Ponniyin Selvan 2 Release: സംവിധായകൻ മണി രത്‌നത്തിന്റെ പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയുടെ അവസാനഭാഗമാണ് നാളെ തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയുളവാക്കുന്ന രീതിയിലാണ് പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം അവസാനിച്ചത്. ആദ്യഭാഗം കണ്ടിറങ്ങിയ പ്രേക്ഷകർക്കുള്ളിൽ ചില ചോദ്യങ്ങളും ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങൾക്കു പിറകിലെ ദുരൂഹതയുമൊക്കെ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ആരാണ് ഊമൈ റാണി? എന്തിനാണ് ഊമൈ റാണി പൊന്നിയിൻ സെൽവന്റെ കാവൽ മാലാഖയാവുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം രണ്ടാം ഭാഗം നൽകും.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ അവസാനം തകർന്ന കപ്പലിൽ നിന്നും കടലിലേക്ക് മുങ്ങിത്താഴുന്ന അരുൾമൊഴിയുടെ രക്ഷകയായി വരുന്ന വൃദ്ധയെ കാണിച്ചുകൊണ്ട് സിനിമ അവസാനിച്ചത്. അജ്ഞാത കഥാപാത്രം ആരാണെന്ന് ഒരുപക്ഷെ കൽക്കിയുടെ നോവൽ വായിച്ചിട്ടില്ലാത്തവർക്ക് മനസ്സിലാവണമെന്നില്ല. എന്നാൽ ആ വൃദ്ധ നന്ദിനിയുടെ (ഐശ്വര്യറായി) അമ്മയും ബധിരയും മൂകയുമായ മന്ദാകിനി ദേവിയാണ്. ഐശ്വര്യറായി തന്നെയാണ് ഉമൈ ദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കഥാപാത്രമാണ് ഊമൈ റാണി എന്ന മന്ദാകിനി ദേവി.
നന്ദിനി ചോള സാമ്രാജ്യത്തിന്റെ അധഃപതനം സ്വപ്നം കണ്ട് മനസ്സിൽ പകയുമായി നടക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നന്ദിനിയുടെ അമ്മ അരുൾമൊഴിയുടെ രക്ഷകനാവുന്നത്? ഒട്ടേറെ ചോദ്യങ്ങൾക്കും ആകാംക്ഷ നിറഞ്ഞ കഥാഗതിക്കും വഴിയൊരുക്കുകയാണ് മന്ദാകിനി ദേവിയും പൊന്നിയൻ സെൽവൻ രണ്ടാം ഭാഗവും. നന്ദിനിയെന്ന പ്രതി നായികാ കഥാപാത്രത്തിന് പുറമെ, ചോള വംശത്തിന്റെയും അരുൾമൊഴി വർമ്മന്റെയും സംരക്ഷണത്തിന് പ്രതിജ്ഞ ബദ്ധയായ മന്ദാകിനി ദേവിയെ കൂടിയാണ് പൊന്നിയൻ സെൽവൻ രണ്ടാം അധ്യായത്തിൽ കാണാൻ പോകുന്നത്.
പൊന്നിയിൻ സെൽവൻ എന്ന പേരിനു പിന്നിലെ കാരണം പോലും ഊമൈ റാണിയുമായി ബന്ധപ്പെട്ടതാണ്. അരുൾമൊഴി വർമ്മന്റെ കുട്ടിക്കാലത്ത്, രാജകുടുംബം കാവേരി നദിയിലൂടെ കപ്പൽ കയറുമ്പോൾ, കുമാരൻ അരുൾമൊഴി നദിയിലേക്ക് വീഴുകയും ഒരു അജ്ഞാത സ്ത്രീ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആ രാജകുമാരനെ രക്ഷിച്ചത് പൊന്നി നദിയാണ് (കാവേരിയുടെ മറ്റൊരു പേര്) എന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങുകയും അങ്ങനെയാണ് അദ്ദേഹത്തിന് പൊന്നിയിൻ സെൽവൻ (പൊന്നിയുടെ മകൻ) എന്ന പേര് ലഭിച്ചതും. എന്നാൽ പിന്നീട് അരുൾമൊഴിയുടെയും സുന്ദരചോളന്റെയും വിവരണങ്ങളിലൂടെ ആ അജ്ഞാത സ്ത്രീ ഊമൈ റാണിയാണെന്ന് വെളിപ്പെടുന്നു.
പി എസ് 1 ന്റെ ക്ലൈമാക്‌സ് രംഗത്തിനു മുമ്പുതന്നെ ആനപ്പുറത്ത് വീരപ്രവേശം നടത്തി അരുൾമൊഴിയെയും വന്തിയതേവനെയും പാണ്ഡ്യന്മാരിൽ നിന്നും ആ വൃദ്ധ കഥാപാത്രം രക്ഷിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ തന്റെ കാവൽ മാലാഖയായിരുന്നു ഊമൈ റാണി എന്ന് അരുൾമൊഴി പിന്നീട് വെളിപ്പെടുത്തുന്നുണ്ട്.
എങ്ങനെയാണ് മന്ദാകിനി അരുൾമൊഴിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നതിനുള്ള ഉത്തരം കൽക്കിയുടെ അഞ്ചു ഖണ്ഡങ്ങളിലായി തിരിച്ചിരിക്കുന്ന നോവലുകളിലുണ്ട്. എന്നാൽ അവ പി എസ്2 ന്റെ സ്പോയ്ലർ ആവാൻ സാധ്യത ഉള്ളതിനാൽ, കഥയുടെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല.
എന്തായാലും, മന്ദാകിനിയുടെ ഭൂതകാലം കഥയുടെ ഗതി നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നതും തീർച്ചയാണ്. എന്തിരുന്നാലും നന്ദിനിയെന്ന ശക്തമായ കഥാപാത്രം അവിസ്മരണീയമാക്കിയ ഐശ്വര്യ റായ് മന്ദാകിനി ദേവിയുടെ കഥാപാത്രത്തിൽ കാണികൾക്ക് എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും ഇതിൽ ഏതു കഥാപാത്രമാണ് പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയെന്നതും കണ്ടറിയാം.