ബോളിവുഡിലെയും തമിഴകത്തിലെയും മലയാളത്തിലെയും താരങ്ങൾ ഒന്നിച്ചെത്തിയ ഒരു ഗ്രാൻഡ് വിവാഹത്തിനാണ് കഴിഞ്ഞ ദിവസം ജയ്‌പൂർ സാക്ഷ്യം വഹിച്ചത്. ഏഷ്യാനെറ്റ് ഡയറക്ടർ കെ മാധവന്റെ മകന്റെ രാജസ്ഥാനിൽ വച്ചുനടന്ന വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ മോഹൻലാൽ, അക്ഷയ് കുമാർ, കരൺ ജോഹർ, കമൽഹാസൻ, പൃഥ്വിരാജ്, ആമിർ ഖാൻ, വ്യവസായി എം എ യൂസഫലി തുടങ്ങിയ പ്രമുഖരെല്ലാം എത്തിയിരുന്നു. വിവാഹാഘോഷത്തിനിടയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹൻലാലും അക്ഷയ് കുമാറും ഒന്നിച്ച് ഭാംഗ്ര ഡാൻസ് കളിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയിതാ, പൃഥ്വിയ്ക്ക് ഒപ്പം ഡാൻസ് കളിക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോയും വൈറലാവുകയാണ്.
അക്ഷയ് കുമാറുമായി നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് പൃഥ്വിരാജ്. മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ അതിൽ നായകനായി എത്തിയതും അക്ഷയ് കുമാറാണ്. ‘സെൽഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണപങ്കാളി കൂടിയാണ് പൃഥ്വിരാജ്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ ചിത്രം നിർമ്മിക്കുന്നത്.
അക്ഷയ് കുമാറിനെ നായകനാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ എന്ന ചിത്രത്തിലും പൃഥ്വിയുണ്ട്. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമാണിത്. ജാൻവി കപൂർ നായികയായി എത്തുന്ന ചിത്രത്തിൽ ടൈഗർ ഷ്റോഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.