‘ക്ഷേമ പെൻഷൻ 2,500 രൂപയാക്കും’; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക

ജനകീയ വിഷയങ്ങളിലൂന്നിയാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. വമ്പൻ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. ക്ഷേമ പെൻഷൻ 2,500 രൂപയാക്കി ഉയർത്തുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രികയിൽ ഉണ്ട്. ജനകീയ വിഷയങ്ങളിലൂന്നിയാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്.

ക്ഷേമപെൻഷൻ ഘട്ടം ഘട്ടമായി 2,500 രൂപയാക്കും. വീട്ടമ്മമാർക്കും പെൻഷൻ നൽകും. നാൽപ്പത് ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കും. അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നിർമിക്കും. അഭ്യസ്‌തവിദ്യർക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന. കൂടുതല്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്നും ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉറപ്പുണ്ട്.

രണ്ട് ഭാഗങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളുണ്ട്. തുടർഭരണം ഉറപ്പാണെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സെക്രട്ടറിയുമായ എ.വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പ്രകടനപത്രിക പുറത്തിറക്കിയ വേളയിൽ പറഞ്ഞു. 2016 ൽ 600 വാഗ്‌ദാനങ്ങളാണ് എൽഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 580 ഉം നടപ്പാക്കിയെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു.

പ്രകടന പത്രികയുടെ പൂർണരൂപം cpimkerala.org യിൽ ലഭ്യമാണ്.

സുപ്രധാന പ്രഖ്യാപനങ്ങൾ

മുഴുവൻ ആദിവാസികൾക്കും പാർപ്പിടം

സംസ്ഥാനത്തുടനീളം വയോജന സങ്കേതങ്ങൾ

തീരദേശവികസനത്തിന് 5,000 കോടിയുടെ പാക്കേജ്

കാർഷിക വരുമാനം 50 ശതമാനം ഉയർത്തും

അഞ്ചു വര്‍ഷംകൊണ്ട് 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരും

മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍

പ്രവാസി പുനരധിവാസത്തിനു പ്രത്യേക പദ്ധതികൾ

സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും

60,000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്‌പ അനുവദിക്കും

ടൂറിസം വികസനത്തിനു അടങ്കൽ തുക ഇരട്ടിയാക്കും

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും

മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വിൽപ്പനാവകാശം എന്നിവ മത്സ്യതൊഴിലാളികൾക്ക് മാത്രം

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കും

പൊതുവിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം അടുത്ത അഞ്ച് വർഷം കൊണ്ട് 10 ലക്ഷമാക്കി ഉയർത്തും.

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ട് നേരം ഒ.പിയും മരുന്നും ലാബും ഉറപ്പാക്കും

2040 വരെ വെെദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10,000 കോടി രൂപയുടെ ട്രാൻസ്‌ഗ്രിഡ് പദ്ധതി

കൊച്ചി മെട്രോ പൂർത്തീകരിക്കും. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലെെറ്റ് മെട്രോ ആരംഭിക്കും

ട്രാൻസ്‌ജൻഡർ പോളിസി നടപ്പിലാക്കും

കൂടുതൽ ജനകീയ ഹോട്ടലുകൾ, വിശപ്പുരഹിത കേരളം നടപ്പിലാക്കും.

 

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Ldf election manifesto 2021 cpm cpi pinarayi vijayan

Next Story
തൃത്താലയിൽ കണ്ടത് ഇടതുപക്ഷത്തോടൊപ്പമാണെന്ന പ്രഖ്യാപനം: പിണറായി
The moderation of comments is automated and not cleared manually by malayalam.indianexpress.com