/indian-express-malayalam/media/media_files/uploads/2019/09/amitabh-bachan-.jpg)
ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചനെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത വിവരം ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും കേട്ടത്. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബിഗ് ബിയെ ഏകകണ്ഠമായിട്ടാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ബിഗ് ബിയ്ക്ക് അനുമോദനങ്ങളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാലോകത്തെ താരങ്ങളും. മമ്മൂട്ടി, മഞ്ജുവാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി നിരവധിയേറെ പേരാണ് ബിഗ് ബിയ്ക്ക് ആശംസകൾ അർപ്പിച്ചിരിക്കുന്നത്. "പ്രിയപ്പെട്ട അമിത്ജി എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങളുടെ കണ്ണിൽ താങ്കൾ ഇതിനു വളരെ മുൻപു തന്നെ ഈ പുരസ്കാരത്തിന് അർഹനായിരുന്നു, ഈ പുരസ്കാരലബ്ധി ഒരുപാട് സന്തോഷം നൽകുന്നു," അമിതാഭ് ബച്ചന് ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
താങ്കളേക്കാൾ ഇതിനർഹനായ മറ്റാരുമില്ലെന്നാണ് മഞ്ജുവാര്യരുടെ വാക്കുകൾ. ഏറ്റവും അർഹിക്കുന്ന പുരസ്കാരമെന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്‍റേയും തേജീ ബച്ചന്‍റേയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്.
1969 മുതല്‍ സിനിമാരംഗത്ത് ബച്ചനുണ്ട്. 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയിലെ ആന്‍ഗ്രി യങ്മാനായി മാറിയ ബച്ചന്‍ സമാനതകളില്ലാത താരമായി മാറി. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്. ഇന്നും പ്രായം തളർത്താത്ത അഭിനയപ്രതിഭ സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ്.
ബച്ചന് അഭിനന്ദനവുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയത്. ബച്ചന്‍ ഈ പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്നാണ് തമിഴ് താരം രജനീകാന്ത് ട്വീറ്റ് ചെയ്ത്. അതിയായ സന്തോഷം തോന്നുന്നുവെന്നും അഭിമാന നിമിഷമാണെന്നും അമിതാഭ് ബച്ചന്റ മകനും നടനുമായി അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു.
Read more: അമിതാഭ് ബച്ചന് ഫാല്‍ക്കെ പുരസ്‌കാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.