/indian-express-malayalam/media/media_files/uploads/2023/04/Sathyan-Anthikkad-Akhil-Sathyan-Anoop-Sathyan.jpg)
അനൂപിനും അഖിലിനുമൊപ്പം സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'പാച്ചുവും അത്ഭുതവിളക്കും' ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ അനൂപ് സത്യനും സ്വതന്ത്രസംവിധായകനായിരുന്നു. ഇരട്ടകുട്ടികളാണ് അനൂപും അഖിലും. സത്യൻ അന്തിക്കാടിന്റെ വീട്ടിൽ നിന്നും മൂന്നാമതൊരു സംവിധായകൻ കൂടി മലയാളസിനിമയിലേക്ക് ചുവടുവെയ്ക്കുമ്പോൾ സന്തോഷം പങ്കിടുകയാണ് നിർമാതാവായ ആന്റോ ജോസഫ്.
"അഖിൽ സത്യൻ എന്ന പേര് ഇന്ന് വെള്ളിത്തിരയിൽ തെളിഞ്ഞു തുടങ്ങുമ്പോൾ മനോഹരമായൊരു കുടുംബചിത്രത്തിലെ ക്ലൈമാക്സ് രംഗം പോലെയാകുന്നു അത്. കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റേത് സംവിധായക കുടുംബമാകുന്ന കാഴ്ച. സത്യേട്ടൻ്റെ മൂന്ന് മക്കളിൽ ഇരട്ടക്കുട്ടികളാണ് അനൂപും അഖിലും. അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകനാകുകയാണ് 'പാച്ചുവും അത്ഭുതവിളക്കും ' എന്ന സിനിമയിലൂടെ. അച്ഛൻ്റെ കളരിയിൽ പഠിച്ച മക്കൾക്ക് പിഴക്കില്ല. "വരനെ ആവശ്യമുണ്ട് ' എന്ന കന്നി ചിത്രത്തിലൂടെ അനൂപ് അത് തെളിയിച്ചതാണ്. അഖിലിൻ്റെ പാച്ചുവും അത്ഭുതം തെളിച്ചു തരുമെന്ന് ഉറപ്പ്. മലയാളി കുടുംബങ്ങളുടെ മനസ്സിനെ അന്തിക്കാടൻ ഒപ്പുകടലാസിനോളം പകർത്തിയെടുത്ത മറ്റാരാണുള്ളത്! പഠിച്ച് മിടുക്കരായി ഉയർന്നജോലി നേടിയതിനു ശേഷമാണ് സത്യേട്ടൻ്റെ മക്കൾ സിനിമയിലേക്കിറങ്ങുന്നത്. അച്ഛൻ്റെ വഴിയാണ് ഞങ്ങളുടേതും എന്ന തിരിച്ചറിവിലായിരുന്നിരിക്കണം അത്. അച്ഛൻ മുന്നേ നടക്കുമ്പോൾ അവരുടെ ചുവടുകൾ തെറ്റില്ല. സത്യേട്ടൻ്റെ മൂത്ത മകൻ അരുൺ എം.ബി.എ.കഴിഞ്ഞ ശേഷം സിനിമ തിരഞ്ഞെടുക്കാതെ ബിസിനസ് രംഗത്താണ്. ഇവിടെയും സത്യൻ അന്തിക്കാട് സിനിമകൾ നമ്മുടെ മനസ്സിലേക്കെത്തുന്നു. ഈ നല്ല നിമിഷത്തിൽ ഞാൻ ഓർക്കുന്നത് മറ്റൊരാളെയാണ്. സത്യേട്ടൻ്റെ ഭാര്യയും അനൂപിൻ്റേയും അഖിലിൻ്റേയും അമ്മയുമായ നിർമല എന്ന നിമ്മിച്ചേച്ചിയെ. സത്യേട്ടൻ എഴുതിയ 'ഒരു നിമിഷം തരൂ നിന്നിലലിയാൻ' പാട്ടിലെ 'നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍' എന്ന വരികളിലെ നായിക. അന്തിക്കാട്ടെ വീട്ടിലും പറമ്പിലുമായി മറഞ്ഞു നിൽക്കുന്ന, ചേച്ചിയാണ് യഥാർഥത്തിൽ സത്യൻ അന്തിക്കാട് നായകനാകുന്ന കുടുംബകഥയിലെ ഏറ്റവും ഹൃദ്യമായ കഥാപാത്രം. ഭർത്താവും മക്കളും നേട്ടങ്ങളിലേക്ക് വളരുന്നത് തൻ്റേതായ ലോകത്തു നിന്നു കണ്ട് സന്തോഷിക്കുന്നയാൾ. മക്കളിൽ രണ്ടാമത്തെയാളും സംവിധായകനാകുന്ന ഈ പകലിലും നിമ്മിച്ചേച്ചി വാഴയിലത്തണലിനോ പടർന്നേറി നിൽക്കുന്ന പയർ വള്ളികൾക്കിടയിലോ ആയിരിക്കും. അതാണ് നല്ല കൃഷിക്കാരിയായ അവരുടെ സന്തോഷം. അവിടത്തെ തോട്ടത്തിലെ നൂറുമേനി പോലെ അഖിലിൻ്റെ സിനിമയും പൊലിക്കട്ടെ. ഒരിക്കൽക്കൂടി വിജയാശംസകൾ," എന്നാണ് ആന്റോ ജോസഫ് കുറിച്ചത്.
ഫഹദ് ഫാസില്‍ ആണ് ‘പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലെ നായകൻ. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
‘ഞാന്‍ പ്രകാശന്‍,’ ‘ജോമോന്റെ സുവിശേഷങ്ങള്‍’ തുടങ്ങിയ ചിത്രങ്ങളിൽ സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റായി പ്രവർത്തിച്ച അഖിലിന്റെ ആദ്യ ചിത്രമാണിത്. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററിയും അഖിൽ സംവിധാനം ചെയ്തിരുന്നു.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ‘പാച്ചുവും അത്ഭുതവിളക്കും’ നിർമിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരൻ സംഗീതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.