/indian-express-malayalam/media/media_files/uploads/2023/01/thara-kalyan-1.jpg)
കഴിഞ്ഞ സെപ്റ്റംബറിലാണ് നർത്തകിയും നടിയുമായ താര കല്യാണിന് തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നത്. തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ആണ് താര കല്യാൺ വിധേയയായത്. തൈറോയ്ഡ് മുഴകൾ കാരണം ശബ്ദത്തിൽ വ്യതിയാനം വന്നതോടെയാണ് ശസ്ത്രക്രിയയിലേക്ക് പോവുന്നത്. നാലു മാസങ്ങൾക്കിപ്പുറം ശബ്ദം തിരിച്ചുകിട്ടി തുടങ്ങിയെന്ന സന്തോഷം പങ്കുവയ്ക്കുകയാണ് താര. യൂട്യൂബ് വീഡിയോയിലാണ് ശബ്ദത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന വിശേഷം താര പങ്കുവച്ചത്.
"എന്റെ ശബ്ദം കേട്ടോ, ആ വിറയലോക്കെ മാറി വരുന്നില്ലേ? ശബ്ദത്തിൽ പ്രകടമായ നല്ല വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ഉറക്കെ സംസാരിക്കാൻ കഴിയില്ല എന്നേയുള്ളൂ. ഈ ശബ്ദത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ സംസാരിക്കാനാവുന്നുണ്ട് ഇപ്പോൾ," താര പറയുന്നു.
ജീവിതത്തിൽ അപ്രതീക്ഷിതമായി ശബ്ദത്തിന് പ്രയാസം നേരിട്ടപ്പോൾ ഇനിയങ്ങോട്ട് ഇതുപോലെ ആയിരിക്കുമെന്നോർത്ത് പൊരുത്തപ്പെട്ടുവരുമ്പോഴാണ് ശബ്ദം തിരിച്ചുവന്നു തുടങ്ങിയതെന്നും താര കൂട്ടിച്ചേർത്തു. "ഇതെന്റെ ജീവിതത്തിലെ വലിയൊരു സംഭവമാണ്. കാരണം, ഇനിയങ്ങോട്ട് ഇതുപോലെ ഒക്കെ ആയിരിക്കുമെന്ന് കരുതി ഞാൻ പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഒരു വലിയ മാറ്റം ശബ്ദത്തിൽ വന്നത്. അതിന് ഞാനൊരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ആദ്യം നിങ്ങൾക്കാണ് എന്റെ നന്ദി, നമ്മൾ ഏറ്റവും സുരക്ഷിതരായിട്ടിരിക്കുന്നത് മറ്റുള്ളവരുടെ പ്രാർത്ഥനയിലാണ്. നമുക്ക് വേണ്ടി മറ്റൊരാൾ പ്രാർത്ഥിച്ചാൽ അത് ഫലിക്കുമെന്നാണ്. അതുകൊണ്ട് നിങ്ങളോട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട്. ഒപ്പം എന്റെ ഡോക്ടറോടും എനിക്ക് തെറാപ്പി തന്നവരോടും," താര പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.