ഗൗരി ഖാന്റെയും ഷാരൂഖ് ഖാന്റെയും മകൾ സുഹാന ഖാൻ അടുത്തിടെയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള മേബെലിൻ എന്ന ബ്യൂട്ടി ബ്രാൻഡുമായി കരാർ ഒപ്പിട്ടത്. സുഹാനയുടെ പരസ്യത്തിന്റെ ഹോർഡിംഗ് കണ്ട സന്തോഷം പങ്കിടുകയാണ് അമ്മ ഗൗരി ഖാൻ ഇപ്പോൾ.
“ഓഫീസിൽ നിന്നു നോക്കിയപ്പോൾ ഞാൻ ആരെയാണ് കണ്ടതെന്ന് ഊഹിക്കൂ,” എന്നാണ് ഹോർഡിംഗിന്റെ ചിത്രം ഷെയർ ചെയ്തുകൊണ്ട് ഗൗരി ഖാൻ കുറിച്ചത്.
സുഹാന നേരത്തെ ഇൻസ്റ്റാഗ്രാമിൽ ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നുള്ള ഒരു ദൃശ്യം പങ്കുവെച്ചിരുന്ന. “മേബെലിൻ ന്യൂയോർക്കിന്റെ പുതിയ മുഖമായതിലും ഈ അത്ഭുതപ്പെടുത്തുന്ന സ്ത്രീകൾക്കൊപ്പം സ്പേസ് പങ്കിടുന്നതിലും സന്തോഷമുണ്ട്!” കഴിഞ്ഞ മാസം മുംബൈയിൽ നടന്ന ഇവന്റ് ലോഞ്ചിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സുഹാന പറഞ്ഞു. ” ഈ ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശഭരിതനും സന്തുഷ്ടയുമാണ്.”
സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ പിവി സിന്ധു, എംടിവി സൂപ്പർ മോഡൽ ഓഫ് ദി ഇയർ എക്ഷാ ജെറുങ്, ഗായിക അനന്യ ബിർള എന്നിവരെയും മേബെലിൻ തങ്ങളുടെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചിരുന്നു.
ഷാരൂഖിന്റെ രാജകുമാരിക്ക് ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട് സോഷ്യൽ മീഡിയയിൽ. സുഹാനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 3.8 ദശലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്. സോയ അക്തറിന്റെ ‘ദ ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സുഹാന. ന്യൂയോർക്കിൽ നിന്നും അഭിനയപരിശീലനം നേടിയതിനു ശേഷമാണ് സുഹാന അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെയും ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂറിന്റെയും അഭിനയ അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തിന് ശേഷം, സുഹാനയും അഗസ്ത്യയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു, എന്നാൽ ഇരുവരും അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.