/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2022/12/vijayakumari-sandhya-1.jpg)
പാട്രിയാർക്കിയുടെ, പാരമ്പര്യത്തിന്റെ, ആൺ തുടർച്ചയുടെ കഥകളാണ് എക്കാലവും നമ്മുടെ സാഹിത്യവും സിനിമകളും ആഘോഷമാക്കാറുള്ളത്. അച്ഛന്റെ പൈതൃകം കാക്കുന്ന മകൻ- ആ വാർപ്പ് മാതൃകയിലേക്കാണ് ഒരു മകനെ സമൂഹം ചേർത്തുവെക്കുന്നത്. എന്നാൽ അച്ഛനിൽ നിന്നും മകനിലേക്കുള്ള തുടർച്ചയുടെ പാറ്റേണല്ല, അമ്മയിൽ നിന്നും മകളിലേക്ക്… ആൺ തുടർച്ചകളിൽ ശക്തിയോ, അധികാരമോ ഒക്കെ പ്രതിഫലിക്കുമ്പോൾ, അമ്മ- മകൾ തുടർച്ചയിൽ വൈകാരികവും മനഃശാസ്ത്രപരവുമായ തലങ്ങൾ ആണ് പ്രതിഫലിക്കുന്നത്. അമ്മയുടെ ജീവിതം ഒരുവേള മകൾക്കു പാഠപുസ്തകമോ തിരുത്തലുകൾക്കുള്ള ചെക്ക് ലിസ്റ്റോ ആയിതീരാം. തന്നെ പോലെയാവരുത് മകൾ എന്നോ, തനിക്കു എത്തിച്ചേരാൻ ആവാത്തിടത്തു മകൾ എത്തണമെന്നോ ഒക്കെയുള്ള ആഗ്രഹങ്ങളുടെ ചിന്തേരിട്ടാണ് ഓരോ അമ്മമാരും പെൺമക്കളെ വളർത്തുന്നത്. കാരണം, കയ്പ്പ് തിന്നുപോയ അമ്മമാരുടെ മെച്ചപ്പെട്ട ജീവിതമാണ് മകൾ!
മൂന്നു തലമുറയുടെ പ്രതിനിധികളായ സഖാവ് ഭാർഗവി, വിജയകുമാരി, സന്ധ്യ രാജേന്ദ്രൻ എന്നിവരുടെ ജീവിതവും അമ്മ-മകൾ തുടർച്ചകളുടെ മനോഹരമായൊരു കഥയാണ് പറയുന്നത്.
പത്തൊൻപതാം വയസ്സിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് സഖാവ് ഭാർഗ്ഗവി. ഭർത്താവ് മരിക്കുമ്പോൾ മകൾ വിജയകുമാരിയ്ക്ക് ആറുമാസമാണ് പ്രായം. പക്ഷേ ജീവിതത്തിൽ തോറ്റുപോവാൻ ഭാർഗ്ഗവി ഒരുക്കമല്ലായിരുന്നു, സഹോദരങ്ങളുടെ മുന്നിൽ കൈനീട്ടാനും നിന്നില്ല. സ്വന്തം കാലിൽ നിൽക്കണമെന്നും മകളെ വളർത്തണമെന്നും ഭാർഗവി ആഗ്രഹിച്ചു. കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായി. ഒരു സാധാ തൊഴിലാളിയിൽ നിന്നും പതിയ അവിടുത്തെ സ്ത്രീകളുടെ നേതാവായി ഭാർഗ്ഗവി മാറി. ഇടയ്ക്ക് അമ്മ കുഞ്ഞിപ്പെണ്ണിന്റെ നിർബന്ധത്തിനു വഴങ്ങി ഭാർഗവി വീണ്ടും വിവാഹിതയായി, പൊലീസുകാരനായ കൃഷ്ണൻകുട്ടിയായിരുന്നു വരൻ. രണ്ടാം വിവാഹത്തിൽ ഭാർഗവിയ്ക്ക് ഒരു മകൾ കൂടി പിറന്നു, പ്രസന്ന. എന്നാൽ, ഭർത്താവിന് മറ്റൊരു ബന്ധം കൂടിയുണ്ടെന്ന് മനസ്സിലാക്കിയതോടെ ഭാർഗവി പ്രസന്നയേയും എടുത്ത് വീടുവിട്ടിറങ്ങി. പിന്നീട് അമ്മ കുഞ്ഞിപ്പെണ്ണിനും മക്കളായ വിജയകുമാരിയ്ക്കും പ്രസന്നയ്ക്കും വേണ്ടിയായി ഭാർഗവിയുടെ ജീവിതം.
ജീവിതത്തിൽ താൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീയെന്നാണ് സഖാവ് ഭാർഗവിയെ പേരക്കുട്ടിയും നടിയുമായ സന്ധ്യ രാജേന്ദ്രൻ വിശേഷിപ്പിക്കുന്നത്. “അപാരമായ നേതൃത്വശേഷിയുള്ള ആളായിരുന്നു അമ്മൂമ്മ. എല്ലാവർക്കും ഭയവും ആദരവുമൊക്കെയായിരുന്നു അവരോട്. അമ്മൂമ്മ വലിയൊരു കുടുംബത്തിൽ നിന്നുള്ള ആളാണെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. അമ്മാവന്മാരാണ് പിന്നെ വളർത്തിയത്. അന്ന് ഏഴാം ക്ലാസ് പാസായാൽ സ്കൂളിൽ ടീച്ചറാവാം. പക്ഷേ അമ്മാവൻമാർ ആറാം ക്ലാസിൽ വച്ച് അമ്മൂമ്മയുടെ പഠനം നിർത്തി കളഞ്ഞു, ടീച്ചറൊന്നുമായി വീട്ടിലെ ഒരു പെൺകുട്ടി മറ്റുള്ളവരേക്കാൾ മികച്ചു നിൽക്കേണ്ട എന്നോർത്താവാം അവരങ്ങനെയൊരു തീരുമാനം എടുത്തത്."
"വളരെ ചെറുപ്പത്തിലെ അമ്മൂമ്മയുടെ വിവാഹം കഴിഞ്ഞു, എന്നാൽ അധികം വൈകാതെ അമ്മൂമ്മ വിധവയായി. അമ്മാവന്മാരുടെ കാരുണ്യത്തിൽ എല്ലാം സഹിച്ച് ജീവിക്കാൻ ഒന്നും അമ്മൂമ്മയ്ക്ക് പറ്റില്ലായിരുന്നു. ഞാൻ ജോലിയ്ക്കു പോവുന്നു എന്നു അമ്മൂമ്മ പ്രഖ്യാപിച്ചു. അന്ന് കശുവണ്ടി ഫാക്ടറിയിൽ അല്ലാതെ വേറെ എവിടെയും ജോലിയൊന്നും കിട്ടില്ല. വീട്ടുകാർക്കൊന്നും താൽപ്പര്യമില്ലാഞ്ഞിട്ടും അമ്മൂമ്മ ജോലിയ്ക്ക് പോയി അധ്വാനിച്ചു ജീവിച്ചു. സാധാ തൊഴിലാളിയായി ജോലിയ്ക്ക് കയറിയ ആൾ ക്രമേണ അവിടുത്തെ മേസ്തിരിയായി. അമ്മയെ അച്ഛൻ വിവാഹം കഴിച്ചതിനു ശേഷമാണെങ്കിലും ഒരുപാട് ഉത്തരവാദിത്വങ്ങൾ അമ്മൂമ്മ ഏറ്റെടുത്തു. അച്ഛനും അമ്മയും നാടകവുമായി നാടു ചുറ്റുമ്പോഴെല്ലാം ഞങ്ങളെ നന്നായി നോക്കിയത് അമ്മൂമ്മയാണ്. ആ ധൈര്യമൊന്നും ഞങ്ങൾക്കാർക്കും കിട്ടിയിട്ടില്ല. ജീവിതാനുഭവങ്ങൾ കൊടുത്ത ധൈര്യമാണത്.”
/indian-express-malayalam/media/media_files/uploads/2022/11/Vijayakumari.jpg)
“അഅമ്മൂമ്മ കൊണ്ട വെയിൽ അമ്മയ്ക്ക് തണലായി മാറുകയായിരുന്നു. അമ്മൂമ്മ കരുത്തോടെ നിന്നതുകൊണ്ട് അമ്മയ്ക്ക് കുട്ടിക്കാലത്ത് അധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. വിവാഹത്തോടെ അമ്മയുടെ കലാജീവിതത്തിന് പൂർണ പിന്തുണയുമായി അച്ഛനുമെത്തി. 16 വയസ്സോളം പ്രായവ്യത്യാസമുണ്ടായിരുന്നു അച്ഛനും അമ്മയും തമ്മിൽ. കുട്ടിത്തം മാറാത്ത, വളരെ നിഷ്കളങ്കയായ ആളായിരുന്നു അമ്മ. വലിയ സാമർത്ഥ്യമൊന്നുമില്ലാത്തൊരാൾ. അമ്മയെ പറ്റിക്കാൻ എളുപ്പമാണ്. ഒരു ദിവസം ഒരാൾ അമ്മയോട് പൈസ കടം ചോദിച്ചു. അയാൾ കഷ്ടപ്പാടൊക്കെ പറഞ്ഞപ്പോൾ അമ്മ പണമെടുത്തു കൊടുത്തു. ആ പണം തിരിച്ചു കിട്ടാനൊന്നും പോകുന്നില്ല എന്ന് അച്ഛന് അപ്പോൾതന്നെ മനസ്സിലായി. അച്ഛനത് അമ്മയോട് പറയുകയും ചെയ്തു. അമ്മ പക്ഷേ സമ്മതിച്ചില്ല, “ഏയ് അല്ല, ജൂൺ 15ന് അയാൾ പണം തിരിച്ചു തരും.” അങ്ങനെ പറഞ്ഞ ദിവസമൊക്കെ കഴിഞ്ഞു. "ജൂൺ 15 ഒക്കെ കഴിഞ്ഞല്ലോ, എന്തായി അയാൾ വന്നോ?" എന്ന് അച്ഛൻ തിരക്കി. “ഇല്ല. ഇനി സെപ്റ്റംബറിലെ ജൂൺ 15 ആണോ എന്നെനിക്ക് അറിഞ്ഞൂടാ,” എന്നായിരുന്നു അമ്മയുടെ മറുപടി. അങ്ങനെയൊക്കെയാണ് അമ്മ ചിന്തിക്കുക. പക്ഷേ, അതേ അമ്മ സ്റ്റേജിൽ കയറിയാൽ ഉണ്ടല്ലോ, പിന്നെ മറ്റൊരാളാണ്. തകർത്തു അഭിനയിക്കും, ഭിക്ഷക്കാരിയോ, കളക്ടറോ ഏതു വേഷമായാലും ഗംഭീരമാക്കും. അതാണ് അമ്മയ്ക്ക് കിട്ടിയ വരം. തനിക്കു കിട്ടിയ ആ സിദ്ധി വളരെ ഭംഗിയായി ജീവിതത്തിൽ നിർവ്വഹിച്ച വ്യക്തിയാണ് അമ്മ. അമ്മയുടെ കഥാപാത്രങ്ങളിലൂടെയാണ് അമ്മ അറിയപ്പെടുന്നത്,” സന്ധ്യ പറയുന്നു.
“അച്ഛൻ മരിച്ചതിൽ ശേഷമാണ് അമ്മയ്ക്കുള്ളിലെ കരുത്തയായ സ്ത്രീയെ ഞങ്ങൾ കണ്ടത്. അതുവരെ കുട്ടിത്തമുള്ള, അച്ഛന്റെ തണലിൽ മാത്രം നിന്ന ഒരമ്മയെ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ. അച്ഛന്റെ വേർപാടിൽ തളർന്നുപോയ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അമ്മ കരുത്തയായി. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉയർന്നു, നാടകട്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. സഖാവ് ഭാർഗ്ഗവിയുടെ മകൾക്ക് പ്രതിസന്ധികളെ മറികടക്കാൻ ആരും പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് അമ്മ ജീവിതത്തിലൂടെ കാണിച്ചുതന്നു.”
/indian-express-malayalam/media/media_files/uploads/2022/11/vijayakumari-2.jpg)
അമ്മയിലെ കലാകാരിയും അമ്മൂമ്മയിലെ ശക്തയായ സ്ത്രീയും തന്നെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് സന്ധ്യ പറയുന്നു. ചെറുപ്പം മുതൽ തന്നെ ക്രൈസിസ് മാനേജ്മെന്റ് എന്ന കാര്യത്തിലാണ് ജീവിതം തന്നെ പരിശീലിപ്പിച്ചതെന്നും സന്ധ്യ കൂട്ടിച്ചേർത്തു.
"എന്റെ ആദ്യ സ്റ്റേജ് പോലും അനിയത്തിയ്ക്ക് പകരക്കാരിയായിട്ടായിരുന്നു. അനിയത്തി ഉറങ്ങിപ്പോയതുകൊണ്ട് പകരം സ്റ്റേജിൽ കയറി ആ വേഷം ചെയ്താണ് നാടകലോകത്ത് ഞാൻ അരങ്ങേറ്റം കുറിച്ചത്. ജീവിതത്തിൽ ആദ്യം തന്നെ ക്രൈസിസ് മാനേജ്മെന്റായിരുന്നു എനിക്ക് കിട്ടിയത്. അച്ഛൻ മരിക്കുന്നതു വരെ ഇതു തന്നെയായിരുന്നു എന്റെ അവസ്ഥ. ഇടയ്ക്ക് നാടകസ്ഥലത്തുനിന്ന് അച്ഛന്റെ ഫോൺകോള് വരും, റെഡിയായി നിൽക്ക്, വണ്ടിയങ്ങോട്ട് വരുന്നുണ്ട്. അതിനർത്ഥം, ആരോ വന്നിട്ടില്ല, പകരം ഞാൻ കയറി അഭിനയിക്കണം എന്നാണ്. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തും ഇതുപോലെ ഒരു സംഭവമുണ്ടായി. അച്ഛനും സംഘവും തൃശൂരിൽ നാടകം അവതരിപ്പിക്കാൻ പോവുകയാണ്. കരുനാഗപ്പള്ളി എത്തികാണും, അപ്പോഴാണ് നായികയ്ക്ക് വരാൻ പറ്റില്ലെന്ന കാര്യം അറിയുന്നത്. അച്ഛനുടനെ കരുനാഗപ്പള്ളിയിലെ ഒരു പമ്പിൽ കയറി വീട്ടിലേക്ക് ഫോൺ ചെയ്തു, “തങ്കച്ചിയ്ക്ക് ഫോൺ കൊടുക്കൂ”. എന്നെ വീട്ടിൽ വിളിക്കുന്ന പേരാണത്. ഞാൻ ഫോൺ എടുത്തപ്പോൾ ‘കുളിച്ചോ?’ എന്നു ചോദിച്ചു. കുളിച്ചു എന്നു പറഞ്ഞപ്പോൾ, എന്നാൽ ഒരുങ്ങി നിൽക്ക്, വണ്ടി അങ്ങോട്ട് വരും."
“എനിക്ക് പെട്ടെന്ന് ആന്തൽ കയറി, ഏതു വേഷമാണ് അഭിനയിക്കേണ്ടത് എന്നറിയില്ലല്ലോ. കുറച്ചുകഴിഞ്ഞപ്പോൾ വണ്ടി വന്ന് എന്നെ പിക്ക് ചെയ്ത് കരുനാഗപ്പള്ളി എത്തിച്ചു. ഞാൻ നാടകസംഘത്തിന്റെ ബസ്സിലേക്ക് കയറിയുടനെ അച്ഛൻ സ്ക്രിപ്റ്റ് എടുത്തു കയ്യിൽ തന്നു. “തൃശൂർ വരെ സമയമുണ്ട്, ഇരുന്ന് പഠിച്ചോ. ബാക്കി കൂടെ നിൽക്കുന്നവര് അഡ്ജസ്റ്റ് ചെയ്തോളും,” എന്നു പറഞ്ഞു. അച്ഛന്റെ ഒരു പ്രകൃതമായിരുന്നു അത്, അദ്ദേഹത്തിന് ഒന്നിനെയും ഭയമില്ല, എന്ത് പ്രശ്നം വന്നാലും കൂസാതെ നേരിടും. പ്രതിസന്ധികളെ നേരിടാൻ അച്ഛനുള്ള കഴിവ് കണ്ടും കേട്ടുമാണ് ഞങ്ങൾ വളർന്നത്. ഇപ്പോഴും എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഞാൻ വിചാരിക്കും, ‘അങ്ങനെ തളരാൻ പാടില്ലല്ലോ, ഇതിലപ്പുറം വന്നിട്ട് അതിനെ അതിജീവിച്ച ആളുടെ മോളല്ലേ’ എന്ന്. ആപത്ത് എന്നു പറയുന്നതൊക്കെ ഒരു പ്രാവശ്യമേയുള്ളൂ, പിന്നെ വരുന്നതൊക്കെ അതിന്റെ തുടർച്ചയാണ്. ഒരിക്കൽ തരണം ചെയ്യാൻ കഴിഞ്ഞാൽ പിന്നെ മനസ്സിന് താനെ ധൈര്യം കിട്ടികൊണ്ടേയിരിക്കും,” സന്ധ്യ പറയുന്നു.
അഭിനയത്തിൽ സജീവമല്ലെങ്കിലും കലാപ്രവർത്തനങ്ങളുമായി തിരക്കിലാണ് സന്ധ്യ ഇന്ന്. ഒ മാധവൻ തുടങ്ങി വച്ച ‘കൊല്ലം കാളിദാസ കലാകേന്ദ്ര’യുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത് സന്ധ്യയും ഭർത്താവ് രാജേന്ദ്രനുമാണ്, നാടക പ്രവർത്തനത്തിനൊപ്പം തന്നെ കാളിദാസ കലാകേന്ദ്രയ്ക്ക് സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസുമുണ്ട്. കാളിദാസയുടെ കീഴിൽ 59 നാടകങ്ങൾ ഇതുവരെ അരങ്ങേറി കഴിഞ്ഞു, 15 ഓളം സീരിയലുകൾ, 50 ഡോക്യുമെന്ററികൾ, 2 സിനിമകൾ… ഒപ്പം സ്വന്തമായുള്ള ടെലിവിഷൻ സ്റ്റുഡിയോയും അഡ്വൈസിംഗ് ഏജൻസിയും…. എല്ലായിടത്തും സന്ധ്യയുടെ സജീവമായ ഇടപെടലുകളുണ്ട്. ജീവിതം കൊണ്ടും കല കൊണ്ടും സഖാവ് ഭാർഗവിയും വിജയകുമാരിയും തങ്ങളെ അടയാളപ്പെടുത്തുമ്പോൾ, മൾട്ടി ടാസ്കിംഗിന്റെ പര്യായമെന്ന പോലെ കാര്യക്ഷമതയോടെ തന്റെ കർമ്മമണ്ഡലത്തിൽ മുന്നേറുകയാണ് സന്ധ്യ രാജേന്ദ്രൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.