/indian-express-malayalam/media/media_files/uploads/2021/01/ahaana-krishna.jpg)
തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ആൾ ആവശ്യപ്പെട്ടത് തന്നെ വിവാഹം കഴിക്കണം എന്നാണെന്ന് നടി അഹാന കൃഷ്ണ കുമാർ. രാത്രി മതിൽ ചാടിവന്ന ഇയാൾ വീടിന്റെ വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അയാൾ എത്തുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് വാതിൽ അടയ്ക്കാൻ സാധിച്ചതിനാൽ അപകടമൊന്നും സംഭവിച്ചില്ലെന്നും അഹാന പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോവിഡ് ബാധിതയായതിനാൽ താൻ വീട്ടിൽ ഉണ്ടായിരുന്നെന്നും അഹാന പറയുന്നു. രാത്രി പത്തുമണിക്ക് ഗെയ്റ്റ് ചാടി വന്ന ഇയാൾ പോകാൻ തയ്യാറായില്ലെന്നും വീടിന്റെ വരാന്തയിൽ ഉച്ചത്തിൽ പാട്ടുവച്ച് ഇരിക്കുകയായിരുന്നെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ അഹാന ചൂണ്ടിക്കാട്ടി. തന്റെ ആരാധകനാണെന്നും തന്നെ കാണണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഇയാൾ തന്നെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു.
Read more: അഹാനയെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് അമ്മ; വേഗം അസുഖം മാറി തിരിച്ചുവരൂ എന്ന് കുഞ്ഞനുജത്തി
ഇയാളുടെ ഏതാണെന്നോ അയാളുടെ പേരിന്റെ രണ്ടാം ഭാഗം എന്താണെന്നോ എന്നത് ഇവിടെ വിഷയമില്ലെന്നും, ദയവായി താൻ​ പറയുന്ന അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും പേരിൽ വളച്ചൊടിക്കരുതെന്നും അഹാന അഭ്യർഥിച്ചു.
Read More: കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവം: അഹാനയെ കാണാന്‍ വന്നതെന്ന് പ്രതി
ഇയാൾ ഗെയ്റ്റ് ചാടുന്നത് കണ്ട തന്റെ ഏറ്റവും ചെറിയ അനിയത്തി ഹൻസികയാണ് ഓടിവന്ന് വാതിൽ അടച്ചതെന്ന് അഹാന പറയുന്നു. സാഹചര്യം മനസിലാക്കി വിവേകപൂർവം ഇടപെട്ട അനിയത്തിയെ കുറിച്ച് അഭിമാനമുണ്ടെന്നും താരം കുറിച്ചു.
തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലെ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. വീടിന്റെ ഗേറ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയ യുവാവ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയും രാത്രി ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ഗേറ്റ് ചാടി കടന്ന് പ്രധാന വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കൃഷ്ണകുമാർ. കൃഷ്ണകുമാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയാണ് ഇയാൾ. അഹാനയെ കാണാൻ വന്നതെന്നാണ് ഇയാൾ പറയുന്നത്. ഇയാളുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും പ്രതിയെ ഏറ്റെടുക്കാൻ വീട്ടുകാർ തയ്യാറല്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.