/indian-express-malayalam/media/media_files/uploads/2020/07/Sushant-Ankta.jpg)
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം സോഷ്യൽ മീഡിയയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു നടിയും അദ്ദേഹത്തിന്റെ മുൻ കാമുകിയുമായ അങ്കിത ലൊഖാൻഡെ. സുശാന്ത് മരിച്ച് കൃത്യം ഒരു മാസം തികയുന്ന ദിവസമായ ജൂലൈ 14നാണ് അങ്കിത സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിയത്. "ദൈവത്തിന്റെ കുഞ്ഞ്" എന്ന അടിക്കുറിപ്പോടെ കത്തിച്ചുവച്ച വിളക്കിന്റെ ചിത്രം അങ്കിത പങ്കുവച്ചിരുന്നു.
ഇന്ന് സുശാന്തിന് വേണ്ടി പ്രാർഥനയോടെ അങ്കിത മറ്റൊരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
"പ്രതീക്ഷ, പ്രാർഥന, കരുത്ത്.... നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക," എന്ന കുറിപ്പോടെ ദൈവത്തിന് മുന്നിൽ കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ചിത്രം അങ്കിത പങ്കുവച്ചു.
View this post on InstagramHOPE,PRAYERS AND STRENGTH !!! Keep smiling wherever you are
A post shared by Ankita Lokhande (@lokhandeankita) on
സുശാന്തിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ചും അങ്കിതയെ കുറിച്ചും സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ് ഏറെ വൈകാരികമായി ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
“അങ്കിത സുശാന്തിന്റെ കാമുകി മാത്രമായിരുന്നില്ല, അവന് നഷ്ടപ്പെട്ട അമ്മ കൂടിയായിരുന്നു. ബോളിവുഡിലെ എന്റെ 20 വർഷത്തെ യാത്രയിൽ അവളെ പോലെ നല്ലൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. മറ്റാർക്കും സാധിക്കാത്തതു പോലെ അവൾ അവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അവൾക്ക് മാത്രമേ അവനെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അവന് വേണ്ടി എല്ലാം അവൾ ശരിയായി ചെയ്തു. അവൾ ഒരുങ്ങുന്നത് പോലും അവന്റെ ഇഷ്ടത്തിനായിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു അങ്കിത പാചകം ചെയ്യാറുള്ളത്. വീടിന്റെ ഇന്റീരിയർ, ആ വീട്ടിലെ പുസ്തകങ്ങൾ എല്ലാം അവന്റെ ഇഷ്ടം അനുസരിച്ച് അവൾ ചെയ്തു. സുശാന്തിന്റെ സന്തോഷത്തിന് വേണ്ടി സാധിക്കാവുന്നതെല്ലാം അവൾ ചെയ്തു. എല്ലാവർക്കും അങ്കിതയെ പോലൊരു പെൺകുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” സ്പോട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്ദീപ് പറഞ്ഞു.
Read More: സുശാന്തുമായി വീണ്ടും ഒന്നിക്കുമോ? ചിരിച്ചു കൊണ്ട് അങ്കിത നൽകിയ മറുപടി
“അവൾ വൈകാരികമായി അവനോട് അത്രയും അടുത്തിരുന്നു. കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. അവളൊരു വലിയ ടെലിവിഷൻ സ്റ്റാറായിരുന്നു. സിനിമയിലേക്കും അവസരങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു. പിരിഞ്ഞ ശേഷവും സുശാന്തിന്റ സന്തോഷത്തിന് വേണ്ടിയും അവന്റെ സിനിമകൾ വിജയിക്കാൻ വേണ്ടിയും അങ്കിത പ്രാർഥിച്ചു. സുശാന്ത് നിർഭാഗ്യകരമായ ആ തീരുമാനമെടുത്ത ദിവസം, അവനെ കണ്ടപ്പോൾ ഞാനാദ്യം ഓർത്തത് അങ്കിതയെ ആയിരുന്നു. എന്റെ ആശങ്ക മുഴുവൻ അവളെ കുറിച്ചായിരുന്നു. അവന്റെ വീട്ടിൽ നിന്ന് ആംബുലൻസിൽ കയറി ആശുപത്രിയിലേക്ക് പോകും വഴി ഞാൻ അങ്കിതയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. അവൾ ഫോണെടുത്തില്ല. അവൾ കടന്നുപോകുന്ന അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഞാൻ നേരെ പോയത് അങ്കിതയുടെ വീട്ടിലേക്കായിരുന്നു. അത്രയും വിഷമത്തോടെ ഒരിക്കലും അവളെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. എനിക്ക് അവളെ 10 വർഷമായി അറിയാം. അവൾ എന്റെ ഹൃദയമാണ്. അവളുടെ സന്തോഷത്തിനായി സാധിക്കുന്നതെല്ലാം ഞാൻ ചെയ്യും,” സന്ദീപ് സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.