/indian-express-malayalam/media/media_files/uploads/2020/01/aishwarya-lakshmi.jpg)
സിനിമയെ സ്നേഹിക്കാൻ തുടങ്ങിയ കാലം മുതൽ മണിരത്നം എന്ന സംവിധായകന്റെ ആരാധികയായി മാറിയ ഒരു പെൺകുട്ടിക്ക് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നു. ഐശ്വര്യ ലക്ഷ്മിയെ സംബന്ധിച്ച് അതിൽപ്പരം സന്തോഷം മറ്റൊന്നുമില്ല. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമായാണ് ഐശ്വര്യ കരുതുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും ഓഡിഷന് പോകുമ്പോൾ വല്ലാത്ത ടെൻഷനായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.
"ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോൾ ഉണ്ടായ അതേ ടെൻഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ അനുഭവിച്ച ടെൻഷൻ എനിക്ക് വിവരിക്കാൻ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനിൽ തന്നെ സർ ഓക്കെ പറഞ്ഞു," ഐശ്വര്യ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
സിനിമയുടെ ചിത്രീകരണം തായ്‌ലൻഡിൽ പുരോഗമിക്കുകയാണ്. 2010ൽ പുറത്തിറങ്ങിയ 'രാവൺ' എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായിയും മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പൊന്നിയിൻ സെൽവ'നുണ്ട്. മാത്രമല്ല ചിത്രത്തിൽ ഐശ്വര്യ ഇരട്ട വേഷത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ കൂടി ഇരട്ട വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ഐശ്വര്യാ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മണിരത്നത്തിന്റെ ‘ഇരുവറി’ലൂടെയായിരുന്നു ഐശ്വര്യറായുടെ സിനിമാ അരങ്ങേറ്റം. ‘ഇരുവറി’ൽ കൽപ്പന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റെയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു. ഇപ്പോൾ ഇതാ, 22 വർഷങ്ങൾക്കു ശേഷം തന്റെ ഗുരുവിന്റെ ചിത്രത്തിൽ വീണ്ടും ഇരട്ടവേഷമണിയുകയാണ് ഐശ്വര്യ.
ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, അമല പോൾ, ചിയാൻ വിക്രം, നാസർ, സത്യരാജ്, പാർത്ഥിവൻ, ശരത് കുമാർ, റാഷി ഖന്ന തുടങ്ങി വൻതാരനിര തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.