scorecardresearch

ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; നാലു നഗരങ്ങളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനം

ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം

ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം

author-image
Entertainment Desk
New Update
iffk 2020, iffk 2020 date, iffk, international film festival kerala 2020

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നടത്തിപ്പിൽ ഏറെ മാറ്റങ്ങളുമായാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേള സിനിമാപ്രേമികൾക്ക് മുന്നിലേക്ക് എത്തുന്നത്. ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം. ആൾക്കൂട്ടം ഒഴിവാക്കാനും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും നാലു സ്ഥലങ്ങളിലായാണ് ഇത്തവണ മേള നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയേറ്ററുകളിലായി അഞ്ചു ദിവസത്തെ പ്രദര്‍ശനമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

Advertisment

തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും പാലക്കാട്ട് 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമാണ് മേള സംഘടിപ്പിക്കപ്പെടുക. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയേറ്ററില്‍ പ്രവേശനമുണ്ടാവുക. ഐഎഫ്എഫ്‌കെയ്ക്ക് രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ അതതു മേഖലകളില്‍ നടത്തണം. രജിസ്‌ട്രേഷന് അപേക്ഷിക്കുമ്പോൾ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ഒരു ദിവസം ഒരു തിയേറ്ററില്‍ നാലു ചിത്രങ്ങള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവും ആയിരിക്കും ഉണ്ടാവുക.

കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ തന്നെ പ്രതിനിധികള്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.

Advertisment

25 ാമത് ഐ.എഫ്.എഫ്.കെ 2021 ഫെബ്രുവരി മുതൽ

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി...

Posted by A.K Balan on Friday, 1 January 2021

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ഇത്തവണ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി', ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിലെ മറ്റ് ഭാഷകളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തു. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥൽ പുരാൺ (Chronicle of Space)' എന്നിവയാണ് തിരഞ്ഞെടുത്തത്.

സംവിധായകൻ മോഹൻ ചെയർമാനും എസ് കുമാർ, പ്രദീപ് നായർ, പ്രീയ നായർ, ഫാദർ ബെന്നി ബെനഡിക്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് ചെയർമാനും നന്ദിനി രാംനാഥ്, ജയൻ കെ ചെറിയാൻ, പ്രദീപ് കുർബാ, പി വി ഷാജികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സിനിമകൾ തിരഞ്ഞെടുത്തത്.

Read More:"തുറമുഖം" റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക്

മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക - ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൈൽ സ്റ്റോൺ/ മീൽ പത്തർ (ഇവാൻ ഐർ; ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിർ (അരുൺ കാർത്തിക്; തമിഴ്), കുതിരവാൽ (മനോജ് ജാഹ്സൺ, ശ്യാം സുന്ദർ; ഹിന്ദി ), ദ ഡിസിപ്ൾ (ചൈതന്യ തമ്ഹാനെ; മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), പിഗ്/ സേത്തുമാൻ (തമിഴ്; തമിഴ്), പിങ്കി എല്ലി? ( പ്രിഥ്വി കൊനാനൂർ;കന്നഡ), ലൈല ഔർ സാത്ത് ഗീത് (പുഷ്പേന്ദ്ര സിങ്; ഹിന്ദി) എന്നിവയാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read More: 'ട്രാൻസ്' ഉൾപ്പടെ അഞ്ച് മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ

കമൽ, ബീന പോൾ, സിബി മലയിൽ, റസൂൽ പൂക്കുട്ടി, വി കെ ജോസഫ്, സി അജോയ് എന്നിവർ അടങ്ങുന്ന കമ്മിറ്റി ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് ആറ് ചിത്രങ്ങൾ തിര ഞ്ഞെടുത്തു.

1956- മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ; മലയാളം), ബിരിയാണി (സജിൻ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ; മലയാളം), മയാർ ജോൻജാൽ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നിവയാണ് ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: