കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ നാലഞ്ച് മാസത്തിനുള്ളിൽ വീണ്ടും കേട്ടുതുടങ്ങിയ പ്രയോഗമാണ് ഭരണത്തുടർച്ച. ഇന്നത്തെ നിലയിലുള്ള എൽഡിഎഫ്, യുഡിഎഫ് എന്ന നിലയിൽ മുന്നണി സമവാക്യങ്ങൾ ഏതാണ്ട് രൂപ്പപ്പെട്ട 1980കളുടെ തുടക്കത്തിലാണ്. അത് മുതൽ ഇങ്ങോട്ട് കഴിഞ്ഞ നാല് ദശകത്തെ ചരിത്രമെടുത്താൽ ഇതാദ്യമായി കേൾക്കുന്ന വാക്കല്ല. 1986-87 ൽ കേട്ടു. പിന്നെ 1990-91ൽ കേട്ടു. 2010-11ലും 2015-16ലും കേട്ടു. ഇതിൽ 2011ൽ മാത്രമാണ് നേരിയ വ്യത്യാസത്തിൽ തുടർഭരണം നഷ്ടപ്പെട്ടത്ത്. അങ്ങനെയൊരു നേട്ടം അന്നത്തെ വിഎസ് മുഖ്യമന്ത്രിയായിരുന്ന എൽഡിഎഫ് സർക്കാരിനായിരുന്നു. അന്ന് കഷ്ടിച്ച് കേവല ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്.
എന്നാൽ, കേരളത്തിലെ ചരിത്രത്തിൽ മുന്നണികൾക്ക് തുടർച്ചയായി ജയിച്ച് അധികാരത്തിൽ വന്ന ചരിത്രം നേരത്തെയുണ്ട്. പക്ഷേ അത് സാങ്കേതികമായി ഭരണത്തുടർച്ചയായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. അതിന് കാരണം ഒന്നുകിൽ മുഖ്യമന്ത്രിയും പാർട്ടിയും മാറിയിട്ടുണ്ടാകും ഇല്ലെങ്കിൽ ഇടയിലൊരു പ്രസിഡന്റ് ഭരണം കടന്നുവന്നിട്ടുണ്ടാകും. ഐക്യകേരളം രൂപീകരിക്കുന്നതിന് മുമ്പ് പക്ഷേ തിരു-കൊച്ചിയിൽ ഒരേ പാർട്ടി തന്നെ തുടർഭരണം നടത്തിയ ചരിത്രവുമുണ്ട്.
തിരു- കൊച്ചി സർക്കാരിന് 1949 മുതൽ 1954 വരെ നേതൃത്വം നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മൂന്ന് പേരായിരുന്നു. പറവൂർ ടി.കെ.നാരയണപിള്ള, സി.കേശവൻ, എ.ജെ. ജോൺ എന്നിവരായിരുന്നു യഥാക്രമം ആ മൂന്ന് പേർ. ആ ഭരണത്തുടർച്ച പിന്നെ ഉണ്ടായില്ല.
കേരളം രൂപീകരിച്ച ശേഷം വേണമെങ്കിൽ ഭരണത്തുടർച്ച എന്ന് പറയാവുന്നത് സംഭവിക്കുന്നത് 1960കളുടെ അവസാനം മുതലാണ്. സപ്തകക്ഷി മുന്നണിയുടെ തകർച്ചയ്ക്ക് ശേഷം 1969 നവംബർ ഒന്നിന് സി. അച്യുതമേനോൻ മുഖ്യമന്ത്രിയാകുന്നു. രാജ്യസഭാംഗത്വം രാജിവച്ച് വന്ന് മുഖ്യമന്ത്രിയാകുകയായിരന്നു അച്യുതമേനോൻ. കോൺഗ്രസ് പിന്തുണയോടെ സിപി ഐ, ആർഎസ് പി, മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ് എന്നിവരുൾപ്പെടുന്ന ഐക്യമുന്നണിയുടെ മുഖ്യമന്ത്രിയായി. എന്നാൽ മുന്നണിയിലെ പ്രശ്നങ്ങളെത്തുടർന്ന്, മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ ശുപാർശയിൽ ആ നിയമസഭ പിരിച്ചുവിട്ടു.
പിന്നീട് ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ രാഷ്ട്രപതി ഭരണം. അത് കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പിൽ അച്യുതമേനോൻ വീണ്ടും അധികാരത്തിലെത്തി. കോൺഗ്രസ് പിന്തുണയോടെയായിരുന്നു വീണ്ടുമുള്ള തിരിച്ചുവരവ്. ആദ്യമായി കേരളത്തിൽ അഞ്ച് വർഷം തികയ്ക്കുന്ന മന്ത്രിസഭ അതായിരന്നു. 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അച്യുതമേനോൻ സർക്കാർ ഭരണം കാലാവധികഴിഞ്ഞ് വീണ്ടും നീണ്ടു. 1977 മാർച്ച് 25 വരെ അച്യുതമേനോൻ മുഖ്യമന്ത്രിയായി തുടർന്നു.
അച്യുമേനോന് ലഭിച്ച തുടർ ഭരണത്തിന് ശേഷം വീണ്ടും നടന്ന തിരഞ്ഞെടുപ്പ്. അടിയന്തരാവസ്ഥയുടെ നിഴലിലായിരന്നു 1977 ലെ തിരഞ്ഞെടുപ്പ് കേരളത്തിൽ കോൺഗ്രസ് നേതാവ് കെ. കരുണാകരൻ മുഖ്യമന്ത്രിയായി. സി പി ഐ ഉൾപ്പടെ ഘടകകക്ഷികൾ. അതായത് 1977ലെ തുടർഭരണത്തിൽ നേതൃത്വം സിപിഐയക്ക് ലഭിച്ചില്ല. കോൺഗ്രസ് സ്വന്തമാക്കി. എന്നാൽ രാജൻ കേസിൽ കള്ള സത്യവാങ്മൂലം നൽകിയെന്ന പേരിൽ കരുണാകരന് രാജിവെക്കേണ്ടി വന്നു. 1977 ഏപ്രിൽ 27 ന് കരുണാകരൻ രാജിവച്ചു. കോൺഗ്രസിലെ എ. കെ. ആന്റണി മുഖ്യമന്ത്രിയായി. 1978 ഒക്ടോബർ 27 ന് ഇന്ദിരാഗാന്ധിയെ ചിക്കമംഗ്ലൂരിൽ സ്ഥാനാർത്ഥിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആന്റണി രാജിവച്ചു. 1978 ഒക്ടോബർ 29 ന് സിപിഐ നേതാവ് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി. 1979 ഒക്ടോബർ ഏഴിന് പികെവി രാജിവച്ചു. മുസലിംലീഗിലെ സി എച്ച് മുഹമ്മദ് കോയ 1979 ഒക്ടോബർ 12 ന് മുഖ്യമന്ത്രിയായി. 1979 നവംബർ 30 ന് നിയമസഭ പിരിച്ചുവിട്ടു. 1979 ഡിസംബർ അഞ്ച് മുതൽ 1980 ജനുവരി 25 വരെ കേരളം രാഷ്‌ട്രപതി ഭരണത്തിലായി.
1980-ലെ തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ ഇ കെ നായനാർ മുഖ്യമന്ത്രിയായി. അദ്ദേഹം രാജിവച്ചതിനെത്തുടർന്ന് 1981 ഒക്ടോബർ 21 മുതൽ ഡിസംബർ 28 വരെ കേരളം രാഷ്‌ട്രപതി ഭരണത്തിലായി. നിയമസഭ പിരിച്ചു വിട്ടരരുന്നില്ല. 1981 ഡിസംബർ 28-ന് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. സി പി എം നേതൃത്വത്തിലുള്ള എൽ ഡി എഫ് മുന്നണിയിൽ നിന്നും കോൺഗ്രസിലെ ആന്റണി വിഭാഗം, കേരളാ കോൺഗ്രസ് മാണി എന്നിവർ കൂറുമാറി കോൺഗ്രസിനൊപ്പം പോയപ്പോഴാണ് കരുണാകരൻ മന്ത്രിസഭ രൂപീകരിച്ചത്. ആ മന്ത്രിസഭ നിലംപതിച്ചപ്പോൾ കേരളം വീണ്ടും രാഷ്‌ട്രപതി ഭരണത്തിൽ കീഴിലായി; മാർച്ച് 17 മുതൽ മെയ് 24 വരെ. അതിന് ശേഷം വീണ്ടും നടന്ന തിരഞ്ഞടുപ്പിൽ1982-ലെ തിരഞ്ഞെടുപ്പോടെ കെ.കരുണാകരൻ മുഖ്യമന്ത്രിയായി. ഇതാണ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തുടർഭരണ കഥ.
ചുണ്ടിനും കപ്പിനുമിടയിൽ തുടർഭരണം നഷ്ടമായ ചരിത്രവും എൽ ഡി എഫിനുണ്ട്. 2011 ൽ വി എസ് അച്യുതാന്ദൻ സർക്കാർ കഷ്ടിച്ചാണ് തുടർഭരണം നഷ്ടമായത്. അത്തവണ നാല് സീറ്റുകൾ എൽ ഡി എഫിന് നഷ്ടമായത് നിസാര വോട്ടുകൾക്കായിരന്നു. 2011ൽ പാറശാല, പിറവം, മണലൂർ, അഴീക്കോട് എന്നിങ്ങനെ നാല് സീറ്റിൽ എല്ലാം കൂടെ ചേർത്താൽ ഭരണത്തിലിരുന്ന് തിരഞ്ഞെടുപ്പ് നേരിട്ട എൽ ഡി എഫിന് 1636 വോട്ടിന് തോൽവി.
68 സീറ്റ് എൽ ഡി എഫ് നേടിയപ്പോൾ 72 സീറ്റുമായി യു ഡി എഫ് ഭരണം പിടിച്ചെടുത്തു. പിറവം മണ്ഡലത്തിൽ 157 വോട്ടിനാണ് സി പി എമ്മിലെ എം ജെ ജേക്കബ് യു ഡി എഫ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായിരുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) നേതാവ് ടി എം ജേക്കബിനോട് തോറ്റത്. തൃശൂരിലെ മണലൂരിൽ സി പിഎമ്മിലെ ബേബി ജോൺ കോൺഗ്രസിലെ പി എ മാധവനോട് തോറ്റത് 481 വോട്ടിനാണ്. അഴീക്കോട് എം പ്രകാശൻ ലീഗിലെ കെഎം ഷാജിയോട് 493 വോട്ടിനും പാറശാലയില്‍ ആനാവൂർ നാഗപ്പൻ 505 വോട്ടിന് കോൺഗ്രസിലെ എ ടി ജോർജിനോടും തോറ്റപ്പോൾ എൽ ഡി എഫിന് തുടർഭരണം എന്ന സ്വപ്ന കിരീടം വീണുടഞ്ഞു.
ചുരുക്കി പറഞ്ഞാൽ അടിയന്തരാവസ്ഥ കാലത്ത് ഒന്നരവർഷം നീട്ടിക്കിട്ടിയത് അല്ലാതെ സാങ്കേതികമായ അർത്ഥത്തിൽ തുടർഭരണം എന്നൊന്ന് കേരളത്തിൽ ഉണ്ടായിട്ടില്ല എന്നും വാദിക്കാം. വ്യഖ്യാനങ്ങളും വാദങ്ങളുമെന്തായാലും കേരളത്തിലെ ഭരണ ചരിത്രം ഇങ്ങനെയാണ്.