തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം സീറ്റുകളിൽ ഇടത് സ്ഥാനാർഥികളെ പരാജയപ്പെടുത്താനാണ് ധാരണയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സീറ്റുകളിൽ ബിജെപിയുടെ വോട്ടുകൾ വലിയ തോതിൽ കോൺഗ്രസിന് പോൾ ചെയ്യപ്പെടും. പകരം തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ നിയമസഭയിലെത്തിക്കാനാണ് ധാരണയെന്നും അദ്ദേഹം ആരോപിച്ചു. ദീർഘകാലമായി ഇരു പാർട്ടികളും അവിശുദ്ധ ബന്ധം നിലനിൽക്കുന്നതായി അദ്ദേഹം ആരോപിച്ചു. വടകരയിലെ കോൺഗ്രസ് സ്ഥാനാർഥിയെ ബിജെപിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയും കോഴിക്കോട് ജില്ലാ യുമോർച്ച അധ്യക്ഷനും സ്വാഗതം ചെയ്തത് കോടിയേരി ചൂണ്ടിക്കാട്ടി.

Read: മുസ്ലിം ലീഗ്- എസ്ഡിപിഐ ചര്‍ച്ച: അപകടകരമായ കൂട്ടുകെട്ടെന്ന് കോടിയേരി

കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ അവിശുദ്ധ കൂട്ടുകെട്ട് വളർന്നുവരുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടത് തരംഗം ഉണ്ടാകുമെന്ന് മനസിലാക്കിയാണ് ഈ കൂട്ടുകെട്ടുണ്ടാക്കിയത്. എൻഡിഎ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ആർഎസ്എസാണെന്നും, ഇടതുപക്ഷത്തെ തോൽപ്പിക്കാനുളള വൃത്തികെട്ട നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും ചേർന്നുളള കൂട്ടുകെട്ടാണ്. വടകരയിൽ മുരളീധരൻ വരുന്നത് ആശങ്കയില്ല. കേരളത്തിൽ അഞ്ച് സീറ്റുകളിൽ ബിജെപിയുടെ സ്ഥാനാർഥികൾ ദുർബലരായിരിക്കുമെന്നും ഇക്കാര്യം നാളെ മനസിലാകുമെന്നും കോടിയേരി പറഞ്ഞു.

Read: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ഥി പട്ടികയായി

വടകരയിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികൾ ഉളളത് സിപിഎമ്മിനാണ്. വടകരയിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും രക്തസാക്ഷികൾ ഒന്നുചേർന്നാൽ അത് തന്നെ വിശാലസഖ്യത്തിന്റെ ഭാഗമായതിനാലാണ്. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ജനങ്ങൾ മനസിലാക്കിയാൽ അവിടെ ഇടതുപക്ഷം ജയിക്കും. എന്നാൽ നേമത്തെ ജനങ്ങൾ ഇത് മനസിലാക്കിയില്ല. അതിനാലാണ് ബിജെപി ജയിച്ചത്. ഈ ചതി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് നല്ല മുൻതൂക്കം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് പോകുന്ന എംപിമാരെ ആശ്രയിച്ചല്ല കേന്ദ്രത്തിൽ സർക്കാരുണ്ടാകുന്നതെന്ന് കോടിയേരി പറഞ്ഞു. ഇത്തവണ യുഡിഎഫിന്റെ സ്ഥാനാർഥികൾ ദുർബലരല്ല. ഇക്കുറി ബിജെപി സ്ഥാനാർഥികളാണ് ദുർബലർ. ഡോ.കെസ് രാധാകൃഷ്ണൻ, ടോം വടക്കൻ തുടങ്ങിയവരാണ് മത്സരിക്കാൻ പോകുന്നതെന്നും ഇത് കോൺഗ്രസിനെ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.