/indian-express-malayalam/media/media_files/uploads/2023/08/abhirami-family-photo.jpg)
കുടുംബത്തോടൊപ്പം അഭിരാമി
നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് അഭിരാമി. കഴിഞ്ഞ വർഷമാണ് അഭിരാമിയും ഭർത്താവ് രാഹുലും ഒരു മകളെ ദത്തെടുത്തത്. കൽക്കി എന്നാണ് ദമ്പതികൾ മകൾക്ക് പേരു നൽകിയിരിക്കുന്നത്. മകൾക്കും ഭർത്താവിനുമൊപ്പമുള്ള ഓണചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ.
"എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! എന്റെ ഭർത്താവിനെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്.. അതിലേക്ക് ഒരു കുഞ്ഞിനെയും ഡോഗിനെയും ചേർത്തു വയ്ക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് രസകരമായ ചിത്രങ്ങൾ ലഭിക്കും!" അഭിരാമി കുറിച്ചു.
"രാഹുലും ഞാനും ഇപ്പോൾ പെൺകുഞ്ഞിന്റെ മാതാപിതാക്കളാണെന്നുള്ള സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കൽക്കി എന്നാണ് അവളുടെ പേര്. കഴിഞ്ഞ വർഷമാണ് അവൾ ജീവിതത്തിലേക്ക് വന്നത്, അതിശേഷമുള്ള ഓരോ ദിവസവും മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. ഇന്ന് അമ്മയായതിനു ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷിക്കുകയാണ് ഞാൻ. എല്ലാവരുടെ പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കു വേണം," മാതൃദിനത്തിൽ മകളെ ലോകത്തിനു പരിചയപ്പെടുത്തി അഭിരാമി കുറിച്ചതിങ്ങനെ.
1981 ജൂലൈയിൽ തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തിൽ ഗോപകുമാറിന്റെയും പുഷ്പയുടെയും മകളായിട്ടാണ് അഭിരാമിയുടെ ജനനം. ദിവ്യ ഗോപകുമാർ എന്നാണ് യഥാർത്ഥ പേര്. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലനടിയായിട്ടായിരുന്നു അഭിരാമി തുടക്കം കുറിച്ചത്. പിന്നീട് പത്രം, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമെ രണ്ട് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രങ്ങളിലും അഭിരാമി അഭിനയിച്ചു. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ നായികയായും തമിഴിൽ പ്രഭു, ശരത്കുമാർ, അർജ്ജുൻ എന്നിവരുടെയും നായികയായി അഭിനയിച്ചു. 2004-ൽ കമലഹാസന്റെ വിരുമാണ്ടിയിലും ശ്രദ്ധേയ വേഷം ചെയ്തു.
ഇടക്കാലത്ത് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയിലേക്ക് താമസം മാറ്റി. അമേരിക്കയിലെ ഒഹിയൊയിലെ കോളേജ് ഓഫ് വൂസ്റ്ററിൽ നിന്നും സൈക്കോളജി ആൻഡ് കംമ്യൂണിക്കേഷനിൽ ബിരുദം നേടി. അതിനുശേഷം ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടി.
വിശ്വരൂപം എന്ന കമലഹാസൻ ചിത്രത്തിൽ നായിക പൂജ കുമാറിന് ശബ്ദം കൊടുത്തുകൊണ്ട് 2013-ൽ അഭിരാമി ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചെത്തി. അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിൽ നായികയായി വീണ്ടും മലയാളത്തിലേക്കെത്തി.
സാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന പവനന്റെ മകൻ രാഹുൽ പവനനെയാണ് അഭിരാമി വിവാഹം ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.