/indian-express-malayalam/media/media_files/uploads/2022/08/Meena-Rambha.jpg)
ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന മീനയെ കാണാനായി സൗഹൃദദിനത്തിൽ ഏതാനും കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്.
കൂട്ടുകാരികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ മീന തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും അഭിനയത്തിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയായിരുന്നു മീന.
കൂട്ടുകാരികൾക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ കണ്ട സന്തോഷം കമന്റുകളിൽ ആരാധകരും പങ്കുവയ്ക്കുന്നുണ്ട്. 'എപ്പോഴും ചിരിയോടെ ഇരിക്കൂ, ഞങ്ങളെല്ലാം ഇല്ലേ, സങ്കടപ്പെടാതിരിക്കൂ', 'ഈ ചിരി ഇതുപോലെ കാണാൻ വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിച്ചത്', 'നിങ്ങൾ തിരിച്ചുവരണം' എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
വിദ്യാസാഗറിനെ കുറിച്ച് മീന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. "നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നുപോയി. എന്നേക്കും നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും," എന്നാണ് മീന കുറിച്ചത്.
വിഷമഘട്ടത്തിൽ സ്നേഹവും പ്രാർത്ഥനയുമായി കൂടെ നിന്ന ആരാധകർക്കും സുഹൃത്തുകൾക്കും മീന നന്ദി പറഞ്ഞു.
ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. 'തെരി' എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.