scorecardresearch

മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍: അന്ന ബെന്‍ സംസാരിക്കുന്നു

എനിക്കൊരു പരിചയവും ഇല്ലാത്ത ഒരാള് അങ്ങനെ വന്ന് കെട്ടിപ്പിടിച്ച് കരയുന്നതൊക്കെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു

എനിക്കൊരു പരിചയവും ഇല്ലാത്ത ഒരാള് അങ്ങനെ വന്ന് കെട്ടിപ്പിടിച്ച് കരയുന്നതൊക്കെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു

author-image
Dhanya K Vilayil
New Update
Anna Ben, Anna Ben interview, Anna Ben Helen Actress Interview, അന്ന ബെൻ, Helen Malayalam Movie Review, ഹെലന്‍ മൂവി റിവ്യു,Helen Movie Review, Helen Review,ഹെലന്‍, Anna Ben Movie Helen, അന്ന ബെന്‍ ഹെലന്‍,Anna Ben Movie Helen Review, Anna Ben New Movie, ie malayalam

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. 'കുമ്പളങ്ങി നൈറ്റ്സ്' ഇറങ്ങി ഒരു വർഷത്തോടടുക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിൽനിന്നു തനിക്കുനേരെ ഉയരാവുന്ന ബേബി മോളേ എന്നുള്ള സ്നേഹം നിറഞ്ഞൊരു വിളി അന്ന എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

Advertisment

തന്റെ രണ്ടാമത്തെ ചിത്രം 'ഹെലൻ' തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ, മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളും കഥാപാത്രമുയർത്തിയ വെല്ലുവിളികളുമെല്ലാം ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് അന്ന ബെൻ.

"എന്നെ സംബന്ധിച്ച് ഒരുപാട് പുഷ് ചെയ്ത പ്രൊജക്റ്റ്​ ആണ് 'ഹെലൻ'. 'കുമ്പളങ്ങി നൈറ്റ്‌സ്' കഴിഞ്ഞ് 'ഹെലനി'ലെത്തുമ്പോൾ കഥാപാത്രത്തിനായി ഒരുപാട് ഹോം വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു ത്രീ സ്റ്റെപ്പ് ലീപ്പ് എടുക്കേണ്ടി വന്നു. അതിന് എന്നെ സഹായിച്ചത് എന്റെ ടീമാണ്. പ്രീ പ്രൊഡക്ഷൻ ടൈം മുതൽ ടീമിനൊപ്പം ഇരുന്ന് കഥാപാത്രത്തിനെ കുറിച്ച് സംസാരിക്കുകയും ആർട്ടിക്കിൾ വായിക്കുകയും അത്രയും തണുപ്പിൽ എങ്ങനെ പ്രാക്റ്റിക്കലായി കാര്യങ്ങൾ ചെയ്യാം എന്നുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു. ഫ്രീസറിനകത്തെ ഷൂട്ടൊക്കെ എല്ലാവർക്കും പുതിയൊരു കാര്യമായിരുന്നു. ചിത്രത്തിന്റെ ക്യാമറയടക്കമുള്ള ടെക്നിക്കൽ ടീമിനും കുറേ ഹോം വർക്ക് വേണ്ടിവന്നു. ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോഴും ആദ്യത്തെ രണ്ടു ദിവസം വളരെ സ്ലോ ആയിരുന്നു കാര്യങ്ങൾ. ചാർട്ടിനനുസരിച്ച് നീങ്ങുന്നില്ല എന്നൊക്കെ ടെൻഷൻ ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓകെയായി. ടീമൊക്കെ ഉത്സാഹിച്ച് മുന്നോട്ടു വന്നു. തണുപ്പിനകത്ത് ഷൂട്ട് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, എല്ലാവരും ജാക്കറ്റൊക്കെ ഇട്ടായിരുന്നു നിന്നത്. എനിക്കു മാത്രമായിരുന്നു ജാക്കറ്റ് ഇല്ലാതിരുന്നത്," അന്ന പറയുന്നു.

ലാലങ്കിൾ കുടുബാംഗം തന്നെ

Advertisment

സിനിമയിൽ എന്റെ അച്ഛനായി വരുന്നത് ലാലങ്കിൾ ആണ്. ലാലങ്കിൾ ഒരുപാട് സപ്പോർട്ട് ചെയ്തു. അങ്കിളിനൊപ്പമുള്ള അഭിനയത്തിൽ ഞാൻ വളരെ കംഫർട്ടായിരുന്നു. എന്റെ ഫാമിലി മെമ്പർ തന്നെയാണ് ലാലങ്കിൾ. കോമഡിയൊക്കെ പറഞ്ഞ് സെറ്റിൽ കമ്പനിയായിരുന്നു അദ്ദേഹം. ചിത്രത്തിൽ അജുവേട്ടന്റെ റോളും വളരെ വ്യത്യസ്തമാണ്. ആ കഥാപാത്രം ചെയ്തോണ്ടിരുന്നപ്പോൾ തന്നെ ഞങ്ങൾക്കൊരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു."

ആസ്വദിച്ചു ചെയ്താൽ റിസൾട്ട് ഉറപ്പ്

മൊത്തത്തിൽ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു എനിക്ക് 'ഹെലൻ'. ഞാൻ പേഴ്സണലി വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്, നമ്മൾ നന്നായി എൻജോയ് ചെയ്ത് ചെയ്താൽ ആ റിസൾട്ട് സിനിമയിൽ കാണും. അത് കുമ്പളങ്ങിയിലും എനിക്ക് മനസിലായൊരു കാര്യമാണ്. അവരെല്ലാം സിനിമയോട് വളരെ ഇഷ്ടമുളള ആളുകളാണ്. വളരെ ആത്മാർത്ഥമായി ജോലി ചെയ്യുമ്പോൾ അതിനൊരു നല്ല റിസൾട്ടുമുണ്ടാകും എന്നത് സത്യമാണ്.

മൈനസ് അഞ്ച് ഡിഗ്രിയിൽ തണുത്തുവിറച്ച്

ഫ്രീസറിനകത്തെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മിസ്റ്റ് വരണം​ എന്നുണ്ടായിരുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്താൽ ക്ലാരിറ്റി ഉണ്ടാവില്ലെന്നു പറഞ്ഞപ്പോൾ, ഒർജിനലായി ഒരു റൂം ഫ്രീസർ സെറ്റ് ചെയ്യുകയായിരുന്നു. മൈനസ് 3, മൈനസ് 5 ഡിഗ്രിയിലൊക്കെയാണ് ഷൂട്ട് ചെയ്തത്. വളരെ അത്യാവശ്യം വേണ്ട ക്രൂ മാത്രമേ അകത്തുണ്ടായിരുന്നുള്ളൂ. ആളുകൾ കൂടുമ്പോൾ ഫ്രീസറിനകത്തെ ടെമ്പറേച്ചറിൽ വ്യത്യാസം വരും. എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഗിയർ ഒക്കെയിട്ടായിരുന്നു അതിനകത്ത് ഇരുന്നത്. ഗിയറൊന്നും ഇല്ലാത്തത് എനിക്കു മാത്രമായിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, ഡോക്ടറോടൊക്കെ ചോദിച്ച് വേണ്ട നിർദ്ദേശം എടുത്താണ് ഷൂട്ട് ചെയ്ത്. ഫ്രീസറിനകത്ത് 'ഹെലന്റെ' മാത്രമല്ല, എന്റെയും സർവൈവൽ സ്റ്റോറി ആയിരുന്നു.

സഹതാരമായെത്തിയത് എലി

രണ്ട് എലികൾ ഉണ്ടായിരുന്നു ഷൂട്ടിന്. ​ഒരാൾ അൽപ്പം ശാന്തനാണ്, മറ്റേയാൾ നല്ല ആക്റ്റീവും. ഷോട്ട് അനുസരിച്ച് രണ്ടുപേരെയും ഉപയോഗിച്ചിട്ടുണ്ട്. പലരും ചോദിച്ചു, അത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്തതാണോ എന്ന്. അവർ ഒർജിനൽ​ ആണ്. പെറ്റായി വളർത്തുന്ന ടൈപ്പ് എലികളാണ്. അതിപ്പോ രണ്ടാളും ഡയറക്ടേഴ്സിന്റെ പെറ്റാണ്. എനിക്ക് ആദ്യം മുതൽ മൃഗങ്ങളെയൊക്കെ വളരെ ഇഷ്ടമാണ്. അതുകൊണ്ട് അവയെ തൊടാനോ കയ്യിലെടുക്കാനോ ഒന്നും മടിയുണ്ടായിരുന്നില്ല. പ്രീ പ്രൊഡക്ഷൻ ടൈം മുതൽ രണ്ടാളെയും പരിചയമുണ്ട്. ഞങ്ങൾ നല്ല കമ്പനിയായിരുന്നു.

അതെന്റെ ജീവിതത്തിൽ​ ആദ്യമായിരുന്നു

ഹെലന്റെ ഭാഗമായി ഞങ്ങൾ തിയറ്റർ വിസിറ്റ് നടത്തിയിരുന്നു. ചാലക്കുടി പോയപ്പോൾ​ ഒരു ആന്റി വന്ന് എന്റെ കൈ പിടിച്ചു. ഒന്നും പറയാതെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനും ഇമോഷണലായിരുന്നു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല, എനിക്കും കരച്ചിൽ വന്നു. എനിക്കൊരു പരിചയവും ഇല്ലാത്ത ഒരാള് അങ്ങനെ വന്ന് കെട്ടിപ്പിടിച്ച് കരയുന്നതൊക്കെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. ഒരിക്കലും മറക്കില്ല ആ അനുഭവം.

Read more: Helen Movie Review: ഇരച്ചു കയറുന്ന തണുപ്പും ഭീതിയും; ഹെലനെ വിശ്വസിക്കാം, അന്നയെയും

കഥാപാത്രങ്ങളെ കണക്റ്റ് ചെയ്യാൻ പറ്റണം

അധികം പ്രൊജക്റ്റ് ഒന്നും കുമ്പളങ്ങിയ്ക്ക് ശേഷം വന്നിട്ടില്ല. ഡേറ്റ് വരെ റെഡിയായി, എല്ലാം ഓകെ ആയി വന്നൊരു സിനിമയാണ് 'ഹെലൻ'. ഞാൻ ചെയ്ത രണ്ടു കഥാപാത്രങ്ങളും സാധാരണ ആളുകൾക്കും കണക്റ്റ് ചെയ്യാൻ പറ്റുന്ന റിയലായ കഥാപാത്രങ്ങളാണ്. ബേബി കുറച്ചുകൂടി മെച്ച്യൂരിറ്റി കുറഞ്ഞ ഒൺ ഗോയിങ് പെൺകുട്ടിയാണെങ്കിൽ ഹെലൻ കുറച്ചുകൂടി ലക്ഷ്യബോധമുള്ള ആളാണെന്നു മാത്രം. രണ്ടും എനിക്ക് കണക്റ്റ് ചെയ്യാൻ പറ്റിയ കഥാപാത്രങ്ങളാണ്.

ചില കഥാപാത്രങ്ങൾ വെണ്ടെന്നു വച്ചിട്ടുണ്ട്. അതുപക്ഷേ തിരക്കഥയിൽ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല. ഞാൻ എന്നെ ആ കഥാപാത്രത്തിലേക്ക് പ്ലെയ്സ് ചെയ്യുമ്പോൾ, എനിക്കെന്നെ അതിൽ കാണാൻ പറ്റാത്തതുകൊണ്ടോ, എന്നെക്കൊണ്ട് പറ്റില്ല എന്നതുകൊണ്ടോ ആണ്. എന്നേക്കാൾ നന്നായി മറ്റൊരാൾക്ക് ആ കഥാപാത്രത്തെ പ്രസന്റ് ചെയ്യാൻ പറ്റുമെന്ന് തോന്നിയിട്ടുണ്ട്.

ജീവിതത്തിലെ 'വെറവൽ' സിറ്റുവേഷൻ

എനിക്ക് ആളുകളുടെ അടുത്ത് 'വെറവൽ' (വിറയൽ)പരിപാടിയില്ല. എക്സാം ടൈമിൽ ഒക്കെ പണ്ട് ടെൻഷൻ ഉണ്ടായിട്ടുണ്ട്. സ്റ്റേജിലൊക്കെ കയറാൻ ഇഷ്ടമായിരുന്നു, പേടിയേക്കാൾ എപ്പോഴും എക്സൈറ്റ്മെന്റാണ് പൊതുവെ. ചെയ്തു കഴിയുമ്പോഴാണ് പൊതുവെ പേടി. ഒരു സ്റ്റേജിൽ കയറി നിർത്താതെ പ്രസംഗിച്ചൊക്കെ കഴിയുമ്പോഴാണ് ആലോചിക്കുക, ദൈവമേ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും മണ്ടത്തരം ഉണ്ടായിരുന്നോ എന്നൊക്കെ. അപ്പോഴാണ് ടെൻഷൻ.

ബേബി മോൾക്ക് കിട്ടിയ അഭിനന്ദനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്

കുമ്പളങ്ങി കഴിഞ്ഞ സമയത്ത് കുറേ പേർ സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞു. സിനിമ നന്നായിരിക്കും എന്നുറപ്പുണ്ടായിരുന്നു, പക്ഷേ എന്റെ കഥാപാത്രം അത്രയും ശ്രദ്ധിക്കപ്പെടും എന്നു പ്രതീക്ഷിച്ചിരുന്നില്ല. ആളുകൾ നന്നായി എന്നു പറയുമ്പോൾ സത്യത്തിൽ ഞാൻ ബ്ലാങ്ക് ആയിരുന്നു, വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ഏറ്റവും ഹാപ്പിയായത്, പപ്പ സിനിമ കണ്ടപ്പോഴുള്ള റിയാക്ഷൻ കണ്ടിട്ടാണ്. കൊള്ളാം, ഞാൻ വിചാരിച്ചതിലും അടിപൊളിയായിട്ടുണ്ടെന്നാണ് പപ്പ പറഞ്ഞത്.

പുതിയ ചിത്രങ്ങൾ

ദേശീയ പുരസ്കാരജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്യുന്ന 'കപ്പേള'. റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. രഞ്ജൻ പ്രമോദ് സാറിന്റെ ഒരു പ്രൊജക്റ്റും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍?

എനിക്കാദ്യം ഒട്ടും ഇഷ്ടമില്ലായിരുന്നു ഈ മുടി. കെട്ടാനും ചീകിയൊതുക്കാനുമൊക്കെ വല്യ ബുദ്ധിമുട്ടായിരുന്നു. പപ്പയുടെ മുടിയാണ് എനിക്കും അനിയത്തിയ്ക്കും കിട്ടിയിരിക്കുന്നത്, അമ്മയുടേത് സ്ട്രെയിറ്റ് ഹെയർ ആണ്. ഞാനും അനിയത്തിയും എപ്പോഴും പപ്പയോട് പരാതി പറയുമായിരുന്നു, പപ്പ കാരണമാണ് ഞങ്ങൾക്ക് ഈ മുടി കിട്ടിയത് എന്നൊക്കെ. പിന്നെ കോളേജിൽ ഒക്കെ എത്തിയപ്പോഴേക്കും ചുരുണ്ട മുടി ട്രെൻഡ് ആയി തുടങ്ങി. അതോടെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. സിനിമയിലെ കഥാപാത്രത്തിനു വേണ്ടി മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യുമായിരിക്കും. പക്ഷേ പെർമനന്റ് സ്ട്രെയിറ്റനിങ് ചെയ്യില്ല. ഇപ്പോൾ ഈ മുടി ഏറെയിഷ്ടമാണ്.

Read more: ഞാനല്ല, ഇവനാണ് നിങ്ങൾ തിരയുന്ന മാത്തുക്കുട്ടി

Vineeth Sreenivasan Interview Lal Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: