/indian-express-malayalam/media/media_files/uploads/2020/04/aparna-balamurali.jpg)
ഷൂട്ടിങ് തിരക്കുകളിൽ നിന്നൊക്കെ വിട്ടുമാറി വീട്ടിലിരിക്കാൻ കിട്ടിയ ലോക്ക്ഡൗൺ കാലം അപർണ ബാലമുരളിയെ ഒട്ടും ബോറടിപ്പിക്കുന്നില്ല. പുറത്ത് കറങ്ങി നടക്കുന്നത് പൊതുവേ കുറവായതിനാൽ തന്നെ മുഴുവൻ സമയവും വീട്ടിലിരിക്കുന്നത് അപർണയെ മടുപ്പിക്കുന്നില്ല. പിന്നെ പഴയ ചില ശീലങ്ങൾ തിരിച്ചു പിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അപർണയ്ക്കുണ്ട്. തന്റെ ലോക്ക്ഡൗൺ കാല ജീവിതത്തെ കുറിച്ച് അപർണ ബാലമുരളി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുന്നു.
ലോക്ക്ഡൗണിലെ സമയം ചെലവഴിക്കൽ
ഇപ്പോൾ പാട്ടും ഡാൻസും പ്രാക്ടീസ് ചെയ്യാൻ സമയം ഒരുപാട് കിട്ടുന്നുണ്ട്. 12-ാം ക്ലാസ് വരെ രണ്ടും മുടക്കിയിട്ടില്ല. കോളേജിലായശേഷം ടച്ച് വിട്ടു. സിനിമയിൽ വന്നപ്പോൾ പിന്നെ ഒട്ടും സമയം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് അതിനുളള സമയം കിട്ടുന്നത്. ലോക്ക്ഡൗണിനു തൊട്ടു മുൻപായി ക്ലാസിനു വീണ്ടും പോയി തുടങ്ങിയിരുന്നു. ഇപ്പോൾ കിട്ടുന്ന സമയമൊക്കെ പ്രാക്ടീസിനായി ചെലവഴിക്കുകയാണ്.
ലോക്ക്ഡൗണിൽ മിസ് ചെയ്യുന്നത്
സുഹൃത്തുക്കളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഞാൻ പുറത്തുപോകുന്നത് പൊതുവേ കുറവാണ്. ഷൂട്ട് കഴിഞ്ഞാൽ കൂടുതൽ സമയവും വീട്ടിലാണ്. അതുകൊണ്ട് തന്നെ പുറത്തുപോകാൻ കഴിയാത്തതൊന്നും മിസ് ചെയ്യുന്നില്ല. ഷൂട്ടിങ്ങും മിസ് ചെയ്യുന്നില്ല. സൂര്യയുടെ 'സൂരറൈയ് പോട്ര്' എന്ന സിനിമയുടെ വലിയൊരു ഷൂട്ട് കഴിഞ്ഞിട്ടാണിരിക്കുന്നത്. അതിന്റെ ക്ഷീണമുണ്ട്. ആ സിനിമയ്ക്കായി ഞാനടക്കം എല്ലാവരും കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.
Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്
ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത്
ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യം എന്റെ അടുത്ത ചില സുഹൃത്തുക്കളെ കാണണം. പിന്നെ വളരെ ശാന്തമായി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലത്ത് പോകണം. തൃശ്ശൂരിൽ പുഴയ്ക്കൽ റോഡിൽ ദി ബിഗ് ഫൺ തിയറി എന്ന റസ്റ്ററന്റുണ്ട്. അവിടെ പോകാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ രണ്ടു മൂന്നു തവണ അവിടെ പോയിട്ടുണ്ട്. ചിലപ്പോൾ ലോക്ക്ഡൗൺ കഴിയുമ്പോൾ ഞാനാദ്യം പോകുന്നതും അവിടെയായിരിക്കും. പിന്നെ കോളേജിൽ പോകണം.
വീട്ടിൽ അച്ഛനും അമ്മയും ഞാനുമാണുളളത്. അമ്മൂമ്മയും മുത്തച്ഛനും വീട്ടിൽനിന്നും കുറച്ചകലെയായുളള തറവാട്ടിലാണ് താമസം. അവർ മാത്രമേ അവിടെയുളളൂ. അമ്മ ഭക്ഷണവുമായി ദിവസവും അവിടെ പോകാറുണ്ട്. എല്ലാവരും കൂടി പുറത്തു പോകണ്ട എന്നു കരുതിയാണ് അമ്മ മാത്രം പോകുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ തന്നെ അവരെ പോയി കാണണം.
ലോക്ക്ഡൗൺ പഠിപ്പിച്ച ജീവിത പാഠം
ഒന്നും സ്ഥിരമായി നിൽക്കുന്നതല്ലെന്നും എല്ലാം ടെംപററി ആണെന്നും മനസ്സിലായി. ലോകം മുഴുവൻ നിശ്ചലമായ അവസ്ഥയാണ്. ലോകത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒറ്റയടിക്ക് നിന്നപോലെയായി. നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. വളരെ വികസിതമെന്നു പറയുന്ന രാജ്യങ്ങളിൽ ദിവസവും നിരവധി പേരാണ് മരിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടിനെ തന്നെ അത് മാറ്റിയിട്ടുണ്ട്. യുഎസ്സിലൊക്കെ പോവുക എന്നു പറയുന്നത് നമുക്കൊക്കെ വളരെ ആഗ്രഹമുളള കാര്യമാണ്. പക്ഷേ ഇപ്പോൾ അമേരിക്കയിലേക്കോ ഇറ്റലിയിലേക്കോ പോകണമെന്നു പറഞ്ഞാൽ എല്ലാവരും പേടിക്കും. ഒറ്റ സെക്കൻഡു കൊണ്ട് തന്നെ നമ്മുടെ ചിന്തയൊക്കെ മാറി. മനുഷ്യത്വം എന്താണെന്ന് കുറച്ചുകൂടി ആൾക്കാർ പഠിക്കാൻ തുടങ്ങിയെന്നു തോന്നുന്നു.
/indian-express-malayalam/media/media_files/uploads/2016/12/Aparna-2.jpg)
ലോക്ക്ഡൗൺ ജീവിതത്തിലുണ്ടാക്കിയ മാറ്റം
അച്ഛന്റെയും അമ്മയുടെയും കൂടെ ഞാൻ ഇത്രയധികം സമയം ചെലവഴിച്ചിട്ടില്ല. ഇപ്പോൾ അവർക്കൊപ്പം സമയം ചെലവിടാൻ തുടങ്ങി. പാട്ടും ഡാൻസും പ്രാക്ടീസ് ചെയ്തു തുടങ്ങി. രണ്ടിന്റെയും പ്രാക്ടീസിന് കൂടുതൽ സമയം കൊടുക്കാൻ തുടങ്ങി. ഞാനിതുവരെ ചെയ്യാത്ത കാര്യമായിരുന്നു ഇതൊക്കെ.
Read Also: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’
പാചക പരീക്ഷണം
പാചക പരീക്ഷണമൊന്നുമില്ല. അറിയാവുന്ന സാധനങ്ങൾ ഇടയ്ക്ക് ഉണ്ടാക്കും. കേസരി പോലുളള ചെറിയ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാറുണ്ട്. പിന്നെ അമ്മയാണ് പാചകം കൂടുതൽ. അതിനാൽ തന്നെ പാചകത്തിലേക്ക് അധികം പോയില്ല. പിന്നെ പാചകം ചെയ്ത് പാളിപ്പോയിട്ടൊന്നുമില്ല.
ലോക്ക്ഡൗൺ ഇപ്പോൾ കഴിഞ്ഞാലും എപ്പോഴെങ്കിലും വീണ്ടും വേണോ?
ലോക്ക്ഡൗൺ വല്ലപ്പോഴും വേണമെന്ന് തോന്നുന്നുണ്ട്. എല്ലാം ഒന്ന് സ്ലോ ഡൗൺ ആകുന്നത് നല്ലതാണ്. നമ്മളൊക്കെ ജീവിതത്തിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നമുക്കെന്താണ് മിസ് ചെയ്യുന്നതെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. വീട്ടിലിരിക്കുന്നത് ഞാൻ ഇത്രയധികം ആസ്വദിച്ചത് ഇപ്പോഴാണ്. സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് രണ്ടു ദിവസമൊക്കെ വീട്ടിലിരിക്കുമ്പോൾ ഭയങ്കര മടുപ്പ് തോന്നുമായിരുന്നു. ഇപ്പോൾ വേറെ നിവൃത്തിയില്ല. വീട്ടിൽ തന്നെ ഇരിക്കണം. അതിനെ എത്രത്തോളം ആസ്വദിക്കാൻ പറ്റുമെന്ന് നോക്കുന്നുണ്ട്. പിന്നെ പ്രകൃതിക്ക് ഇത് നല്ലതാണ്. വായുമലിനീകരണം പോലെ പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പലതും ഒഴിവാകും. ലോക്ക്ഡൗൺ വല്ലപ്പോഴുമെങ്കിലും വേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us