊരു തലത്തിൽ ഉയർന്നു കേൾക്കുന്നു. ഒപ്പം പുരുഷൻ ഒന്ന് തൊട്ടാൽ ഇത്ര വലിയ പ്രതികരണമുണ്ടാവുന്നത് ലിംഗനീതിക്ക് തന്നെ എതിരാണ് എന്ന വിചിത്ര വാദവും വ്യാപകമായി കണ്ടു. ‘കണ്സന്റ്’ എന്ന വാക്കിന്റെ അർത്ഥം പഠിക്കാൻ നമ്മൾ ഇനിയെത്ര കാലം മുന്നോട്ട് നടക്കേണ്ടി വരും എന്ന ചിന്ത ഭയമുണ്ടാക്കുന്നുണ്ട്.

ഇന്ത്യ പോലൊരു രാജ്യത്ത് സിനിമ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. കേവല വിനോദോപാധി മുതൽ ജീവ വായു വരെയായി ഇതിനെ കാണുന്നവർ ഇവിടെയുണ്ട്. പക്ഷേ സിനിമയിൽ അഭിനയിക്കുന്നവർ, പ്രത്യേകിച്ച് സ്ത്രീകളായ സിനിമാ തൊഴിലാളികൾ പൊതു സ്വത്താണെന്ന ധാരണ കാലം തിരുത്തുന്നതായി കാണുന്നില്ല. നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ, നിയമം പഠിക്കുന്ന വിദ്യാർത്ഥി ചെയ്ത ഈ കടന്നു കയറ്റം വാക്കുകൾ കിട്ടാത്ത വിധം തന്നെ സ്തബ്ധയാക്കി എന്ന് ഒരു പോസ്റ്റിനു മറുപടിയായി അപർണ ബാലമുരളി തന്നെ കമന്റ് ചെയ്തത് കണ്ടു. നിയമം പാലിക്കുന്നവരോടാണല്ലോ സമാന അനുഭവമുള്ളവർ പരാതിപ്പെടേണ്ടി വരിക. എന്തായാലും അവർ അവിടെ വച്ചു നേരിട്ട കടന്നു കയറ്റത്തോളം ക്രൂരമായ ആക്രമണം സോഷ്യൽ മീഡിയയിൽ അവർക്കെതിരെ നടക്കുന്നുണ്ട്. അതിലവരുടെ മറ്റുള്ളവർ തൊടുന്നതിലുള്ള ലാളിത്യം മനസിലാക്കി കൊടുക്കൽ മുതൽ വസ്ത്രത്തിന്റെ അളവെടുപ്പ് വരെയുണ്ട്. ‘അതിഭീകരമാം വിധം സാധാരണ’മെന്ന മട്ടിൽ ഇത്തരം ആക്രമണങ്ങളെ ലളിതമാക്കാൻ മഹാഭൂരിപക്ഷമുള്ള നാട്ടിൽ ഇതൊരു തുടർച്ച മാത്രമാവനാണ് സാധ്യത എന്ന ബോധ്യം ഈ അതിക്രമത്തെ ‘മാഗ്നിഫൈ’ ചെയ്യുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Aparna balamurali law college student misbehaviour incident shows light on how actresses are treated in public spaces