/indian-express-malayalam/media/media_files/uploads/2018/09/Ramesh-Chennithala.jpg)
കാസര്‍ഗോഡ്: സംസ്ഥാനത്ത് യഥാർഥത്തില്‍ നടക്കുന്നത് ബിജെപി - സിപിഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ധാരണ മറച്ചുവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നുണപ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല കാസര്‍ഗോഡ് പറഞ്ഞു. സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയതായി കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
Read More: കേരളത്തിൽ യുഡിഎഫ്-ബിജെപി-എസ്‌ഡിപിഐ രഹസ്യ ധാരണയെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. യഥാർഥത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് സിപിഎം - ബിജെപി ധാരണയാണ്. ഇരുവരും ചേര്‍ന്ന് യുഡിഎഫിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യമെന്ന പോലെ കോടിയേരി ബാലകൃഷ്ണന്‍ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. 20 ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാനം ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. സിപിഎം ഓഫീസുകളെല്ലാം ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാതായിരിക്കുന്നു. ഓച്ചിറയിലും ചെര്‍പ്പുളശ്ശേരിയിലും അതാണ് കണ്ടതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.