/indian-express-malayalam/media/media_files/uploads/2021/05/no-left-mla-in-bengal-assembly-after-decades-492057-FI.jpg)
കൊല്‍ക്കത്ത: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് നീങ്ങുമ്പോള്‍ ബംഗാളില്‍ കനത്ത തിരിച്ചടി. സ്വാതന്ത്യത്തിനുശേഷം ആദ്യമായി ബംഗാള്‍ നിയമസഭയില്‍ ഒരു ഇടത് പ്രതിനിധി പോലുമില്ല. എല്‍ഡിഎഫും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേരുന്ന സംയുക്ത മോര്‍ച്ചയ്ക്ക് 294 അംഗ സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രം. കോണ്‍ഗ്രസിന്റെ നേപാല്‍ ചന്ദ്ര മഹാതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖുമാണവർ.
മുപ്പത് വര്‍ഷത്തിലധികം ബംഗാള്‍ ഭരിച്ച ഇടതിന് ഇത് അപ്രതീക്ഷിത തിരിച്ചടിയല്ല. വോട്ട് ധ്രുവീകരണം ഉണ്ടായെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിശദീകരണം. '' പണം ഒഴുക്കിയും കൃത്രിമവും കാണിച്ച് മുന്നേറാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വര്‍ഗീയ ധ്രുവീകരണം ബംഗാളിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം വോട്ട് ധ്രുവീകരണത്തിലേക്ക് മാറി, സംയുക്ത മോര്‍ച്ചയുടെ തോല്‍വി സംഭവിച്ചു,'' മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു.
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
ഞങ്ങളെ പിന്തുണയ്ക്കുന്നവര്‍ ബിജെപി ജയിക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു. അതിനാലാണ് സ്വന്തം സീറ്റുകളില്‍ പോലും തൃണമൂലിനോട് തോല്‍ക്കേണ്ടി വന്നത്. എന്താണെങ്കിലും ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് ബാധിതരെ ഞങ്ങളുടെ വോളന്റിയര്‍മാര്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ കോണ്‍ഗ്രസിന്റെ നേതൃത്വം വഹിക്കുന്ന അധിര്‍ ചൗധരിയും വോട്ട് ധ്രുവീകരണത്തെയാണ് പഴിച്ചത്. മമത ബാനര്‍ജി മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ ഒരു ഭയം വളര്‍ത്തിയെടുത്തു. കോണ്‍ഗ്രസ് മാത്രമാണ് ബിജെപിയുടെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പോരാടുന്നതെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനായി ഒരുപാട് മാറ്റങ്ങളോടെയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിരവധി യുവ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി. ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് ജെഎന്‍യു സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മത്സരിച്ച ജമുരിയ ആയിരുന്നു. മൂന്നാം സ്ഥാനത്തേക്ക് ഐഷി പിന്തള്ളപ്പെട്ടു. 14.82 ശതമാനം വോട്ടാണ് ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.