ബുധനാഴ്ചയായിരുന്നു നർത്തകിയും നടിയുമായ താര കല്യാണിന് തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നത്. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള ചിത്രങ്ങൾ മകൾ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ചതോടെ എന്താണ് താരത്തിന് സംഭവിച്ചതെന്ന ആശങ്കയിലായിരുന്നു ആരാധകരും.
സർജറിയെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചുമൊക്കെ താരകല്യാൺ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ വിജയകരമായി സർജറി പൂർത്തിയായതുവരെയുള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. താരയ്ക്ക് ഒപ്പം മകൾ സൗഭാഗ്യ, ഭർത്താവ് അർജുൻ സോമശേഖർ, പേരക്കുട്ടി സുദർശന, അമ്മ സുബലക്ഷ്മി എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.
തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താര കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൈറോയിഡ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും അമ്മ സുബലക്ഷ്മിയമ്മ വീഡിയോയിൽ പറയുന്നുണ്ട്. സാധാരണ തൈറോയ്ഡ് മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതായി വരുന്നത് മുഴകൾ കാരണം ശ്വാസതടസ്സം, ശബ്ദത്തിന് വ്യതിയാനം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ്.
“ശസ്ത്രക്രിയയുടെ പ്രൊസീജിയറിനെ കുറിച്ച് കേട്ടപ്പോൾ ടെൻഷനുണ്ടെങ്കിലും ഡോക്ടർമാരിലും ദൈവത്തിലും വിശ്വസിച്ച് ഓപ്പറേഷന് തയ്യാറാവുകയാണ്,” വീഡിയോയിൽ താര കല്യാൺ പറയുന്നു.
സർജറിയ്ക്ക് ശേഷമുള്ള ചിത്രങ്ങളും വിഷ്വലുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായ വിശ്രമം എടുത്ത് എത്രയും പെട്ടെന്ന് എല്ലാം ഭേദമായി തിരിച്ചു വരൂ എന്ന ആശംസിക്കുകയാണ് ആരാധകരും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.