ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത്തിന്റെ ആത്മഹത്യയേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നും. അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും മാത്രമാണ് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമെല്ലാം. ‘പവിത്ര റിഷ്ദ’ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ സുശാന്തും അങ്കിതയും പിന്നീട് പ്രണയത്തിലായതും, പ്രണയം തകർന്നതുമെല്ലാം സുശാന്തിന്റെ മരണശേഷം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഈ അവസരത്തിലാണ് ഒരു അഭിമുഖത്തിൽ പ്രണയ തകർച്ചയെ കുറിച്ച് അങ്കിത പറഞ്ഞ വാക്കുകൾ വീണ്ടും പ്രചരിക്കപ്പെടുന്നത്.

Read More: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു

സ്പോട്ട്ബോയ്ക്ക് നൽകിയ അഭിമുഖത്തിൽ അവതരാകൻ അങ്കിതയോട് ചോദിക്കുന്നു. ‘പണ്ട് പ്രണയിച്ചിരുന്നവർക്ക് വീണ്ടും ഒന്നിക്കാൻ പറ്റുമോ’ എന്ന്. “എനിക്കറിയില്ല. അവർക്കിടയിലെ സ്നേഹം അത്രയും ശക്തമാണെങ്കിൽ സാധിക്കുമായിരിക്കും,” അങ്കിതയുടെ മറുപടി. “നിങ്ങളുടെ കേസിലോ?” അവതാരകന്റെ അടുത്ത ചോദ്യം. “എന്റെ കേസോ? എന്റെ എന്തു കേസ്? നിങ്ങൾ എന്തിനെ കുറിച്ചാണ് പറയുന്നത്?” അങ്കിത തിരിച്ചു ചോദിക്കുന്നു. “സുശാന്തിന്റെ കാര്യമാണ് ഞാൻ ചോദിച്ചത്,” അവതാരകന്റെ മറുപടി. പിന്നീട് ചോദ്യത്തിന് അങ്കിതയുടെ ഉത്തരം ഇങ്ങനെ.” ഓ. സുശാന്ത്. ഇല്ല, അതിന് യാതൊരു സാധ്യതയുമില്ല.”

ഇരുവരും 2016ലാണ് ബ്രേക്കപ്പ് ആകുന്നത്. പിന്നീട് 2019ൽ അങ്കിതയുടെ ഒരു ട്വീറ്റിന് സുശാന്ത് കമന്റ് ചെയ്യുകയും അതിന് അങ്കിത മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവതാരകന്റെ ചോദ്യം. അതിന് അങ്കിത നൽകിയ ദീർഘമായ മറുപടി ഇങ്ങനെ.

“അതൊരിക്കലും ഒരു കൂടിച്ചേരലല്ല. അദ്ദേഹം എന്റെ ട്വീറ്റിന് കമന്റ് ചെയ്തപ്പോൾ ഞാൻ മറുപടി നൽകി. അദ്ദേഹത്തിന്റെ ആ മെസേജിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അതിനെ വളരെ പോസിറ്റീവ് ആയി കാണുന്നു. രണ്ടു പേർ ഒരുപക്ഷെ ഒന്നിച്ചായിരിക്കില്ല, പക്ഷെ പരസ്പരം മാന്യമായി പെരുമാറാനാകും. ആ കമന്റിന് ഏതൊരു സാധാരണ വ്യക്തിയേയും പോലെ ഞാൻ മറുപടി നൽകി. ആളുകൾ പറയുന്നതിന് ഞാൻ എന്ത് വിശദീകരണം നൽകാനാണ്. അദ്ദേഹം എനിക്ക് ട്വിറ്ററിലോ ഇൻസ്റ്റയിലോ കമന്റ് ചെയ്താൽ സ്വാഭാവികമായും ഞാൻ മറുപടി നൽകും. അല്ലാതെ ഫോൺ വഴിയുള്ള ബന്ധമൊന്നും ഇല്ല. ഞങ്ങൾക്കിടയിൽ അങ്ങനെ സംസാരിക്കാൻ തക്ക യാതൊന്നും ഇല്ല. ചിലർക്ക് പിരിഞ്ഞതിന് ശേഷവും നല്ല സുഹൃത്തുക്കളാകാൻ സാധിക്കുമായിരിക്കും. മറ്റ് ചിലർക്ക് സാധിക്കില്ല. അത് ആ ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ദീപികയും രൺബീറും എറ്റവും നല്ല ഉദാഹരണമാണ്. അവർ പ്രണയിച്ചിരുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ഇപ്പോൾ അവർ നല്ല സുഹൃത്തുക്കളാണ്.”

പ്രണയ ബന്ധം അവസാനിച്ച സമയത്ത് അത് വളരെ കഠിനമായിരുന്നില്ലേ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടുള്ള അങ്കിതയുടെ മറുപടി ഇങ്ങനെ:
“ആ ഘട്ടം കഴിഞ്ഞു. അതുകൊണ്ട് ഇപ്പോൾ അത് എളുപ്പമാണ്. അത് എളുപ്പമായിരുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook