/indian-express-malayalam/media/media_files/uploads/2022/12/praveena.jpg)
സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന ആളെപ്പറ്റി തുറന്നുപറഞ്ഞ് നടി പ്രവീണ. വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഒരു വർഷം മുൻപ് പ്രവീണ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തെ തുടർന്ന് പോലീസ് തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജിനെ അറസ്റ്റു ചെയ്‌തു. ഇയാളുടെ പക്കൽനിന്ന് ഇത്തരത്തിലുള്ള മോർഫ് ചെയ്‌ത മറ്റ് ചിത്രങ്ങളും കണ്ടെടുക്കുകയുണ്ടായി. പിന്നീട് ഭാഗ്യരാജിനെ ജാമ്യത്തിൽ വിടുകയായിരുന്നു.
ഇതിനു മുൻപും പ്രവീണ ഭാഗ്യരാജിനെതിരെ തിരുവനന്തപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി കൂട്ടുകാർക്കും ബന്ധുക്കൾക്കും അയക്കുന്നു എന്നതായിരുന്നു അന്ന് പ്രവീണ നൽകിയ പരാതി. ഇതേ തുടർന്നാണ് ഡൽഹിയിൽ കമ്പ്യൂട്ടർ എഞ്ജിനീയറായ ഭാഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലറങ്ങിയ ഇയാൾ വൈരാഗ്യബുദ്ധിയോടെ തന്റെ മകളുടെ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്യുന്നെന്ന് പ്രവീണ മനോരമ ഓൺലൈനോട് പറഞ്ഞു. മകളും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
"ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ?" പ്രവീണ മനോരമ ഓൺലൈനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.