/indian-express-malayalam/media/media_files/uploads/2019/03/twinkle-.jpg)
ഒരു മജീഷ്യന്റെയോ അഭ്യാസിയുടെയോ ഒക്കെ മെയ്‌വഴക്കത്തോടെ തീയിൽ കുളിച്ചു നിൽക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. പക്ഷേ തീയിൽ കുളിച്ച ധീരന് 'വീട്ടിൽ പോവാൻ' ഭീതി സമ്മാനിക്കുകയാണ് ഭാര്യ ട്വിങ്കിൾ ഖന്ന. തീയിലും എന്നെ പേടിപ്പിക്കുന്നത് ഭാര്യയുടെ ട്വീറ്റാണെന്നാണ് അക്ഷയ് കുമാർ പറയുന്നത്.
തന്റെ ആദ്യ വെബ് സീരീസായ 'ദ എൻഡി'ന്റെ ലോഞ്ചിന് എത്തിയതായിരുന്നു താരം. ലോഞ്ചിന്റെ ഭാഗമായി വേദിയെ ആവേശത്തിലാഴ്ത്താൻ തീയിൽ കുളിച്ചാണ് താരം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ സീനുകളോടും സ്റ്റണ്ട് സീനുകളോടുമൊക്കെ അതീവ താൽപ്പര്യമുള്ള താരം 'തീയിൽ കുളിച്ചതു' പോലെ സ്റ്റേജിലെത്തിയപ്പോൾ ഹർഷാരവങ്ങളോടെയാണ് സദസ്സ് അക്ഷയിനെ എതിരേറ്റത്. ലോഞ്ചിന്റെ ചിത്രങ്ങൾ അക്ഷയ് തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. അധികം വൈകാതെ അക്ഷയ് കുമാറിന്റെ ട്വീറ്റിന് മറുട്വീറ്റുമായി ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയും രംഗത്തെത്തി. തീയിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട ഞെട്ടലോടെയായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. 'വീട്ടിലേക്കു വരൂ, ഞാൻ നിങ്ങളെ കൊല്ലാൻ പോവുകയാണ്- തീയിനെ അതിജീവിച്ച് നിങ്ങളെത്തിയാൽ' എന്നായിരുന്നു ട്വിങ്കിളിന്റെ രസകരമായ ട്രോൾ.
Crap! This is how I find out that you decided to set yourself on fire ! Come home and I am going to kill you-in case you do survive this! #GodHelpMehttps://t.co/K7a7IbdvRN
— Twinkle Khanna (@mrsfunnybones) March 5, 2019
ഭാര്യയുടെ ട്വീറ്റ് കണ്ട അക്ഷയ് ഉടനെ തന്നെ മറുപടിയുമായി എത്തി. 'സത്യത്തിൽ ഇപ്പോൾ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ഇതാണെന്ന' കമന്റോടെയായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ് അക്ഷയ് ഷെയർ ചെയ്തത്.
Now that’s something I’d actually be afraid of https://t.co/cqCqXDrbSs
— Akshay Kumar (@akshaykumar) March 5, 2019
അതിസാഹസികമായ സ്റ്റണ്ട് സീനുകൾ ചെയ്യാൻ ഏറെ താൽപ്പര്യമുള്ള ബോളിവുഡ് താരങ്ങളിൽ ഒരാൾ കൂടിയാണ് അക്ഷയ് കുമാർ. ഞാനെന്നെ ഒരു സ്റ്റണ്ട്മാൻ എന്നാണ് ആദ്യം വിളിക്കാൻ ഇഷ്ടപ്പെടുന്നത്, അതിനു ശേഷമേ ആക്റ്റർ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നുള്ളൂ എന്നാണ് അക്ഷയ് കുമാർ പറയുന്നത്.
ധാരാളം ആക്ഷനും സംഘട്ടനങ്ങളുമെല്ലാമുള്ള ഒരു ത്രില്ലർ ചിത്രമാണ് 'ദ എൻഡ്'. മകൻ ആരവ് ആണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുചെല്ലാനുള്ള ആശയം തനിക്ക് നൽകി പ്രചോദനമായതെന്ന് അക്ഷയ് കുമാർ ലോഞ്ചിനിടെ പറഞ്ഞു. "ഡിജിറ്റൽ പ്ലാറ്റ്‌ഫോം എനിക്ക് ഏറെ ആവേശം സമ്മാനിക്കുന്നുണ്ട്. ഈ ഷോയോടെ ഡിജിറ്റൽ സ്ട്രീമിംഗ് ലോകത്തേക്കുള്ള എന്റെ അരങ്ങേറ്റം കുറിക്കുകയാണ്. എക്‌സ്‌ട്രാ ഓഡിനറി ആയ കാര്യങ്ങൾ ചെയ്ത് ഈ മീഡിയത്തിലൂടെ യൂത്തിന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കാൻ ഞാനാഗ്രഹിക്കുന്നു," അക്ഷയ് കുമാർ പറയുന്നു.
അനുരാഗ് സിംഗിന്റെ 'കേസരി'യാണ് റിലീസിന് ഒരുങ്ങുന്ന അക്ഷയ് കുമാർ ചിത്രം. സാരാഗഡി യുദ്ധത്തിൽ പതിനായിരത്തോളം വരുന്ന അഫ്‌ഗാൻ പട്ടാളക്കാരോട് പോരാടിയ ഹൽവിദാർ ഇഷാർ സിംഗ് ആയാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. 1897 ലാണ് പതിനായിരത്തോളം അഫ്‌ഗാൻ പോരാളികളോട് 21 സിക്ക് സൈനികർ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് ‘കേസരി’ പറയുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരൺ ജോഹറുടെ ധർമ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിണീതി ചോപ്രയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും അടുത്തിടെ റിലീസിനെത്തിയിരുന്നു. മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിലെത്തും.
‘പാഡ് മാൻ’, ‘ഗോൾഡ്’, ‘2.0’ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന അക്ഷയ് കുമാർ ചിത്രം കൂടിയാണ് ‘കേസരി’. ‘മംഗൾ മിഷൻ’, ‘ഗുഡ് ന്യൂസ്’, ‘ഹൗസ്‌ഫുൾ 4’, ‘സൂര്യവൻഷി’ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.