/indian-express-malayalam/media/media_files/uploads/2023/08/Akshay-Kumar.jpg)
അക്ഷയ് കുമാർ
ഒടുവിൽ ഇന്ത്യൻ പൗരത്വം നേടി ബോളിവുഡ് താരം അക്ഷയ് കുമാർ. സ്വാതന്ത്ര്യദിനത്തിലാണ് ഈ സന്തോഷവാർത്ത താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 'മനസ്സു പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി' എന്നാണ് ഔദ്യോഗിക സർക്കാർ രേഖകളുടെ ചിത്രം സഹിതം അക്ഷയ് കുറിച്ചത്. മുൻപ് കനേഡിയൻ പൗരനായിരുന്നു താരം. അതിന്റെ പേരിൽ പലപ്പോഴും അക്ഷയ് കുമാറിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നിട്ടുണ്ട്.
2019ൽ ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ താൻ ഉടൻ തന്നെ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുമെന്ന് അക്ഷയ് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന സമ്മിറ്റിൽ തന്റെ അപേക്ഷയുടെ അപ്ഡേറ്റും അക്ഷയ് കുമാർ പങ്കിട്ടിരുന്നു. “കനേഡിയൻ പാസ്‌പോർട്ട് ഉണ്ടെങ്കിലും ഞാൻ ഇന്ത്യക്കാരൻ തന്നെയാണ്. കനേഡിയൻ പാസ്‌പോർട്ട് കിട്ടിയിട്ട് ഒമ്പത് വർഷമായി, എന്നിട്ടും ഞാൻ ഇവിടെയുണ്ട്. ഞാൻ 2019ൽ പറഞ്ഞിരുന്നു, ഞാൻ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചു എന്ന്. അതിനിടയിൽ കോവിഡ് മഹാമാരി സംഭവിച്ചു, എല്ലാം 2-2.5 വർഷത്തേക്ക് അടച്ചുപൂട്ടി. വളരെ വേഗം എന്റെ പുതിയ പാസ്പോർട്ടും വരും."
2011ൽ 44-ാം വയസ്സിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിച്ചത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന അക്ഷയ് ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാറിന്റെ ഇന്ത്യൻ പൗരത്വം നഷ്ടമായി. ഇപ്പോൾ വീണ്ടും തന്റെ ഇന്ത്യൻ പൗരത്വം വീണ്ടെടുത്തിരിക്കുകയാണ് അക്ഷയ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.