ലോക്ക്‌ഡൗൺ കാലത്തെ വിരസതയകറ്റാനുള്ള തന്ത്രപ്പാടിലാണ് ആളുകളെല്ലാം തന്നെ. ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തിയും ഹോബികൾ പൊടിത്തട്ടിയെടുത്തും കുടുംബാംഗങ്ങൾക്ക് ഒപ്പം സമയം ചെലവഴിച്ചും സമൂഹമാധ്യമങ്ങളിൽ സജീവമായുമൊക്കെ വീട്ടിലിരിപ്പ് ദിവസങ്ങൾക്ക് പ്രസന്നത നൽകാൻ ശ്രമിക്കുകയാണ് ഓരോരുത്തരും. സെലബ്രിറ്റികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

നടൻ അനൂപ് മേനോൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “മേക്കപ്പിനൊക്കെയൊരു പരിധിയില്ലെടേയ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം ചോദിക്കുന്നത്. മുടിയും താടിയുമൊക്കെ നരച്ച് പ്രായമായൊരു ഗെറ്റപ്പിലാണ് താരം ചിത്രങ്ങളിൽ നിറയുന്നത്. ഹാൻസം ഓൾഡ് മാൻ, അപ്പോൾ ഇതാണ് ഒർജിനൽ, മറ്റേത് മേക്കപ്പ് ആണല്ലേ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകൾ.

നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ സംവിധാനത്തിലും കയ്യൊപ്പു ചാർത്താൻ ഒരുങ്ങുകയാണ്. അനൂപ് സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. യാദൃശ്ചികമായാണ് സംവിധായകന്റെ റോൾ അനൂപിനെ തേടിയെത്തുന്നത്. വി.കെ. പ്രകാശായിരുന്നു മുൻപ് ‘കിങ് ഫിഷ്’ സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം കൂടി അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ഒരു മുഴുനീള കഥാപാത്രമായാണ് രഞ്ജിത്ത് ചിത്രത്തിൽ എത്തുന്നത്. ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.

മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും.

Read more: King Fish Video Song: എൻ രാമഴയിൽ ഇതൾ നനയും പനിമലരേ; ‘കിംഗ് ഫിഷി’ലെ ആദ്യ ഗാനമെത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook