/indian-express-malayalam/media/media_files/uploads/2021/12/rahman-mohanlal.jpg)
താരനിബിഢമായിരുന്നു നടൻ റഹ്മാന്റെ മകളുടെ വിവാഹം. ശോഭന, സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി ലക്ഷ്മി, മേനകാ സുരേഷ്, നദിയ മൊയ്തു അടക്കം ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് എത്തിയത്. മകളുടെ വിവാഹത്തിന് എത്തിയ മോഹൻലാലിന് സ്നേഹം നിറഞ്ഞ വാക്കുകളാൽ നന്ദി പറഞ്ഞിരിക്കുകയാണ് റഹ്മാൻ.
തങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ മോഹൻലാൽ കൂടെ നിന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ റഹ്മാൻ പറയുന്നു. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുകയെന്നും റഹ്മാൻ പറയുന്നു.
റഹ്മാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
എന്റെ പ്രിയപ്പെട്ട ലാലേട്ടന്…
ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ… കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം… അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആർടിപിസിആർ പരിശോധന നടത്തി…
ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി… പ്രിയപ്പെട്ട ലാലേട്ടാ… സുചി… നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി…ഒരായിരം നന്ദി…
സ്നേഹത്തോടെ,
റഹ്മാൻ, മെഹ്റുന്നിസ.
ചെന്നൈയിലെ ഹോട്ടൽ ലീലാ പാലാസിൽ വച്ചായിരുന്നു റഹ്മാന്റെ മകൾ റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബും തമ്മിലുള്ള വിവാഹം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആരോഗ്യ മന്ത്രി സുബ്രമണ്യം ഉൾപ്പടെ രാഷ്ട്രീയ - കലാ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. റഹ്മാന്റെ ആദ്യ ചിത്രമായ 'കൂടെവിടെ' യുടെ നിർമ്മാതാവ് പ്രേം പ്രകാശ്, സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ, സംവിധായകരായ മണിരത്നം, സുന്ദർ. സി, ഭാനു ചന്ദർ, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷറഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധികാ ശരത്കുമാർ, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലൻ, ശ്വേതാ മേനോൻ എന്നിവരും വിവാഹത്തിനെത്തി.
/indian-express-malayalam/media/media_files/uploads/2021/12/Resize_20211210_203501_1384.jpg)
/indian-express-malayalam/media/media_files/uploads/2021/12/lissy-lakshmi.jpg)
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.
Read More: റഹ്മാന്റെ മകളുടെ വിവാഹത്തിന് ഒത്തുകൂടി പ്രിയനായികമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.