/indian-express-malayalam/media/media_files/uploads/2021/03/UDF.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. രാവിലെ പതിനൊന്നിന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫിന്റെ മറ്റ് നേതാക്കളും പങ്കെടുത്ത പരിപാടിയിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ പറയുന്നു. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും. 'ന്യായ് പദ്ധതി'യാണ് പ്രകടന പത്രികയിൽ ഏറ്റവും പ്രധാനപ്പെട്ടത്. പാവപ്പെട്ടവർക്ക് മാസം 6,000 രൂപ ലഭിക്കും, വർഷത്തിൽ 72,000 രൂപ. എല്ലാ വെള്ള റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ അരി സൗജന്യം. ശബരിമലയിൽ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
ബെന്നി ബഹനാന്‍ എംപി ചെയര്‍മാനായ പ്രത്യേക സമിതി ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ശേഖരിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പ്രകടന പത്രിക തയാറാക്കിയിരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.
Read Here: എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ വായിക്കാം
വെള്ളിയാഴ്‌ചയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമ പെൻഷൻ 2,500 രൂപയാക്കി ഉയർത്തുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രികയിലുണ്ട്. ജനകീയ വിഷയങ്ങളിലൂന്നിയാണ് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്.
യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ
- ക്ഷേമ പെൻഷൻ കാലാനുസൃതമായി വർധിപ്പിച്ച് 3000 രൂപയാക്കും. ശമ്പള പരിഷ്കരണ കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ പരിഷ്കരണ കമ്മീഷൻ.
- പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ. ഒരു വർഷം 72000 രൂപ സമ്പൂർണ ന്യായ് പദ്ധതി
- ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40 നും 60 നും മധ്യേയുളള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ
- ഇന്ധന സബ്സിഡി നൽകും. ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽനിന്നും ഇന്ധന സബ്സിഡി
- എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം
- കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ
- കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റ്
- അഞ്ചു ലക്ഷം പേർക്ക് വീട്
- കാരുണ്യ ചികിൽസാ പദ്ധതി പുനഃരാരംഭിക്കും
- ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം
- സൗജന്യ റേഷൻ പുനഃസ്ഥാപിക്കും. എല്ലാ വെളളക്കാർഡുകാർക്കും അഞ്ചു കിലോ സൗജന്യ അരി
- വനാവകാശ നിയമം പൂർണമായി നടപ്പിലാക്കും. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കും
- പട്ടികജാതി/വർഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവന നിർമ്മാണ തുക നാലു ലക്ഷത്തിൽനിന്ന് ആറു ലക്ഷം രൂപയാക്കും
ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.