/indian-express-malayalam/media/media_files/uploads/2021/03/Shobha-and-Kadakampally-Surendran.jpg)
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ തമ്മിലുള്ള വാക്‌പോര് ചൂടേറിയതാകും. കൊണ്ടും കൊടുത്തും സ്ഥാനാർഥികൾ കളം നിറയുന്ന കാഴ്‌ച ഏറെ ആവേശത്തോടെയാണ് രാഷ്ട്രീയ കേരളവും ഏറ്റെടുക്കാറുള്ളത്. ഇത്തവണ അങ്ങനെയൊരു മണ്ഡലമായിരിക്കുകയാണ് കഴക്കൂട്ടം. ശക്തരായ സ്ഥാനാർഥികളെ കളത്തിലിറക്കിയാണ് മൂന്ന് മുന്നണികളും കഴക്കൂട്ടത്ത് കളംനിറഞ്ഞിരിക്കുന്നത്.
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ, സിപിഎം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ നടത്തിയ പൂതന പ്രയോഗമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്‌ണൻമാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൂതന പ്രയോഗത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് പിന്നീട് ശോഭാ ആവർത്തിക്കുകയും ചെയ്തു.
Read Also: സ്ഥാനാർഥി ദുർബലനായിട്ടല്ല, നേമത്ത് ബിജെപി-കോൺഗ്രസ് വോട്ടുകച്ചവടം നടന്നു: സുരേന്ദ്രൻ പിള്ള
എന്നാൽ, ശോഭയുടെ പൂതന പ്രയോഗത്തോട് കടകംപള്ളി മിതഭാഷയിലാണ് പ്രതികരിച്ചത്. പൂതന പ്രയോഗത്തെ കുറിച്ചുള്ള ചോദ്യത്തിനു 'ജനം വിലയിരുത്തട്ടെ' എന്നായിരുന്നു കടകംപള്ളി മറുപടി നൽകിയത്. താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിൽ വളര്‍ന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി എ ക്ലാസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മണ്ഡലമാണ് കഴക്കൂട്ടം. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്‌ധനാണ് ഡോ.എസ്.എസ്.ലാൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.