‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ കൂടി ഇരട്ട വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ഐശ്വര്യാ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിലാണ് ഐശ്വര്യാറായ് ഇരട്ടവേഷത്തിലെത്തുന്നത്.
മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മണിരത്നത്തിന്റെ ‘ഇരുവറി’ലൂടെയായിരുന്നു ഐശ്വര്യറായുടെ സിനിമാ അരങ്ങേറ്റം. ‘ഇരുവറി’ൽ കൽപന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു. ഇപ്പോൾ ഇതാ, 22 വർഷങ്ങൾക്കു ശേഷം തന്റെ ഗുരുവിന്റെ ചിത്രത്തിൽ വീണ്ടും ഇരട്ടവേഷമണിയുകയാണ് ഐശ്വര്യ.
ഡിസംബറിൽ തായ്ലാന്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേത രായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന് മോഹന്‍ ബാബുവാണ് പാഴുവേത രായരെ വിസ്മയമാക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, അമല പോൾ, ചിയാൻ വിക്രം, നാസർ, സത്യരാജ്, പാർത്ഥിവൻ, ശരത് കുമാർ, റാഷി ഖന്ന തുടങ്ങി വൻതാരനിര തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഇരുവർ, ഗുരു, രാവണൻ തുടങ്ങി മണിരത്നവും ഐശ്വര്യയും കൈകോർത്ത മൂന്നു ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മണിരത്നം- ഐശ്വര്യ കൂട്ടുക്കെട്ട് വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.
2007ല്‍ പുറത്തിറങ്ങിയ ‘ഗുരു’ എന്ന ബോളിവുഡ് ചിത്രത്തിൽ ഐശ്വര്യയ്ക്ക് ഒപ്പം അഭിഷേക് ബച്ചന്, മാധവന്, വിദ്യാ ബാലന്, മല്ലിക ഷെരാവത്ത്, മിഥുന് ചക്രവര്‍ത്തി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലയന്‍സിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജീവിതകഥയാണ് ‘ഗുരു’ പറഞ്ഞത്. അതില്‍ ധീരുഭായുടെ ജീവിതസഖിയായാണ് ഐശ്വര്യ വേഷമിട്ടത്.
തമിഴില്‍ ‘രാവണന്’ എന്ന ചിത്രം ഒരുക്കിയിപ്പോഴും ഐശ്വര്യ മണിരത്നത്തിനൊപ്പം പ്രവര്‍ത്തിച്ചു. ചിത്രം ഹിന്ദിയിലും തമിഴിലും പുറത്തിറക്കി. വിക്രം, പൃഥ്വിരാജ്, പ്രിയാമണി, ഐശ്വര്യ എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ അഭിഷേക് ബച്ചന്, ഐശ്വര്യ, വിക്രം, ഗോവിന്ദ, പ്രിയാമണി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
Read more: അതേ കണ്ണ്, അതേ ചുണ്ട്, അതേ ഗ്ലാമര്‍: ഐശ്വര്യ റായ്ക്ക് ഇറാനില്‍ നിന്നും ഒരു ‘അപര’