നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രം അതിന്റെ അവസാനഘട്ട ജോലികളിലാണ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഇപ്പോഴിതാ, ഗോൾഡിനെ കുറിച്ച് അൽഫോൺസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “ഗോൾഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്,” എന്നാണ് അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആറ് വർഷം മുൻപാണ് ‘പ്രേമം’ തിയറ്ററുകളിലെത്തിയത്. സിനിമ തിയറ്ററുകളിൽ വൻ വിജയമായിരുന്നു. നിവിൻ പോളി, സായ് പല്ലവി, മഡോണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2015 ലെ ഏറ്റവും കൂടുതൽ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു. ‘പ്രേമ’ത്തിനു മുൻപ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം ‘നേര’വും തിയേറ്ററുകളിൽ ഹിറ്റായിരുന്നു. രണ്ട് ചിത്രങ്ങളിലും നിവിൻ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
കേരളത്തിലെ വിപണിയെ നല്ല രീതിയില്‍ ഉപയോഗിക്കാനും മലയാളികളുടെ പള്‍സറിയാനും അല്‍ഫോണ്‍സ് പുത്രന് എന്ന സംവിധായകനു രണ്ട് സിനിമകളിലൂടെയും കഴിഞ്ഞു. എടുത്തു പറയത്തക്ക കലാമൂല്യമുള്ളൊരു ചിത്രമല്ലെങ്കിലും, ഏകദേശം 35 വയസുവരെയുള്ള പ്രേക്ഷകരെ പ്രേമം കൈയ്യിലെടുത്തു എന്നു പറയാതെ വയ്യ.