ബയോപിക് ചിത്രങ്ങളുടെയും യഥാർത്ഥ ജീവിതകഥകളെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രങ്ങളുമാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബോളിവുഡിലെ ട്രെൻഡ്. ആ ഗണത്തിൽ നിന്നും ഒരു ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. അക്ഷയ് കുമാർ നായകനാകുന്ന ചരിത്രസിനിമ ‘കേസരി’മാർച്ച് 21 ന് റിലീസിനെത്തും. റിലീസിന് മുൻപെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘അവിശ്വസനീയമായ ഒരു സത്യകഥ’ എന്നാണ് ടീസറിൽ ‘കേസരി’ വിശേഷിപ്പിക്കപ്പെടുന്നത്. പെരുമ്പറ മുഴങ്ങുമ്പോൾ യോദ്ധാക്കൾ വാളേന്തി ഓടുന്നതും അവർക്കു മുന്നിൽ വാളേന്തിയ ഒരു മനുഷ്യൻ നിൽക്കുന്നതിന്റെ വിഷ്വലുമൊക്കെയാണ് ടീസറിൽ നിറയുന്നത്.

ചിത്രത്തിലെ പുതിയ രണ്ടു പോസ്റ്ററുകളും അക്ഷയ് കുമാർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘ഇന്ന് എന്റെ ടർബനും രക്തത്തിനും എന്റെ വാക്കുകൾക്കു പോലും കുങ്കുമത്തിന്റെ നിറമാണ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 21 ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും.

സാരാഗഡി യുദ്ധത്തിൽ പതിനായിരത്തോളം വരുന്ന അഫ്‌ഗാൻ പട്ടാളക്കാരോട് പോരാടിയ ഹൽവിദാർ ഇഷാർ സിംഗ് ആയാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. 1897 ലാണ് പതിനായിരത്തോളം അഫ്‌ഗാൻ പോരാളികളോട് 21 സിക്ക് സൈനികർ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് ‘കേസരി’ പറയുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരൺ ജോഹറുടെ ധർമ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിണീതി ചോപ്രയും ചിത്രത്തിലുണ്ട്.

‘പാഡ് മാൻ’, ‘ഗോൾഡ്’, ‘2.0’ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന അക്ഷയ് കുമാർ ചിത്രം കൂടിയാണ് ‘കേസരി’. ‘മംഗൾ മിഷൻ’, ‘ഗുഡ് ന്യൂസ്’, ‘ഹൗസ്‌ഫുൾ 4’, ‘സൂര്യവൻഷി’ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ