/indian-express-malayalam/media/media_files/uploads/2020/07/anoop-menon-kunchacko-boban.jpg)
പഴയകാലത്തിൽ നിന്നുള്ള ചിത്രങ്ങൾ പലപ്പോഴും ഓർമകളെ തൊട്ടുണർത്തുന്നവയാണ്. ഒരുപാട് കഥകൾ പറയാനുണ്ടാവും ഓരോ ചിത്രങ്ങൾക്കും. അനൂപ് മേനോൻ മുൻപ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
"പഴയൊരു ആൽബത്തിൽ നിന്ന്... ചാക്കോച്ചൻ 'നിറ'ത്തിന്റെ വിജയത്തോടെ തിളങ്ങി നിൽക്കുന്ന സമയം, ഞാൻ സൂര്യ ടിവിയിൽ അവതാരകനായിരുന്ന കാലം, ഞാൻ ചാക്കോച്ചന്റെ അഭിമുഖത്തിനെത്തിയതായിരുന്നു," എന്ന കുറിപ്പോടെയാണ് അനൂപ് മേനോൻ പങ്കുവച്ചിരിക്കുന്നത്. 2015 ജൂലൈയിൽ അനൂപ് മേനോൻ പങ്കുവച്ച ചിത്രം ഫേസ്ബുക്ക് മെമ്മറിയിൽ നിന്നും കണ്ടെടുത്ത് പ്രചരിപ്പിക്കുകയാണ് സോഷ്യൽമീഡിയ.
അവതാരകനായി തന്റെ കരിയർ തുടങ്ങിയ അനൂപ് മേനോൻ പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. ശ്യാമപ്രസാദിന്റെ ‘ശമനതാളം’ എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. ‘കാട്ടുചെമ്പകം’ ആയിരുന്നു ആദ്യ സിനിമ. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥകൾ തയ്യാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങിയ അനൂപ് മേനോൻ ഇപ്പോൾ സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ്.
അനൂപ് ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. യാദൃശ്ചികമായാണ് സംവിധായകന്റെ റോൾ അനൂപിനെ തേടിയെത്തുന്നത്. വി.കെ. പ്രകാശായിരുന്നു മുൻപ് ‘കിങ് ഫിഷ്’ സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം കൂടി അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ഒരു മുഴുനീള കഥാപാത്രമായാണ് രഞ്ജിത്ത് ചിത്രത്തിൽ എത്തുന്നത്. ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.
മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും.
Read more: മേക്കപ്പിനൊക്കെയൊരു പരിധിയില്ലേ എന്ന് താരം; ഈ നടനെ മനസിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.