നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നുമുതൽ, ആര് ആർ ജെ മാത്തുക്കുട്ടിയോ എന്ന സംശയമാണ് പ്രേക്ഷകർക്ക്. ഇപ്പോഴിതാ, ആ സംശയം ക്ലിയർ ചെയ്യാനായി ആർ ജെ മാത്തുക്കുട്ടി തന്നെ രംഗത്തെത്തിയിരിക്കുന്നു. ‘ഹെലൻ’ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിനൊപ്പം നിൽക്കുന്ന ചിത്രവും മാത്തുക്കുട്ടി ഷെയർ ചെയ്തിട്ടുണ്ട്.
“ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി. ഹെലന്റെ സംവിധായകൻ. ആശംസകൾ സഹോദരാ… നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ,” എന്ന രസകരമായ കുറിപ്പിനൊപ്പമാണ് മാത്തുക്കുട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഇതിപ്പോ ഏതാണ്ട് കാണാനും ഒരുപോലൊക്കെ ഉണ്ടല്ലോ,’ എന്നാണ് ആരാധകരുടെ കമന്റ്.
മികച്ച പ്രതികരണമാണ് ‘ഹെലന്’ തിയേറ്ററുകളിൽ ലഭിക്കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറാണ് ‘ഹെലൻ’. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി, അമിതമാകാതെ, കൃത്യമായി പറഞ്ഞു പോകുന്ന ചിത്രമാണ് ‘ഹെലന്‍’ എന്നാണ് തിയേറ്റർ റിപ്പോർട്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ ഫെയിം അന്ന ബെൻ നായികയാവുന്ന ചിത്രത്തിൽ ലാൽ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more: Helen Review: ഇരച്ചുകയറുന്ന തണുപ്പും ഭീതിയും; ഹെലനെ വിശ്വസിക്കാം, അന്നയെയും