കൊച്ചി: നിലമ്പൂർ രാധാ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവർക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
നിലമ്പൂർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നാണ് കേസ്. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ഒന്നാം പ്രതി ബിജു നായർ. ചുള്ളിയോട് സ്വദേശിയാണ് ഷംസുദീൻ. പ്രതികൾക്ക് യഥാക്രമം 86,000, 41000 രൂപ വീതം പിഴയും വിചാരണ കോടതി വിധിച്ചിരുന്നു.
Read More: പിണറായി മോദിയുടെ അനുസരണക്കുട്ടി, ഇരുവരം ഭായ്-ഭായ് കളിക്കുന്നു: രമേശ് ചെന്നിത്തല
2014-ലാണ്, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന, 49 വയസ്സ് പ്രായമുള്ള, ചിറയ്ക്കൽ വീട്ടിൽ രാധ കൊല്ലപ്പെടുന്നത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം, ഒടുവിൽ ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ സിഐ എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ദീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി.
ബിജുവിന്റെ പരസ്ത്രീ ബന്ധം നേതാക്കളെ അറിയിക്കുമെന്ന് രാധ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ട്. കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച തുടങ്ങിയ വകുപ്പുകളായിരുന്നു വിചാരണ കോടതി പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2049 പേജുള്ള കുറ്റപത്രമാണ് വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നത്.