/indian-express-malayalam/media/media_files/uploads/2019/03/T-Siddique.jpg)
കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് ഇരട്ടി ആവേശം പകരുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും സിദ്ദിഖ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൂടുതല്‍ സീറ്റ് നേടാന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് സഹായിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് പിന്മാറുന്നത് തനിക്ക് ലഭിച്ച അംഗീകാരമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More: അമേഠിയിൽ ജയിച്ചത് രാഹുൽ, പ്രവർത്തിച്ചത് സ്മൃതി ഇറാനി: മോദി
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിലവില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ ടി. സിദ്ധിഖിനെയാണ് വയനാട് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കാര്യം സിദ്ധിഖിനോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് സിദ്ധിഖ് അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Read More: രാഹുല്‍ ഗാന്ധിയോട് 1 ലക്ഷം വോട്ടിന് തോറ്റ സ്മൃതി ഇറാനി വീണ്ടും ഏറ്റുമുട്ടുന്നു
രാഹുല്‍ കേരളത്തിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കെപിസിസിയുടെ ആഗ്രഹമാണ് രാഹുലിനെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധി വരണമെന്നാണ് ആഗ്രഹം. എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലും വടകരയിലും കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം അറിയാന്‍ വേണ്ടിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതെന്നാണ് സൂചന. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായാല്‍ തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശക്തി കൂടുതല്‍ പ്രകടമാക്കാന്‍ സാധിക്കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.
നിലവിൽ യുപിയിലെ അമേഠിയിൽ നിന്നുള്ള എംപിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2014 ൽ ബിജെപിയുടെ സ്മൃതി ഇറാനിയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. ഇത്തവണയും രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി തന്നെയാണ് എതിരാളി. വയനാട്ടിൽ നിന്ന് കൂടി രാഹുൽ മത്സരിക്കാൻ തയ്യാറായാൽ അത് രണ്ടാം സീറ്റാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.