ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ തിരഞ്ഞെടുപ്പ് റാലികൾ സജീവമാവുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ പാട്നയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച മോദി പിന്നാലെ എത്തിയത് രാഹുൽ ഗാന്ധിയുടെ തന്നെ മണ്ഡലമായ അമേഠിയിലാണ്. രാഹുലിനെ കടന്നാക്രമിക്കാനും പരിഹസിക്കാനുമാണ് നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം ശ്രമിച്ചത്.
ജയിച്ച രാഹുൽ ഗാന്ധിയേക്കാൾ അമേത്തിക്കായി പ്രവർത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്നായിരുന്നു മോദിയുടെ പ്രധാന അവകാശവാദം. പാട്നയിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി സംസാരിച്ചതെങ്കിൽ അമേത്തിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്. എകെ 203തോക്കുകളുടെ ഉൾപ്പടെയുള്ള തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്.
“കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇവിടെ പരാജയപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ ഹൃദയം ഞങ്ങൾ സ്വന്തമാക്കി. മണ്ഡലത്തിന്റെ വികസനത്തിനായി സ്മൃതി ഇറാനി കഠിനാദ്ധ്വാനം ചെയ്തു. അവരെ ജയിപ്പിച്ചോ പരാജയപ്പെടുത്തിയോ എന്ന ചിന്ത നിങ്ങളുടെ മനസിൽ പോലും സൃഷ്ടിക്കാതെയാണ് സ്മൃതി പ്രവർത്തിച്ചത്. ഇവിടെ നിന്ന് ജയിച്ച വ്യക്തിയേക്കാളും മികച്ച രീതിയിലാണ് സ്‌മൃതി ഇറാനി മണ്ഡലത്തിനായി പ്രവർത്തിച്ചത്, ” മോദി പറഞ്ഞു.
ബലാകോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ പ്രതിപക്ഷ സ്വീകരിയ്ക്കുന്ന നിലപാടുകൾ പാക്കിസ്ഥാനെ സന്തോഷിപ്പിക്കാനാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാട്നയിൽ പറഞ്ഞത്. ബിഹാറിലെ പാട്നയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. പ്രസംഗത്തിലുടനീളം വ്യോമാക്രമണത്തെ കുറിച്ചായിരുന്നു മോദി സംസാരിച്ചത്.