/indian-express-malayalam/media/media_files/uploads/2022/09/Alphonse-Puthren-Gold.jpg)
മലയാള സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ഗോൾഡ്. ഓണം റിലീസായി ഗോൾഡ് തിയേറ്ററിലെത്തുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാത്തതിനാൽ റിലീസ് നീട്ടുകയായിരുന്നു. പ്രേമത്തിനു ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ഗോൾഡിൽ പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോൾഡ് എപ്പോൾ എത്തുമെന്ന് ചോദിച്ച ആരാധകന് അൽഫോൺസ് നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"കുറച്ചും കൂടി വർക്ക് തീർക്കാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ചു കളറിംഗ്. കുറച്ച് അറ്റകുറ്റപ്പണികൾ ബാലൻസ് ഉണ്ട്. അതു തീരുമ്പോൾ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററിൽ നിന്നു നിർദ്ദേശിച്ച ഡേറ്റ്. പക്ഷേ അന്ന് വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. റിലീസ് ഡേറ്റ് അനൗൺസ് ചെയ്യാത്തതിൽ സോറി പറയുന്നു," അൽഫോൺസ് പുത്രൻ പറയുന്നു.
/indian-express-malayalam/media/media_files/uploads/2022/09/Alphonse-Puthren.jpg)
പൃഥ്വിരാജ്, നയൻതാര എന്നിവരെ കൂടാതെ അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. താരസമ്പന്നമായ ചിത്രത്തിന്റെ പോസ്റ്റർ ഏറെ വൈറലായിരുന്നു. 'ഇതിപ്പോ ഒരു ഇൻഡസ്ട്രി മൊത്തം ഉണ്ടല്ലോ,' എന്നായിരുന്നു പോസ്റ്റർ കണ്ട സോഷ്യൽ മീഡിയയുടെ കമന്റ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് 'ഗോൾഡ്' നിര്‍മ്മിക്കുന്നത്.
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. അതുകൊണ്ടുതന്നെ, 'പ്രേമം' കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം ഗോൾഡുമായി അല്‍ഫോന്‍സ് എത്തുമ്പോൾ സിനിമാപ്രേമികൾക്കും ആവേശമേറെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.