/indian-express-malayalam/media/media_files/uploads/2019/12/Pinarayi-Surendran.jpg)
തിരുവനന്തപുരം: അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞുവെന്നും കേരളത്തിലെ അക്കൗണ്ട് ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
"അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയിൽ തന്നെ നടക്കും. ലൗവ് ജിഹാദ് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച ജോസ് കെ.മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു," സുരേന്ദ്രൻ ആരോപിച്ചു.
Read More: നിലമ്പൂർ രാധാ കൊലക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
കഴിഞ്ഞദിവസം കാസർഗോട്ടെ പ്രചാരണത്തിനിടെയാണ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. "ബിജെപി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകും," എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തുള്ളത്. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നതെന്നും പിണറായി വിജയന് പറഞ്ഞിരുന്നു.
കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കര്സേവക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് പ്രതിപക്ഷമാണ്. എൽഡിഎഫിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിർന്ന പൗരന്മാർവരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോക മാതൃകയായി തന്നെ മുന്നോട്ടുപോകാന്‍ കേരളത്തിനായി. ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആര്‍എസ്എസിന്റെ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.