/indian-express-malayalam/media/media_files/uploads/2022/12/Bhavana-1.jpg)
'നമ്മൾ' എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തിക എന്ന തൃശൂർകാരി പെൺകുട്ടിയുടെ സിനിമ അരങ്ങേറ്റം. കാർത്തിക പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവനയായി. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നി ഭാഷകളിലെല്ലാം അറിയപ്പെടുന്ന നടിയാണ് ഭാവന ഇന്ന്. 20 വർഷം മുൻപ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ഭാവന.
"ഇരുപത് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് ഞാൻ ‘നമ്മൾ’എന്ന മലയാള സിനിമയുടെ സെറ്റിലേക്കു നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത ‘നമ്മൾ’ എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. ഞാൻ 'പരിമളം' (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷ സംസാരിക്കുന്ന ചേരിയിൽ താമസിക്കുന്ന പെൺകുട്ടി! എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാനാ ചിത്രം ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്കു കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അത്തരത്തിലുള്ള നിരവധി വിജയങ്ങൾ, നിരവധി പരാജയങ്ങൾ, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെത്തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയുമാണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു," ഭാവന കുറിച്ചു.
ചിത്രത്തിൽ, ഭാവനയ്ക്ക് ഒപ്പം അച്ഛൻ ബാലചന്ദ്രൻ, സംവിധായകൻ കമൽ, ഛായാഗ്രാഹകൻ സുകുമാർ, ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ എന്നിവരെയും കാണാം. മലയാളികൾക്ക് ഏറെ സുപരിചിതനായ മറ്റൊരാൾ കൂടി ചിത്രത്തിലുണ്ട്, അത് നടൻ ഷൈൻ ടോം ചാക്കോ ആണ്. ഒരു ബസ് യാത്രയ്ക്കാരനായാണ് ഷൈൻ ചിത്രത്തിൽ അഭിനയിച്ചത്. 'നമ്മൾ' ചെയ്യുന്ന കാലത്ത് കമലിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഷൈൻ ടോം ചാക്കോ. നമ്മളിൽ ഒരു ചെറിയ സീനിൽ ഷൈൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.